
ലക്‌നൗ: കൂട്ടബലാൽസംഗത്തിനിരയായ പതിമൂന്നുകാരിയെ പൊലീസ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തി ബന്ധുവിന്റെ സാന്നിദ്ധ്യത്തിൽ ബലാൽസംഗം ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥനെ അറസ്‌റ്റ് ചെയ്‌തു. ഉത്തർ പ്രദേശിലെ ലളിത്പൂരിലാണ് സംഭവം. കുട്ടിയെ അമ്മായിയുടെ സാന്നിദ്ധ്യത്തിലാണ് തന്റെ മുറിക്കുളളിൽ കൊണ്ടുപോയി എസ്‌എച്ച്‌ഒ തിലക്‌ധാരി സരോജ് പീഡിപ്പിച്ചത്. കുട്ടിയെ ഇതിനുശേഷം പൊലീസ് ഒരു എൻജിഒയ്‌ക്ക് കൈമാറി. ഇവരോട് കുട്ടി വിവരം അറിയിച്ചതോടെയാണ് പീഡനവിവരം പുറത്തായത്. ഇതോടെ പൊലീസ് ഉദ്യോഗസ്ഥൻ ഒളിവിൽ പോയി.
എസ്‌എച്ച്‌ഒയ്‌ക്കൊപ്പം അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും ഡ്യൂട്ടിയിൽ നിന്നും നീക്കിയിട്ടുണ്ട്. ഡിഐജി റാങ്കുളള ഉദ്യോഗസ്ഥൻ സംഭവം അന്വേഷിക്കും. കഴിഞ്ഞ ഏപ്രിൽ 22ന് നാല് പേർ ചേർന്ന് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ഭോപ്പാലിലേക്ക് കൊണ്ടുപോവുകയും നാല് ദിവസത്തോളം അവിടെവച്ച് പീഡിപ്പിക്കുകയും ചെയ്തതായി കുട്ടിയുടെ പിതാവ് നൽകിയ പരാതി നൽകിയിരുന്നു. തുടർന്ന് പ്രതികൾ പെൺകുട്ടിയെ തിരികെ നാട്ടിൽ എത്തിക്കുകയും പൊലീസ് സ്റ്റേഷന്റെ മുന്നിൽ ഉപേക്ഷിച്ച് കടന്നു കളയുകയും ചെയ്യുകയായിരുന്നു.
തുടർന്ന് എസ് എച്ച് ഒയായ തിലക്ധാരി സരോജ് കുട്ടിയുടെ അമ്മായിയെ വിളിച്ചുവരുത്തി പെൺകുട്ടിയെ കൈമാറാനും പിറ്റേദിവസം സ്റ്റേറ്റ്‌മെന്റ് നൽകാൻ സ്റ്റേഷനിൽ എത്താൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ ഇവർ വിവരങ്ങൾ കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. ഇതേത്തുടർന്ന് പിറ്റേദിവസം അമ്മായിയോടൊപ്പം സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയെ എസ് എച്ച് ഒ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു. കുട്ടിയെ സ്‌റ്റേഷനിലെത്തിച്ച അമ്മായിയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
പെൺകുട്ടിയെ പീഡിപ്പിച്ച ആദ്യ കേസിൽ മൂന്ന് പേർ പിടിയിലായിരുന്നു.