photo

യുക്രെയിനെതിരായ സൈനികാക്രമണത്തിൽ റഷ്യ വിജയിച്ചു കൊണ്ടിരിക്കുകയാണെങ്കിലും രാഷ്ട്രീയമായും സാമ്പത്തികമായും അവർ തോൽക്കുന്ന യുദ്ധമായിരിക്കും ഇതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. യുദ്ധത്തിന്റെ കെടുതികൾ അതിൽ പങ്കെടുക്കുന്നവരിൽ മാത്രം ഒതുങ്ങി നിൽക്കില്ല. നിഷ്പക്ഷ രാജ്യങ്ങളെപ്പോലുമത് വലച്ചുകളയും. എന്നാൽ, ഇപ്പോഴത്തെ സംഘർഷത്തിൽ പക്ഷംപിടിക്കാതെ നിൽക്കുന്ന ഇന്ത്യയ്ക്ക് നഷ്ടങ്ങൾക്കൊപ്പം, ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യാനിടയുള്ള ചില സാദ്ധ്യതകൾ കൂടി തുറന്നുകിട്ടുന്നു എന്നത് ശ്രദ്ധേയമാണ് .

ശിഥിലമായിക്കൊണ്ടിരുന്ന, അമേരിക്കൻ നേതൃത്വത്തിലുള്ള, പാശ്ചാത്യരാജ്യങ്ങളുടെ സഖ്യം ദൃഢപ്പെടുത്താനും യൂറോപ്യൻ രാജ്യങ്ങൾ തമ്മിലുള്ള ഐക്യം പുനരുദ്ധരിക്കാനും റഷ്യൻ ആക്രമണം നിമിത്തമായിട്ടുണ്ട്. സ്വന്തം രാജ്യസുരക്ഷയ്ക്ക് അപകടമാവുംവിധം പാശ്ചാത്യശക്തികൾ കൂട്ടംകൂടുന്നുവെന്ന കാരണം പറഞ്ഞാണ് പുട്ടിൻ യുദ്ധത്തിന് പുറപ്പെട്ടത്. എന്നാൽ റഷ്യക്കെതിരായ കൂട്ടുകെട്ടിന് ബലം വർദ്ധിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്.

രാഷ്ട്രീയ ക്ഷതങ്ങളേക്കാൾ കഠിനമാണ്, യുദ്ധം റഷ്യയുടെ സാമ്പത്തികവ്യവസ്ഥയിന്മേൽ പതിപ്പിച്ചിരിക്കുന്ന ആഘാതങ്ങൾ. അമേരിക്കയും മറ്റും റഷ്യയ്ക്കെതിരെ നടത്തുന്ന സാമ്പത്തിക യുദ്ധത്തിൽ രണ്ട് മാരകായുധങ്ങളാണ് പ്രയോഗിക്കപ്പെടുന്നത്. ഒന്ന്, ഗോതമ്പ്, ഇരുമ്പയിര്, നിക്കൽ എന്നിവയുടെ കയറ്റുമതിയിൽ ലോകത്ത് ഒന്നാം സ്ഥാനവും പെട്രോളിയം ഉത്‌പന്നങ്ങൾ, രാസവളം, ഭക്ഷ്യഎണ്ണ തുടങ്ങിയവയിൽ പ്രബലസ്ഥാനവുമുള്ള റഷ്യയുടെ കയറ്റുമതികളിലെ ഉപരോധമാണ്. യുദ്ധത്തിനു മുൻപ് 330 ശതകോടി ഡോളറിന്റെ വരുമാനം കൊണ്ടുവന്നിരുന്ന ഈ മേഖലയിൽ വലിയ ഇടിവാണിപ്പോൾ സംഭവിച്ചിരിക്കുന്നത്.

രണ്ടാമത്തെ ശിക്ഷാനടപടി അന്താരാഷ്ട്ര ധനവിനിമയ തട്ടകങ്ങളിൽ റഷ്യയ്ക്ക് വിലക്ക് കൽപ്പിക്കുന്ന നീക്കങ്ങളാണ്. 'സ്വിഫ്റ്റ്' എന്ന സംവിധാനത്തിൽ നിന്നും റഷ്യയെ പുറത്താക്കിക്കൊണ്ട്, അന്യരാജ്യങ്ങളുമായുള്ള കൊടുക്കൽവാങ്ങലുകൾക്കും വിദേശനിക്ഷേപ ഒഴുക്കിനും തടയിട്ടു. വിദേശബാങ്കുകളിലും മറ്റുമായി റഷ്യൻ സർക്കാരും പൗരന്മാരും നിക്ഷേപിച്ചിട്ടുള്ള സംഖ്യ പിൻവലിക്കുന്നതും തടയപ്പെട്ടു. ധനസംബന്ധിയായ ഇത്തരം വിലക്കുകൾ വഴി വിദേശനാണയ ശേഖരത്തിന്റെ പകുതിയോളം വരുന്ന തുക (300 ശതകോടി ഡോളർ) മരവിപ്പിക്കപ്പെട്ടു.

