drunk

കുന്നംകുളം: പിതാവ് മദ്യപിച്ച് ബോധരഹിതനായതിനെതുടർന്ന് തനിച്ചായ കുട്ടിക്ക് സുരക്ഷയൊരുക്കി കുന്നംകുളം പൊലീസ്. ഗുരുവായൂർ റോഡിലെ പെട്രോൾ പമ്പിന് സമീപം അഞ്ച് വയസുള്ള കുട്ടിയുമായി മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലെത്തിയ യുവാവാണ് നാട്ടുകാർക്ക് ശല്യമായാത്. കുട്ടിയുമായി ബസിന് മുന്നിലേക്ക് വീണ ഇയാൾ ഓട്ടോറിക്ഷക്കാരോട് തട്ടിക്കയറുകയും ചെയ്തു. തുടർന്ന് പെട്രോൾ പമ്പിന്റെ അരിക് ചേർന്ന് ഇയാൾ കിടന്നതോടെ കുട്ടി കരയാൻ തുടങ്ങി.

നാട്ടുകാർ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെ യുവാവിന്റെ കുട്ടി തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നു. കുന്നംകുളം പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് അഡീഷ്ണൽ എസ്‌.ഐ: സക്കീർ അഹമ്മദ്, സിവിൽ പൊലീസ് ഓഫീസർ അബുതാഹിർ, അനൂപ് എന്നിവരടങ്ങുന്ന സംഘം കുട്ടിയുടെ വീടും സ്ഥലവും കണ്ടെത്തി കുഞ്ഞിനെ സുരക്ഷിതമായെത്തിക്കുകയായിരുന്നു.