harthal

ആലപ്പുഴ: ചാരുംമൂടിൽ നൂറനാട് കോൺഗ്രസ് ബ്ളോക്ക് ഓഫീസിന് സമീപം കോൺഗ്രസ്-സിപിഐ പ്രവർത്തകർ ഏറ്റുമുട്ടി. 12 കോൺഗ്രസ് പ്രവർത്തകർക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. സംഘർഷത്തെ തുടർന്ന് സംഘടിച്ചെത്തിയ സിപിഐ പ്രവർത്തകർ കോൺഗ്രസ് മാവേലിക്കര ബ്ളോക്ക് ഓഫീസ് അടിച്ചു തകർത്തു. തുടർന്ന് കോൺഗ്രസ് ചാരുംമൂടിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്‌തു. അഞ്ച് പഞ്ചായത്തുകളിലാണ് ഹർത്താൽ. നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം, തഴക്കര എന്നീ പഞ്ചായത്തുകളിലാണ് ഹർത്താലിന് ആഹ്വാനമുള‌ളത്.

കോൺഗ്രസിന്റെ നൂറനാട് ബ്ളോക്ക് ഓഫീസിനും അതിന് സമീപത്തുള‌ള ബ്ളോക്ക് ഓഫീസ് പ്രസിഡന്റ് ഷറഫുദ്ദീന്റെയും വീടിന് സമീപത്താണ് സംഭവമുണ്ടായത്. സിപിഐ പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും സംഘടിച്ചെത്തി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലെ പൊലീസ് സേനയുടെ സാന്നിദ്ധ്യത്തിൽ ഏറ്റുമുട്ടി. ഇരുകൂട്ടരെയും പിന്തിരിപ്പിക്കാൻ പൊലീസിന് കഴിഞ്ഞില്ല. തുടർന്ന് 12 കോൺഗ്രസ് പ്രവർത്തക‌ർക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു.

സംഘർഷത്തിന് കാരണമായ സംഭവം ഇങ്ങനെ. കോൺഗ്രസ് നൂറനാട് ബ്ളോക്ക് ഓഫീസിന് സമീപത്തെ ബ്ളോക്ക് ഓഫീസ് പ്രസിഡന്റ് ഷറഫുദ്ദീന്റെ വീടിനോട് ചേർന്ന് ഒരു കടമുറി വാടകയ്‌ക്ക് നൽകാൻ തീരുമാനിച്ചിരുന്നു. ഇവിടെ സിപിഐ കൊടിനാട്ടി. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ പ്രകടനമായെത്തി കൊടി നീക്കി. ഇതോടെ സിപിഐ പ്രവർത്തകർ ഒരു കൊടിമരം ഇവിടെ സ്ഥാപിച്ചു. ഇതെത്തുടർന്നുണ്ടായ പ്രശ്‌നങ്ങൾ ഇരുവിഭാഗവും സംഘടിച്ചെത്തി കല്ലേറിലേക്കും വടി ഉൾപ്പടെ ആയുധമെടുത്ത് തമ്മിൽതല്ലിലും കലാശിച്ചു.