kk

കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ. ഇത്ക സംബന്ധിച്ച റിപ്പോർട്ട് കമ്മിഷണർ ആർ. ഇളങ്കോ ഡി ഐ ജി രാഹുൽ ആർ. നായർക്ക് കൈമാറി. അർജുൻ ആയങ്കി സ്ഥിരം കുറ്റവാളിയെന്നാണ് പൊലീസ് റിപ്പോർട്ട്. ഉത്തരവ് ഇറങ്ങിയാൽ ആയങ്കിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാനാകില്ല.

നേരത്തെ സമൂഹമാദ്ധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്നു എന്നുകാണിച്ച് ആയങ്കിക്കെതിരെ ഡി.വൈ.എഫ്.ഐ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കാപ്പ ശുപാർശ .

.

അർജ്ജുൻ ആയങ്കി ഉൾപ്പെടുന്ന സ്വർണക്കടത്ത് കേസിലെ പ്രതികൾ ക്രിമിനലുകളാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. അർജ്ജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗം പോലുമല്ല. പാർട്ടി അംഗങ്ങളാണെന്ന് വരുത്തി തീർക്കാൻ സോഷ്യൽമീഡിയയിലൂടെ ശ്രമിച്ചു, ഇത് ശ്രദ്ധയിൽപ്പെട്ടയുടനെ പരസ്യമായി സംഘടന അവരെ തള്ളിയെന്നും എസ് സതീഷ് പറഞ്ഞിരുന്നു.

കരിപ്പൂരിലെ ക്വട്ടേഷൻ കേസിൽ കഴിഞ്ഞ വർഷം കസ്റ്റംസിന്റെ പിടിയിലായ അർജുൻ ആയങ്കി ഇപ്പോൾ ജാമ്യത്തിൽ കഴിയുകയാണ്. ആദ്യ ശുപാർശയിൽ കൂടുതൽ വ്യക്തവരുത്താൻ ഡി.ഐ.ജി ആവശ്യപ്പെട്ടപ്രകാരം വളപട്ടണം സ്റ്റേഷൻ പരിധിയിലെ ക്രിമനൽ കേസും സ്വർണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങളുടെ വിശദാംശങ്ങളും ചേർത്തുള്ള റിപ്പോർട്ടാണ് ഇന്ന് സമ‍ർപ്പിച്ചത്. 2021 ജൂൺ 28 നാണ് അ‍ർജുൻ ആയങ്കിയെ കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഓ​ഗസ്റ്റ് 31ന് അർജുൻ ആയങ്കിക്ക് കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.