tunnel

ന്യൂഡൽഹി: ജമ്മു കാശ്‌മീരിൽ ഇന്ത്യ പാക് അതിർത്തിയിലെ ചക് ഫക്വിറ പ്രദേശത്ത് പാക് ഭീകർ നിർമിച്ച തുരങ്കം കണ്ടെത്തി. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കുന്നതിനായി ഭീകരർ ഉപയോഗിച്ച 150 മീറ്റർ നീളമുള്ള തുരങ്കം ആന്റി ടണലിംഗ് അഭ്യാസത്തിനിടെ ബിഎസ്എഫ് സൈനികരാണ് കണ്ടെത്തിയത്.

തുരങ്കം അടുത്തിടെ കുഴിച്ചതാണെന്ന് ബിഎസ്എഫ് വ്യക്തമാക്കി. ഉടൻ നടക്കുന്ന അമർനാഥ് യാത്രയ്ക്ക് നേരെ അക്രമം നടത്താനുള്ള പാക് ഭീകരരുടെ നീക്കത്തെ ഇതിലൂടെ തടഞ്ഞതായി ജമ്മ ബിഎസ്എഫ് അറിയിച്ചു.തുരങ്കത്തിന്റെ തുറന്ന ഭാഗത്തിന് രണ്ട് അടിയോളമാണ് വ്യാസം. പ്രദേശത്ത് നിന്ന് 21 മണൽ ചാക്കുകളും കണ്ടെടുത്തു. ഇവ തുരങ്കത്തിന്റെ പുറത്തേക്കുള്ള ഭാഗം ശക്തിപ്പെടുത്താനാണ് ഉപയോഗിക്കുന്നത്.

ഒന്നരവർഷത്തിനിടെ കണ്ടെത്തുന്ന അ‌ഞ്ചാമത്തെ തുരങ്കമാണിത്. ഇന്ത്യയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള പാകിസ്ഥാൻ ഭരണകൂടത്തിന്റെ ദുഷ്ട തന്ത്രമാണിതെന്ന് ബിഎസ്എഫ് ആരോപിച്ചു. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ രണ്ട് ചാവേറുകൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനായി ഈ തുരങ്കം ഉപയോഗിച്ചതായി ബിഎസ്എഫ് അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.

ഏപ്രിൽ 22ന് ജമ്മുവിലെ സുൻജ്‌വാനിൽ ജയ്‌ഷെ ഭീകരർ ഒരു അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറെ കൊലപ്പെടുത്തുകയും സിഐഎസ്എഫ് ബസ് ആക്രമിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് സുരക്ഷാ സോന രണ്ട് ചാവേറുകളെ വധിക്കുകയും ചെയ്തിരുന്നു.