
വാഷിംഗ്ടൺ : ലോകത്തിൽ ജീവിച്ചിരിക്കുന്നതിൽ വച്ച് ഏറ്റവും ഉയരം കൂടിയ നായയെന്ന ബഹുമതി ഇനി ടെക്സസിലെ ഡന്റനിൽ നിന്നുള്ള സിയസിന് സ്വന്തം. 1.046 മീറ്റർ (മൂന്നടി 5.18 ഇഞ്ച്) ആണ് രണ്ടു വയസുള്ള സിയസിന്റെ ഉയരം. ബുധനാഴ്ചയാണ് നായയെ ഗിന്നസ് റെക്കാഡിൽ ഉൾപ്പെടുത്തിയതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. നായയുടെ ഉടമസ്ഥയായ ബ്രിട്ടണിയെന്ന യുവതിക്ക് സഹോദരൻ ഗാരറ്റാണ് എട്ടാഴ്ച പ്രായമുള്ള ഗ്രേറ്റ് ഡിയൻ പട്ടിക്കുട്ടിയെ സഹോദരിക്കു നൽകിയത്. 8 ആഴ്ചയിൽ തന്നെ അസാധാരണ ഉയരമുണ്ടായിരുന്ന പപ്പിയെ തനിക്ക് വളർത്താൻ കഴിയുമോയെന്ന ആശങ്ക ബ്രിട്ടണിക്കുണ്ടായിരുന്നെങ്കിലും ചുരുങ്ങിയ സമയം കൊണ്ടുതന്നെ സിയസ് ബ്രിട്ടണിയോട് ഇണങ്ങി. ബ്രിട്ടണിയുടെ സഹോദരൻ ഗാരറ്റുമായി സമീപ പ്രദേശങ്ങളിൽ ചുറ്റിക്കറങ്ങുന്നതാണ് സിയസിന്റെ ഇഷ്ട വിനോദം. ബ്രിട്ടണിയുടെ വീട്ടിലുള്ള മറ്റ് ഓസ്‌ട്രേലിയൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായ്ക്കുട്ടികളാണ് സിയസിന്റെ കളിക്കൂട്ടുകാർ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായയെന്ന ഗിന്നസ് റെക്കാഡ് വെളുത്ത ഗ്രേറ്റ് ഡെയ്ൻ വിഭാഗത്തിൽപ്പെട്ട ടൈറ്റൻ ആയിരുന്നു. 107.3 സെന്റീമീറ്റർ (42.2 ഇഞ്ച്) ആയിരുന്നു ടൈറ്റന്റെ ഉയരം.