temple

നമ്മുടെ നാട്ടിൽ ആർത്തവമെന്നാണ് അശുദ്ധിയാണ്. എന്നാൽ ആർത്തവം ആഘോഷമാക്കുന്ന ഒരു ക്ഷേത്രം നമ്മുടെ നാട്ടിൽ തന്നെയുണ്ട്. ഇന്ത്യയിലെ താന്ത്രിക ക്ഷേത്രങ്ങളിൽ ഏറ്റവും പ്രശസ്‌തമായ കാമാഖ്യ ക്ഷേത്രത്തിലാണ് ആർത്തവം ആഘോഷമായി കൊണ്ടാടുന്നത്. ആസാമിലെ ഗുവാഹത്തിയ്‌ക്കടുത്ത് നിലാചൽ കുന്നിൻ മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സതീദേവിയുടെ 51 ശക്തിപീഠങ്ങളില്‍ ഏറ്റവും ശക്തിയുള്ളതും യോനീ പ്രതിഷ്ഠ ഉള്ള ഏക ക്ഷേത്രം കൂടിയാണ് കാമാഖ്യ ക്ഷേത്രം. രാജ്യത്തിന്റെ നാനാഭാത്തുനിന്നുമുള്ള ആയിരങ്ങളാണ് ഇവിടെ നടക്കുന്ന യോനീ പൂജയിൽ പങ്കെടുക്കുന്നത്.

അല്പം ഐതിഹ്യം

സതീ ദേവിയുമായി ബന്ധപ്പെട്ടതാണ് കാമാഖ്യ ക്ഷേത്രം. തന്റെ പിതാവായ ദക്ഷന്റെ എതിർപ്പോടെയായിരുന്നു സതീദേവി ശിവനെ വിവാഹം ചെയ്തത്. ഒരിക്കൽ ദക്ഷൻ ഒരു യാഗം നടത്താൻ തീരുമാനിക്കുകയും അതിൽ സതീ ദേവിയെയും ശിവനെയും ഒഴികെയുള്ള എല്ലാ ദേവിദേവൻമാരെയും ക്ഷണിക്കുകയും ചെയ്തു. ഇരുവരെയും അപമാനിക്കുകയായിരുന്നു ദക്ഷന്റെ ലക്ഷ്യം. എന്നാൽ വിളിച്ചില്ലെങ്കിലും ശിവന്റെ വാക്കുകൾ അവഗണിച്ച് സതീ ദേവി യാഗത്തിൽ പങ്കെടുക്കുവാൻ പുറപ്പെട്ടു. അച്ഛൻ കാര്യമായി സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ പോയ സതീ ദേവിയെ ദക്ഷൻ സ്വീകരിച്ചില്ല എന്നു മാത്രമല്ല ക്രൂരമായി അപമാനിക്കുകയും ചെയ്തു.

ഇത് സഹിക്കാൻ കഴിയാതെ ദേവി യാഗഗ്നിയിൽ ചാടി ജീവനൊടുക്കി. ഇതറിഞ്ഞെത്തിയ കോപാകുലനായ ശിവൻ സതീ ദേവിയുടെ കത്തിക്കരിഞ്ഞ ശരീരമെടുത്ത് ലോകം മുഴുവനും നടന്നു. അതിൽ നിന്നും ശിവനെ മോചിപ്പിക്കുവാൻ മഹാവിഷ്ണു ഒടുവിൽ തന്റെ സുദർശന ചക്രം ഉപയോഗിച്ച് ദേവിയുടെ ശരീരം കഷ്ണങ്ങളായി ചിതറിച്ചു. ഇതിൽ യോനീ ഭാഗം വീണ സ്ഥലമാണ് കാമാഖ്യ ക്ഷേത്രം എന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഇവിടെ ദേവിയുടെ യോനി പ്രതിഷ്‌ഠിച്ചിരിക്കുന്നതും ആരാധിക്കുന്നതും. മറ്റ് ശരീരഭാഗങ്ങൾ വീണ ക്ഷേത്രങ്ങൾ ശക്തി പീഠങ്ങൾ എന്ന പേരിൽ ഇന്നും പ്രശസ്‌തമായ തീർത്ഥാടന കേന്ദ്രങ്ങളാണ്.

