
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി നിർണയത്തിൽ സസ്പെൻസ് അവസാനിക്കുന്നില്ല. ഇന്നലെ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഡി.വൈ.എഫ്.ഐ നേതാവ് അഡ്വ. കെ.എസ്. അരുൺകുമാറിനെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചെങ്കിലും മണിക്കൂറുകൾക്കകം അത് തിരുത്തി. തുടർന്ന് പ്രമുഖനായ കോൺഗ്രസ് നേതാവ് ഇടതുമുന്നണി സ്ഥാനാർത്ഥിയായേക്കുമെന്ന തരത്തിൽ വാർത്ത പുറത്തുവന്നു. സി പി എം ഇദ്ദേഹവുമായി ചർച്ച നടത്തിവരികയാണെന്നും സമ്മതം ഉറപ്പിക്കാനുള്ള അവസാനവട്ട നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും പ്രചാരണമുണ്ടായി. ക്രൈസ്തവ സമുദായാംഗവും കെ.പി.സി.സി ഭാരവാഹിയുമായ നേതാവ് തൃക്കാക്കരയിൽ സീറ്റ് പ്രതീക്ഷിച്ചിരുന്നയാളാണെന്നുമാണ് വാർത്തകൾ പുറത്തുവന്നത്. എന്നാൽ ഇക്കാര്യം സി പി എം വൃത്തങ്ങൾ സ്ഥിരീകരിച്ചിരുന്നില്ല. സ്ഥാനാർത്ഥി ആരാണെന്ന കാര്യത്തിൽ തീരുമാനിച്ചിട്ടില്ലെന്നാണ് മന്ത്രി പി രാജീവും ഇന്നും പറയുന്നത്.
ഇതിനിടെ, കോൺഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷൻ സി പി എം സ്ഥാനാർത്ഥിയാവും എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും ഇതിന് അല്പായുസായിരുന്നു.തൃക്കാക്കരയിൽ നടന്ന യു ഡി എഫ് കൺവെൻഷനുകളിൽ അദ്ദേഹം പങ്കെടുത്തതോടെയാണ് അഭ്യൂഹം അവസാനിച്ചത്. സ്ഥാനാർത്ഥിയാവാനില്ലെന്ന് കേൺഗ്രസിനോട് ഇടഞ്ഞുനിൽക്കുന്ന കെ വി തോമസും നേരത്തേ വ്യക്തമാക്കിയിരുന്നു.
സാധാരണ ഗതിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി പ്രചാരണം തുടങ്ങി ഏറെ കഴിഞ്ഞായിരക്കും യു ഡി എഫ് സ്ഥാനാർത്ഥിയെ തീരുമാനിക്കുക. പ്രത്യേകിച്ചും ഉപതിരഞ്ഞെടുപ്പുകളിൽ. എന്നാൽ തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി നിർണയം വൈകുന്നതിന് കാരണം കോൺഗ്രസ് വമ്പനെ മറുകണ്ടം ചാടിക്കാനുള്ള നീക്കമാണെന്നാണ് കരുതുന്നത്. തൃക്കാക്കരയിൽ വിജയത്തിൽ കുറഞ്ഞ ഒന്നും സി പി എമ്മിന് സ്വീകാര്യമല്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപന വേളയിൽ തന്നെ ഇക്കാര്യം പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കിയിരുന്നു. ഇവിടെ വിജയിച്ചാൽ അത് സിൽവർ ലൈനിനുളള പച്ചക്കൊടിയായാണ് പാർട്ടിയും സി പി എമ്മും കണക്കാക്കുന്നത്. കെ വി തോമസ് പാർട്ടിയോട് അടുത്ത് നിൽക്കുന്ന സാഹചര്യവും പരമാവധി മുതലാക്കാനാണ് പാർട്ടിയുടെ നീക്കം.ഇന്നുതന്നെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമുണ്ടായേക്കും.