jaisal

തിരൂർ: പ്രളയകാലത്ത് ആളുകൾക്ക് ബോട്ടിൽ കയറാൻ ചുമൽ ചവിട്ട് പടിയാക്കി മാറ്റി ഹീറോ പരിവേഷം ലഭിച്ച പരപ്പനങ്ങാടി ആവിൽ ബീച്ച് കുട്ടിയച്ചിന്റെ പുരയ്ക്കൽ ജയ്സൽ (37) ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അറസ്റ്റിൽ. 2021 ഏപ്രിൽ 15നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

താനൂർ ഒട്ടുമ്പുറം തൂവൽതീര ബീച്ചിൽ കാറിൽ ഇരിക്കുകയായിരുന്ന യുവാവിനെയും വനിതാ സുഹൃത്തിനെയും ജയ്‌സലും മറ്റൊരാളും ചേർന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് കേസ്. കാറിൽ ഇരുന്നവരുടെ ചിത്രങ്ങളെടുക്കുകയും ഒരു ലക്ഷം രൂപ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് യുവാവിന്റെ സുഹൃത്തിന്റെ അക്കൗണ്ടിൽ നിന്നും ഗൂഗിൾ പ്ളേയിലൂടെ 5000 രൂപ ജയ്‌സലിന് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ പരാതി വ്യാജമാണെന്നായിരുന്നു അന്ന് ജയ്‌സൽ പ്രതികരിച്ചത്.

താനൂർ പൊലീസ് കേസെടുത്തതിനെത്തുടർന്ന് ജില്ലാ കോടതിയിലും ഹൈക്കോടതിയിലും ജയ്‌സൽ മുൻകൂർ ജാമ്യാപേക്ഷകൾ നൽകിയെങ്കിലും തള്ളിയിരുന്നു. തുടർന്ന് ഇയാൾ വിവിധ ജില്ലകളിൽ ഒളിവിൽ കഴിയുകയായിരുന്നു.