match

പൂനെ: ഐപിഎൽ 2022 സീസണിലെ 49ാം മത്സരത്തിൽ ചെന്നൈ സൂപ്പർകിംഗ്‌സിനെ 13 റൺസിന് പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ളൂർ പ്ളേ ഓഫ് സാദ്ധ്യത നിലനിർത്തി. മൊയീൻ അലിയുടെയും ജഡേജയുടെയുമടക്കം നിർണായകമായ മൂന്ന് ചെന്നൈ വിക്കറ്റുകൾ വീഴ്‌ത്തിയ ഹർഷൽ പട്ടേലാണ് കളിയിലെ താരം. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ചെന്നൈയ്‌ക്ക് ബാംഗ്ളൂരിന്റെ ആദ്യ വിക്കറ്റ് ലഭിക്കാൻ എട്ടാമത് ഓവർ വരെ കാത്തിരിക്കേണ്ടി വന്നു. ഓപ്പണ‌ർമാരായ നായകൻ ഫാഫ് ഡു പ്ളെസി(38), വിരാട് കൊഹ്‌ലി (30) എന്നിവർ കരുതലോടെയാണ് തുടങ്ങിയത്.

ടീം സ്‌കോർ 68ൽ നിൽക്കെ ഡുപ്ളെസി മൊയിൻ അലിയുടെ പന്തിൽ പുറത്തായി. പിന്നാലെ വന്ന മാക്‌സ്‌വെൽ വെറും മൂന്ന് റൺസ് നേടി പുറത്തായി. പിന്നാലെ കൊഹ്‌ലിയും മടങ്ങി. ഇതോടെ 79ന് മൂന്ന് എന്ന നിലയിൽ ആർസി‌ബി പരുങ്ങി. എന്നാൽ തുടർന്ന് മഹിപാൽ ലൊമ്‌റോറും രജത് പാട്ടിദാറും ചേർന്ന് ടീമിന് ഭേദപ്പെട്ട നിലയിലേക്ക് ഉയർത്താൻ ശ്രമിച്ചു. 42 റൺസ് നേടിയ ലൊമ്‌റോറാണ് ടോപ് ‌സ്‌കോർ. രജത് 21 റൺസ് നേടി. തുടർന്ന് മിന്നുന്ന ഫോമിൽ നിൽക്കുന്ന ദിനേശ് കാർത്തിക് 17 പന്തിൽ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 26 റൺസ് നേടി പുറത്താകാതെ നിന്നു. ഹസരങ്ക(0), ഷഹബാസ് അഹമ്മദ്(1)എന്നിവരും മടങ്ങിയതോടെ ആർ‌സിബി എട്ട് വിക്കറ്റിന് 173 എന്ന നിലയിൽ ഇന്നിംഗ്സ് അവസാനിപ്പിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്‌ക്ക് തുടക്കം നന്നായെങ്കിലും പിന്നീട് മികച്ച രീതിയിൽ പിടിച്ചുനിൽക്കാൻ പല ബാറ്റർമാർക്കും കഴിഞ്ഞില്ല. ഋതുരാജ് ഗെയ്‌ക്‌വാദ്(28),ഡെവൊൺ കോൺവെ (56) എന്നിവ‌ർ നന്നായി കളിച്ചു. എന്നാൽ മറ്റ് ബാറ്റർമാരിൽ അമ്പാട്ടി റായിഡു(34), പ്രിട്ടോറിയസ്(13) മൊയീൻ അലി(10) എന്നിവരെ രണ്ടക്കം കടന്നുള‌ളു. നായകൻ ധോണി(2), ജഡേജ(3), ഉത്തപ്പ (1) എന്നിവരടക്കം വമ്പൻ താരങ്ങളെല്ലാം നിരാശപ്പെടുത്തി. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 160 റൺസ് എന്ന നിലയിൽ ചെന്നൈ ഇന്നിംഗ്സ് അവസാനിച്ചു.