apple

കൊവിഡ് കാലത്ത് രോഗവ്യാപനം തടയാൻ ആവിഷ്‌കരിച്ച മാർഗമാണ് വർക് ഫ്രം ഹോം. വീട്ടിലിരുന്ന് തന്നെ ജീവനക്കാർക്ക് ജോലി ചെയ്യാനുള‌ള ഈ തൊഴിൽ സമ്പ്രദായം പല വൻകിട കമ്പനികൾക്കും വലിയ ലാഭങ്ങൾ ഉണ്ടാക്കിക്കൊടുത്തു. എന്നാൽ കൊവിഡ് പല തരംഗങ്ങൾക്ക് ശേഷം ഇപ്പോൾ മിക്ക രാജ്യങ്ങളിലും വർക് ഫ്രം ഹോം അവസാനിപ്പിച്ച് ഓഫീസ് ജോലികൾക്ക് ജീവനക്കാരെ നിർബന്ധിക്കുന്നുണ്ട്.

ആപ്പിൾ കമ്പനി സിഇഒ ടിം കുക്ക് ഇത്തരത്തിൽ ജീവനക്കാർ ഓഫീസിൽ വന്ന് ജോലി ചെയ്യണം എന്ന പക്ഷക്കാരനാണ്. ആഴ്‌ചയിൽ മൂന്ന് ദിവസമെങ്കിലും ജീവനക്കാർ ഓഫീസിൽ വരണമെന്നാണ് ടിം നിഷ്‌കർഷിക്കുന്നത്. ഇതിനായി ജീവനക്കാരെ ആകർഷിക്കാൻ പരമാവധി പദ്ധതികളും പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ കമ്പനിയിലെ ബഹുഭൂരിപക്ഷം ജീവനക്കാരും ഓഫീസിലിരുന്ന് ജോലി ചെയ്യുന്നതിനെ എതിർക്കുകയാണ്. ഏതാണ്ട് 76 ശതമാനം ജീവനക്കാർക്കും ടിം കുക്കിന്റെ നിബന്ധന സ്വീകാര്യമല്ല. മേയ് 23 മുതലാണ് ഇത്തരത്തിൽ ജീവനക്കാരോട് ഓഫീസിലെത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത്തരത്തിൽ നിർബന്ധമായും ജോലിക്കെത്തണം എന്ന് പറയുന്ന ആപ്പിളിൽ നിന്നും ജോലി രാജിവച്ചുപോകണം എന്നാണ് മിക്ക ജീവനക്കാരുടെയും താൽപര്യം. പകരം അൽപംകൂടി തൊഴിൽ സ്വാതന്ത്ര്യം നൽകുന്ന കമ്പനിയിൽ ജോലിനോക്കാം എന്നാണവർ കരുതുന്നത്. ഏതാണ്ട് 56 ശതമാനം ജീവനക്കാരും ഇങ്ങനെ കരുതുന്നു. കഴിഞ്ഞ ഡിസംബറിൽ അറ്റ്ലാന്റയിലെ ആപ്പിൾ സ്‌റ്റോറിലെ നിത്യവേതനക്കാരായ തൊഴിലാളികൾ വേതനവർദ്ധനയ്‌ക്കും കൂടുതൽ ആനുകൂല്യങ്ങൾക്കും വേണ്ടി യൂണിയൻ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ആപ്പിളിൽ മാത്രമല്ല ടെക് ഭീമൻമാരായ ഗൂഗിളിലും ഇതുതന്നെയാണ് അവസ്ഥ. ഓഫീസിൽ വരാൻ ജീവനക്കാർക്ക് സൗജന്യ ഇലക്‌ട്രിക് സ്‌കൂട്ടറാണ് കമ്പനി നൽകാൻ താൽപര്യപ്പെടുന്നത്. ഉനഗി എന്ന ഇ സ്‌കൂട്ടർ കമ്പനിയുമായി ചേർന്ന് റൈഡ് സ്‌കൂട്ട് പ്രോഗ്രാം വഴിയാണ് ഇത്തരത്തിൽ ജീവനക്കാരെ ഓഫീസിലെത്തിക്കാൻ ഗൂഗിൾ ശ്രമിക്കുന്നത്. 990 ഡോളർ (75000രൂപ) വിലവരുന്ന മോഡൽ വൺ സ്‌കൂട്ടറാണ് കമ്പനി നൽകുന്നത്.