
ശ്രീനഗർ: ജമ്മുകാശ്‌മീരിലെ സാംബ മേഖലയിൽ രാജ്യാന്തര അതിർത്തി ഔട്ട്‌പോസ്റ്റായ ചക് ഫക്വിറയിൽ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ നിർമ്മിച്ച തുരങ്കം അതിർത്തി സുരക്ഷാ സേന കണ്ടെത്തിയതോടെ രാജ്യത്ത് അട്ടിമറി നടത്താനുള്ള പാക് ഭീകരരുടെ ശ്രമം പാളി. പാകിസ്ഥാനിൽനിന്ന് നുഴഞ്ഞുകയറിയ രണ്ട് ജയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചതിന് പിന്നാലെയാണിത്.
അമർനാഥ് യാത്ര അട്ടിമറിക്കാനുള്ള പാക് ഭീകരരുടെ പദ്ധതിയുടെ ഭാഗമാണ് തുരങ്കമെന്നും നീക്കം പരാജയപ്പെടുത്തിയതായും അതിർത്തി സുരക്ഷാ സേന ഡി.ഐ.ജി എസ്.പി.എസ്. സന്ധു പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് പതിവ് പട്രോളിംഗിനിടെയാണ് തുരങ്കം ബി.എസ്.എഫ് ജവാൻമാരുടെ ശ്രദ്ധയിൽപ്പെട്ടത്. മേൽമണ്ണ് ഇളകി കിടക്കുന്നത് കണ്ട് സംശയം തോന്നിയതോടെ മണ്ണ് ഇളക്കി നോക്കിയപ്പോഴാണ് തുരങ്കം കണ്ടെത്തിയത്. 150 മീറ്റർ നീളവും രണ്ടടി വ്യാസമുള്ള തുരങ്കത്തിന്റെ തുടക്കം പാകിസ്ഥാനിലാണ്.
പാകിസ്ഥാൻ പോസ്റ്റിന് എതിർവശത്തായി ഇന്ത്യൻ അതിർത്തിയിൽനിന്ന് 150 മീറ്ററും അതിർത്തി വേലിയിൽ നിന്ന് 50 മീറ്റർ അകലെയുമാണ് തുരങ്കം നിർമിച്ചിരിക്കുന്നത്. അതിർത്തി കടക്കാനായി ഭീകരർ നിർമിച്ച തുരങ്കത്തിന്റെ പുറത്തുനിന്ന് 21 മണൽ ചാക്കുകളും പിടിച്ചെടുത്തു. തുരങ്കം ശക്തമാക്കുന്നതിനായി സ്ഥാപിച്ചതാണ് ഈ മണൽ ചാക്കുകൾ.
ഒന്നരവർഷത്തിനിടെ അതിർത്തിയിൽ കണ്ടെത്തുന്ന അഞ്ചാമത്തെ പാക് തുരങ്കമാണിത്.