kk

അമേരിക്കയിലെ ടെന്നസിയിൽ ല്യോൺസ് വ്യൂ എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന വില്ല കൊളീന എന്ന വമ്പൻ ആഡംബര ബംഗ്ലാവ് ഒടുവിൽ പൊളിച്ചുമാറ്റുന്നു. കൊട്ടാരം എന്നു വിശേഷിപ്പിക്കാവുന്ന ബംഗ്ലാവിൽ രാജകീയ. സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒരു പക്ഷേ അതൊക്കെ കൊണ്ടുകൂടിയാണ് ബംഗ്ലാവ് പൊളിക്കുന്നതെന്ന് പറയാം. . ഒരു കുടുംബത്തിന് താമസിക്കാൻ വേണ്ടതിലും അധികം സൗകര്യങ്ങളുണ്ട് എന്നതാണ് കാരണം.

റീഗൽ കോർപ്പ് എന്ന കമ്പനിയുടെ ഉടമകളായിരുന്ന മൈക്ക്, ഡിയൻ കോൻലി എന്നിവർ ചേർന്ന് രണ്ടു പതിറ്റാണ്ട് മുൻപ് പലഘട്ടങ്ങളിലായാണ് ബംഗ്ലാവ് നിർമ്മിച്ചത്.8.2 ഏക്കറിൽ 40,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ബംഗ്ലാവ് നിർമ്മിച്ചിരിക്കുന്നത്. 86 മുറികളും .16 ബാത്ത്റൂമുകളും ഇവിടെയുണ്ട്, മൂന്ന് നിലകളിലായാണ് ലൈബ്രറി ഒരുക്കിയിരിക്കുന്നത്. ഹോം തിയേറ്റർ, എലിവേറ്റർ എന്നിങ്ങനെയുള്ള സൗകര്യങ്ങൾ വേറെ.

പ്രധാന കിടപ്പുമുറിക്ക് മാത്രം അഞ്ച് മില്യൺ ഡോളർ (38 കോടി രൂപ) വിലമതിക്കും. . 2600 ചതുരശ്രയടി വിസ്തീർണത്തിൽ ഒരുക്കിയിരിക്കുന്ന വൈൻ നിലവറ, വൈൻ രുചിക്കാനായി ഒരുക്കിയിരിക്കുന്ന പ്രത്യേക മുറികൾ, ഹോട്ട് ടബ്, വ്യായാമത്തിനുള്ള പ്രത്യേക മുറി, അതിഥികൾക്കായുള്ള മുറി, ജോലിക്കാർക്കുള്ള ക്വാർട്ടേഴ്സ് എന്നിവയും ഇവിടത്തെ പ്രത്യേകതളാണ്. ബംഗ്ലാവിലെ വാതിൽപ്പിടികൾ മാത്രം രണ്ടു ലക്ഷം ഡോളർ ( ഒന്നരക്കോടി രൂപ) വിലമതിക്കും. സ്വരോവ്സ്കി ക്രിസ്റ്റലിൽ ഒരുക്കിയ ഷാൻലിയറാണ് മറ്റൊരു ആകർഷണം. ബംഗ്ലാവിന് സ്വന്തമായി ഒരു വെബ്സൈറ്റ് പോലുമുണ്ട്.

ബംഗ്ലാവ് പൊളിച്ചു നീക്കിയശേഷം മൂന്ന് കുടുംബങ്ങൾക്ക് താമസിക്കാനുള്ള സൗകര്യത്തിൽ വീടുകൾ ഒരുക്കാനാണ് നിർമ്മാതാക്കളുടെ പദ്ധതി. പൊളിച്ചുനീക്കാൻ തീരുമാനമെടുത്ത ശേഷം വീട്ടിലെ വസ്തുക്കൾ ലേലം ചെയ്തിരുന്നു. വസ്തുക്കൾ ലേലത്തിൽ കൈമാറ്റം ചെയ്തതോടെ വീടിന്റെ പാരമ്പര്യം നശിക്കാതെ കാത്തുസൂക്ഷിക്കാനാവുമെന്ന പ്രതീക്ഷയാണ് ലേല കമ്പനിയ്ക്കുള്ളത്. 2011ലും 2016ലും 2020ലുമായി ഇതിനോടകം നാലുതവണ വീട് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവുമൊടുവിൽ അഫ്ഗാൻ സൈനിക കോൺട്രാക്ടറായ ഷഫീഖുള്ള 74 കോടി രൂപയ്ക്കാണ് ബംഗ്ലാവ് വിലയ്ക്ക് വാങ്ങിയത്.