
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് മലയാളം സിനി ടെക്‌നീഷ്യൻസ് അസോസിയേഷൻ (മാക്ട). ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവയ്‌ക്കരുത്. സിനിമ മേഖലയിലെ പതിനഞ്ച് പ്രമുഖരുടെ പേരുകൾ ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ഈ കാട്ടുകള്ളന്മാർ ആരായാലും അവരെ പൊതുജനമദ്ധ്യത്തിൽ കൊണ്ടുവരേണ്ടത് സർക്കാരിന്റെ കടമയാണെന്ന് മാക്ട വ്യക്തമാക്കി.
പീഡകരെ മുഴുവൻ സംരക്ഷിക്കുന്ന രീതിയിലാണ് സർക്കാരിന്റെ ഇടപെടൽ എന്ന് സംശയിച്ചാൽ അതിൽ തെറ്റില്ലെന്നും സംഘടന ആരോപിക്കുന്നു. പരാതിക്കാരുടെ പേരുകൾ ഒഴിച്ച് പീഡകരുടെയും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞ ആളുകളുടെയും പേരുകൾ പുറത്തുകൊണ്ടുവരണമെന്ന് മാക്ട ഫെഡറേഷൻ ആവശ്യപ്പെടുന്നു.
മലയാള സിനിമാ മേഖലയിലെ തൊഴിലാളികളുടെ ഏറ്റവും വലിയ സംഘടനയായ മാക്ട ഫെഡറേഷനെ സർക്കാരിന്റെ ഇതുവരെയുള്ള എല്ലാ പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ ആയതിനുശേഷം സർക്കാർ സംഘടിപ്പിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള ചർച്ചയിൽ നിന്നും മാക്ട ഫെഡറേഷനെ ഒഴിവാക്കിയതിനെയും സംഘടന വിമർശിച്ചു.