temple1

വർഷത്തിൽ മൂന്നുദിവസം

വർഷത്തിൽ മൂന്നുദിവസമാണ് ദേവിയുടെ ആർത്തവ കാലം എന്നാണ് വിശ്വാസം. വിഗ്രഹത്തിൽ നനവ് ഉണ്ടാകുന്നത്ഈ മൂന്നുദിവസമാണത്രേ. ഈ സമയത്താണ് ഇവിടത്തെ പ്രധാന ആഘോഷങ്ങൾ നടക്കുന്നതും. ദേവിയുടെ ആർത്തവത്തോടനുബന്ധിച്ചുള്ള ആഘോഷത്തിന് അമ്പുമ്പാച്ചി മേള എന്നാണ് പറയുന്നത്. ഇതിന്റെ ഭാഗമായി മൂന്നു ദിവസം ക്ഷേത്രം അടച്ചിടും. ആ ദിവസങ്ങളിൽ വിശ്വാസികൾക്ക് ക്ഷേത്രത്തിന്റെ ഉള്ളിൽ പ്രവേശനമില്ലെങ്കിലും പുറത്ത് വലിയ ആഘോഷങ്ങളാണ് നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഇതിൽ പങ്കെടുക്കാനായി എത്തിച്ചേരാറുണ്ട്. ദേവി രജസ്വലയാകുന്ന ആ മൂന്ന് ദിവസങ്ങൾക്കു ശേഷം ക്ഷേത്രം വീണ്ടും തുറക്കുകയും വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കുകയും ചെയ്യും. ക്ഷേത്രം അടച്ചിടുന്ന മൂന്നുദിവസം തൊട്ടടുത്തുകൂടി ഒഴുകുന്ന ബ്രഹ്മപുത്രയ്ക്കു പോലും ചുവന്ന നിറമായിരിക്കും എന്നാണ് വിശ്വാസികൾ പറയുന്നത്. കൂടാതെ ക്ഷേത്രത്തിനുള്ളിലെ ഒരിക്കലും വറ്റാത്ത നീരുറവയും ചുമന്ന നിറത്തിലാകുമെന്നാണ് വിശ്വാസികൾ പറയുന്നത്.

temple2

പ്രസാദത്തിനുമുണ്ട് പ്രത്യേകത

പൂജകൾക്കു ശേഷം ദേവിയുടെ പ്രസാദം എന്ന നിലയിൽ ചുവന്ന നിറമുള്ള തുണിയാണ് നല്കുക. ദേവിയുടെ ആർത്തവത്തിന്റെ അടയാളമായാണ് വിശ്വാസികൾ ഇതിനെ സ്വീകരിക്കുന്നത്. നാലാം ദിവസം ക്ഷേത്രം തുറക്കുമ്പോൾ മുതലാണ് പ്രസാദം വിതരണം ചെയ്യുന്നത്. ‘അംഗോദക്', ‘അങ്കബസ്ത്ര' എന്നിങ്ങനെ രണ്ട് വ്യത്യസ്ത രൂപങ്ങളിൽ ഇത് വിതരണം ചെയ്യുന്നത്. ശരീരത്തിന്റെ ദ്രാവക ഭാഗമാണ് ‘അംഗോദക്' എന്ന വാക്കിന്റെ അർത്ഥം. ഇത് ‘നീരുറവയിൽ നിന്നുള്ള വെള്ളം' എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ‘അങ്കബസ്ത്ര' എന്ന വാക്കിന്റെ അർത്ഥം ശരീരത്തെ മൂടുന്ന തുണിയാണ്. ദേവിയുടെ ആർത്തവചക്രത്തിൽ യോനി ആകൃതിയിലുള്ള കല്ല് മൂടാൻ ഉപയോഗിക്കുന്ന ചുവന്ന തുണിയുടെ ഒരു ഭാഗത്തെ ഇത് സൂചിപ്പിക്കുന്നു.ആ തുണിയാണ് പ്രസാദമായി നൽകുന്നത്.

