moon

ന്യൂഡ‌ൽഹി: ഇന്ത്യൻ ശാസ്ത്രലോകത്തിന്റെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് 2008ൽ ചന്ദ്രയാൻ ചന്ദ്രനിൽ ആദ്യമായി ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. വിജയകരമായ കണ്ടുപിടിത്തതിന് പതിനാല് വർഷം പിന്നിടുമ്പോൾ ചന്ദ്രനിൽ ജലത്തിന്റെ സാന്നിദ്ധ്യം എങ്ങനെയുണ്ടായി എന്നതിന് ഉത്തരം ലഭിക്കുകയാണ്. അലാസ്‌ക സർവകലാശാലയിലെ ശാസ്ത്ര‌ഞ്ജരാണ് നീണ്ട കാലത്തെ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത്.

ചന്ദ്രന് വെള്ളം ലഭിക്കുന്നത് മറ്റെവിടെനിന്നുമല്ല, ജീവന്റെ സാന്നിദ്ധ്യമുള്ള ഭൂമിയിൽ നിന്നും തന്നെയാണ്. ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്നും ഹൈഡ്രജൻ ഓക്‌സിജൻ അയോണുകൾ ചന്ദ്രനിൽ എത്തിയതിന് ശേഷം കൂടിച്ചേർന്ന് വെള്ളമായി മാറുന്നുവെന്നാണ് ശാസ്ത്രഞ്ജർ കണ്ടെത്തിയത്. ഗന്ദർ ക്ളെച്ച‌്ക്കയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

മാസത്തിൽ അ‌ഞ്ച് തവണ ചന്ദ്രൻ ഭൂമിക്ക് ചുറ്റുമായി കറങ്ങുന്നതിനിടെ ഭൂമിയുടെ കാന്തികവലയത്തിൽ നിന്നുമാണ് അയോണുകൾ ചന്ദ്രനിലേക്ക് ആകർഷിക്കപ്പെടുന്നത്. കാന്തികമണ്ഡലത്തിന്റെ ഏറ്റവും അറ്റത്തായുള്ള ചന്ദ്രന്റെ സാന്നിദ്ധ്യത്തെ 'മാഗ്നെറ്റോടെയിൽ' എന്ന് വിളിക്കുന്നു. ഭൂമിയുടെ ചില കാന്തികക്ഷേത്രരേഖകളെ ഇത് താൽക്കാലികമായി ബാധിക്കുകയും ചില കാന്തികക്ഷേത്രരേഖകൾ തകർന്നു പോവുകയും ചെയ്യുന്നു. ഇത്തരത്തിൽ തകരുന്ന ചന്ദ്രന്റെ സാന്നിദ്ധ്യത്തിൽ ഇവയിൽ ചിലത് കൂടിച്ചേരുന്നു.

ഇത്തരത്തിൽ കാന്തികക്ഷേത്രരേഖകൾ കൂടിച്ചേരുന്ന സമയം ഭൂമിയിൽ നിന്ന് രക്ഷപ്പെട്ട ഹൈഡ്രജൻ ഓക്സിജൻ അയോണുകൾ വീണ്ടും കൂടിച്ചേർന്ന കാന്തിക രേഖകളിലേക്ക് കുതിക്കുകയും ഭൂമിയിലേക്ക് ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഈ കടന്നുപോകുന്ന അയോണുകൾ ചന്ദ്രനിൽ ഇടിക്കുകയും സംയോജിച്ച് ഉപരിതല ദ്രാവകമായി രൂപപ്പെടുന്നുവെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്.

ചൊവ്വ പര്യവേഷണത്തിനായി തയ്യാറെടുക്കുന്ന യുഎസ്, യൂറോപ്പ്, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ബഹിരാകാശ യാത്രികർക്ക് ചന്ദ്രനിലെ ജലത്തിന്റെ സാന്നിദ്ധ്യം ജീവൻ നിലനിർത്താൻ സഹായകമാവുമെന്ന് ഗന്ദർ ക്ളെച്ച‌്ക്ക പറഞ്ഞു. ചൊവ്വ പര്യവേഷണത്തിനായി ചന്ദ്രനിൽ ബേസ് ക്യാമ്പുകൾ നിർമിക്കാനുള്ള ഒരുക്കത്തിലാണ് നാസയിലെ ശാസ്ത്ര‌ഞ്ജർ. ഇത്തരത്തിൽ ഭൂമിയിൽ നിന്നും രക്ഷപ്പെടുന്ന ഹൈഡ്രജൻ ഓക്‌സിജൻ അയോണുകൾ ചേർന്ന് ചന്ദ്രനിൽ 3500 ക്യുബിക് കിലോമീറ്ററോളം ഉപരിതല ദ്രാവകം ചന്ദ്രൻ ഒളിപ്പിച്ചുവച്ചിരിക്കുകയാകാമെന്നും പഠനത്തിൽ പറയുന്നു.