rbi

കൊച്ചി: കൊവിഡിൽ തളർന്ന സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുകയറ്റത്തിന് തടയിടുന്ന നാണയപ്പെരുപ്പത്തെ പൂട്ടാനാണ് അപ്രതീക്ഷിതമായി റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ കൂട്ടിയത്.

റീട്ടെയിൽ നാണയപ്പെരുപ്പം 2-6 ശതമാനത്തിനുള്ളിൽ നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്നിരിക്കേ, കഴിഞ്ഞ മൂന്നുമാസവും ഇത് 6 ശതമാനത്തിനുമേൽ മുന്നേറി. മാർച്ചിലേത് 17-മാസത്തെ ഉയരമായ 6.95 ശതമാനം. ഈ പശ്ചാത്തലത്തിലാണ് ഇന്നലെ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആറംഗ ധനനയ നിർണയസമിതി (എം.പി.സി) പലിശനിരക്ക് കൂട്ടിയത്.

മുൻനിശ്‌ചയിച്ച തീയതിക്കുപകരം അപ്രതീക്ഷിതമായി യോഗം ചേരുകയായിരുന്നു. ആറുപേരും പലിശനിരക്ക് കൂട്ടാനും സമ്പദ്‌വളർച്ചയ്ക്ക് പിന്തുണയേകുന്ന 'അക്കൊമഡേറ്റീവ്" നിലപാട് തുടരാനും ഐകകണ്ഠ്യേന തീരുമാനിച്ചു. ഷെഡ്യൂൾ പ്രകാരമുള്ള അടുത്ത എം.പി.സി യോഗം ജൂൺ 6 മുതൽ എട്ടുവരെയാണ്.

പുതുക്കിയ നിരക്കുകൾ

 റിപ്പോ നിരക്ക് : 4.40%

 റിവേഴ്‌സ് റിപ്പോ : 3.35%

 എസ്.ഡി.എഫ് : 4.15%

 എം.എസ്.എഫ് : 4.65%

 സി.ആർ.ആർ : 4.50%

അധികപ്പണം നിയന്ത്രിക്കും

അസംസ്കൃതവസ്തുക്കളുടെ ദൗർലഭ്യവും ഉയർന്നവിലയും, വിതരണശൃംഖലയിലെ തടസങ്ങൾ, ബാരലിന് 100 ഡോളർ കടന്ന ക്രൂഡ് വില എന്നിവ നാണയപ്പെരുപ്പം കൂടാനിടയാക്കി. പരിധിവിട്ടുയർന്ന നാണയപ്പെരുപ്പം തടയാനാണ് റിപ്പോനിരക്ക് കൂട്ടിയത്. പൊതുവിപണിയിലെ അധികപ്പണം നിയന്ത്രിച്ച് നാണയപ്പെരുപ്പം ചെറുക്കുകയാണ് ലക്ഷ്യം.

കൊവിഡിലെ ഇളവ് പൊലിഞ്ഞു

2018 ആഗസ്‌റ്റിലാണ് റിസർവ് ബാങ്ക് ഇതിനുമുമ്പ് റിപ്പോനിരക്ക് കൂട്ടിയത്. കൊവിഡിനിടെ 2020 മേയ് 22ന് അസാധാരണ യോഗത്തിലൂടെ റിപ്പോനിരക്ക് 0.40 ശതമാനം കുറച്ച് എക്കാലത്തെയും താഴ്‌ചയായ 4 ശതമാനമാക്കി. തുടർന്നുള്ള 11 യോഗങ്ങളിൽ പലിശയിൽ തൊട്ടില്ല. ഇന്നലെ റിപ്പോ 0.40 ശതമാനം വർദ്ധിപ്പിച്ചതോടെ കൊവിഡിൽ ലഭിച്ച ഇളവും അസ്തമിച്ചു.

ബോണ്ട് യീൽഡിൽ കുതിപ്പ്

റിപ്പോനിരക്ക് ഉയർന്നതിന്റെ ചുവടുപിടിച്ച് 10-വർഷ ബോണ്ട് യീൽഡ് (കടപ്പത്രങ്ങളിൽ നിന്നുള്ള റിട്ടേൺ/നേട്ടം) 7.42 ശതമാനത്തിലെത്തി. 2019ന് ശേഷമുള്ള ഏറ്റവും ഉയരമാണിത്.

കൂപ്പുകുത്തി ഓഹരി

റിസർവ് ബാങ്ക് ഒറ്റയടിക്ക് റിപ്പോനിരക്ക് 0.40 ശതമാനം കൂട്ടിയത് നിക്ഷേപകരെ അമ്പരിപ്പിച്ചു. ഒരുവേള 55,501വരെ ഇടിഞ്ഞ സെൻസെക്‌സ് വ്യാപാരാന്ത്യം 1,306 പോയിന്റ് തളർന്ന് 55,669ലാണുള്ളത്. നിഫ്‌റ്റി 391 പോയിന്റിടിഞ്ഞ് 16,667ലും.

 3-4 ശതമാനം ഇടിഞ്ഞ ബാങ്കിംഗ്, ധനകാര്യ ഓഹരികളാണ് തളർച്ചയ്ക്ക് ആക്കം കൂട്ടിയത്.

 ഡോളറിനെതിരെ രൂപയുള്ളത് 10 പൈസയുടെ നേട്ടവുമായി 76.42ൽ.

₹6.27 ലക്ഷം കോടി

സെൻസെക്‌സിന്റെ മൂല്യത്തിൽ നിന്ന് ഇന്നലെ കൊഴിഞ്ഞത് 6.27 ലക്ഷം കോടി രൂപ. 259.60 ലക്ഷം കോടി രൂപയാണ് ഇപ്പോൾ മൂല്യം.

0.50%

അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് മുഖ്യപലിശനിരക്ക് 0.50 ശതമാനം കൂട്ടുമെന്ന സൂചനകൾക്കിടെയാണ് റിസർവ് ബാങ്ക് റിപ്പോനിരക്ക് ഉയർത്തിയത്.

''സമ്പദ്‌വളർച്ച സുഗമമാക്കാൻ നാണയപ്പെരുപ്പം പിടിച്ചുനിറുത്തേണ്ടത് അനിവാര്യമാണ്. ഇതുലക്ഷ്യമിട്ടാണ് പലിശനിരക്ക് ഉയർത്തിയത്""

ശക്തികാന്ത ദാസ്,

ഗവർണർ, റിസർവ് ബാങ്ക്