അപൂർവങ്ങളിൽ അപൂർവം

വിചിത്രമായ പല ആചാരങ്ങളും ഇന്നും നിലനിൽക്കുന്ന ഒരു ക്ഷേത്രമാണിത്. ദിവസവും മൃഗങ്ങളെ ബലി നല്കുന്ന ഈ ക്ഷേത്രത്തിൽ ആൺ മൃഗങ്ങളെ മാത്രമേ ബലി നല്കാനായി സ്വീകരിക്കാറുള്ളൂ. പൂജാ ദ്രവ്യങ്ങളായി ചുവന്ന പൂക്കൾ, തുണികഷ്ണങ്ങൾ, ചുവന്ന ചാന്ത് തുടങ്ങിയവയാണ് അർപ്പിക്കുന്നത്. ആർത്തവം ആഘോഷമാക്കുമ്പോഴും രജസ്വലയാകുന്ന സമയത്ത് സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമില്ല.

temple3

രാജാവിന് പ്രവേശനമില്ല

എല്ലാവർക്കും ഈ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതിയുണ്ടെങ്കിലും കച്ച്ബീഹാർ രാജവംശത്തിൽ പെട്ടവർക്ക് ക്ഷേത്രത്തിൽ കയറാൻ അനുമതിയില്ല. ഇതിനുള്ള കാരണവും അതിവിചിത്രമാണ്. ക്ഷേത്രത്തിൽ സന്ധ്യാ പൂജ നടക്കുമ്പോൾ അടച്ചിട്ട മന്ദിരത്തിൽ ദേവി നഗ്നയായി നൃത്തമാടുമെന്നാണ് വിശ്വാസം. ഒരിക്കൽ കച്ച്ബീഹാർ രാജവംശത്തിൽ പെട്ട രാജാവിന് ദേവിയുടെ ഈ നൃത്തം കാണാൻ ആഗ്രഹമായി. അങ്ങനെ ക്ഷേത്ര പൂജാരിയുടെ സഹായത്തോടെ ഭിത്തിയിലെ സുഷിരത്തിൽ കൂടി രാജാവ് ദേവിയുടെ നൃത്തം ഒളിഞ്ഞു നോക്കി. എന്നാൽ നൃത്തത്തിനിടയിൽ രാജാവിനെ കണ്ട ദേവി കോപാകുലയായി. അങ്ങനെ ദേവി പുരോഹിതന്റെ തല വലിച്ചുകീറി കൊലപ്പെടുത്തുകയും രാജാവിനെ ശപിക്കുകയും ചെയ്തു. കാലമെത്ര കഴിഞ്ഞാലും രാജാവും സന്തതി പരമ്പരകളും ക്ഷേത്രത്തിൽ പ്രവേശിക്കുക പോയിട്ട് ക്ഷേത്രത്തിന്റെ നേരെ നോക്കുവാൻ പോലും പാടില്ലന്ന് ദേവി കല്പിച്ചു. അതുകൊണ്ടു തന്നെ കച്ച് ബീഹാർ രാജവംശത്തിൽ പെട്ടവർ ഇതുവഴി കടന്നു പോകുമ്പോൾ ക്ഷേത്രത്തിന്റെ നേരെ നോക്കുകയില്ലെന്നു മാത്രമല്ല ഒരു കുടം കൊണ്ട് തല മറച്ചു പിടിക്കുകയും ചെയ്യും.