എളുപ്പത്തിൽ ജയിച്ചു കയറാനാകുമെന്ന വിശ്വാസത്തിൽ ഫെബ്രുവരി 24 ന് ആക്രമണത്തിനിറങ്ങിപ്പുറപ്പെട്ട പുട്ടിന്റെ കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ട് യുദ്ധം മൂന്നാം മാസത്തിലേക്ക് കടന്നിരിക്കുന്നു; ഇത് മൂലമുണ്ടായ വിനകൾ അനവധി. ഒന്നാമത്തെ പ്രശ്നം യുദ്ധത്തിന്റെ ഭാരിച്ച ചെലവ് തന്നെ; വലിയ സൈനികശക്തിയാണെങ്കിലും അത്ര വലിയ സാമ്പത്തികശക്തിയല്ലാത്ത റഷ്യക്ക് കനത്ത ബാദ്ധ്യതയുണ്ടാക്കുന്നതാണ് നീണ്ടുപോകുന്ന യുദ്ധം. രാജ്യത്തുണ്ടായ ദൗർലഭ്യങ്ങൾ സാധനവിലകൾക്ക് തീ പിടിപ്പിച്ചിരിക്കുന്നു ; വിലക്കയറ്റ തോത് 12.5ശതമാനം . റൂബിളിന്റെ വിദേശമൂല്യത്തിൽ 20 ശതമാനത്തിന്റെ ശോഷണമുണ്ടായി. തൊഴിലില്ലായ്മയ്ക്ക് കനംവച്ചു . ജി.ഡി.പി ഏഴ് ശതമാനം ഇടിയുമെന്നാണ് പ്രവചനം.


രാഷ്ട്രതാത്‌പര്യം മുൻനിറുത്തി യുക്രെയിൻ പ്രശ്നത്തിൽ ഇന്ത്യ കൈക്കൊണ്ട നിഷ്പക്ഷ നിലപാട് അമേരിക്കക്കും സഖ്യകക്ഷികൾക്കും അസ്വസ്ഥത ഉളവാക്കിയെങ്കിലും ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ അവർ ആരും തയ്യാറായിട്ടില്ല. എന്നാൽ മറ്റുപ്രദേശങ്ങളെ പോലെ നമുക്കും സാമ്പത്തിക വൈഷമ്യങ്ങൾ ഉണ്ടായിട്ടുണ്ട്. എണ്ണയുടെ വില വർദ്ധനവാണ് വലിയ പ്രശ്നം. തേയില, കാപ്പി, ഔഷധങ്ങൾ എന്നിവയുടെ കയറ്റുമതിയേയും യുദ്ധം ബാധിച്ചു. കൽക്കരി ക്ഷാമവും പ്രശ്നങ്ങളുണ്ടാക്കി . ഭക്ഷ്യഎണ്ണയുടെ ലഭ്യതയിലും തടസ്സമുണ്ടായി.

എന്നാൽ ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യാനിടയുള്ള ചില കാര്യങ്ങൾക്ക് സംഘർഷ സമയത്ത് തുടക്കമായിട്ടുണ്ട്. എണ്ണ ഉത്‌പാദനത്തിൽ മൂന്നാംസ്ഥാനത്തുള്ള റഷ്യ ഡിസ്‌കൗണ്ട് നിരക്കിൽ ക്രൂഡോയിൽ നൽകാനും അതിന്റെ പ്രതിഫലം ഡോളറിനു പകരം ഇന്ത്യൻ രൂപയിൽ സ്വീകരിക്കാനും തയ്യാറായി. യുദ്ധത്തിനു മുൻപ് രാജ്യത്തെ എണ്ണ ഇറക്കുമതിയുടെ 0.6 ശതമാനം മാത്രം റഷ്യയിൽ നിന്ന് നേടിയിരുന്നത് മൂന്ന് ശതമാനമായി ഉയരും. ഇനിയുമത് വർദ്ധിപ്പിക്കാനാവും. പ്രാദേശിക കറൻസികളിലൂടെ എണ്ണ വിൽക്കുന്ന സമ്പ്രദായം അറബ് രാജ്യങ്ങൾ അടക്കമുള്ളവർ നടപ്പാക്കുകയാണെങ്കിൽ ഡോളറിന്റെ പ്രാമാണ്യം കുറയ്ക്കാനും നമ്മുടെ കറൻസിയുടെ കരുത്ത് ഉയർത്താനുമാകും.

ലോകത്തെ ഗോതമ്പ് കയറ്റുമതിയിൽ ഒന്നാം നമ്പരായ റഷ്യ യുദ്ധത്തിൽ കുടുങ്ങിയത്, അതിന്റെ ഉത്‌പാദനത്തിൽ രണ്ടാം സ്ഥാനക്കാരായ ഇന്ത്യക്ക് നേട്ടമായിരിക്കുന്നു. ഇപ്പോൾത്തന്നെ 2.1 ദശലക്ഷം ടൺ കൂടുതലായി കയറ്റി അയക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. രാജ്യത്ത് അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന ചോളം പോലുള്ള ചെറുധാന്യങ്ങളുടെ കയറ്റുമതിയിലും ഉയർച്ച പ്രകടമാണ്. യുദ്ധം കഴിഞ്ഞാലും ഇപ്പോൾ ലഭ്യമായ പുതിയ കമ്പോളങ്ങൾ നിലനിൽക്കാനാണ് സാദ്ധ്യത.