
കൊച്ചി: പ്രാരംഭ ഓഹരി വില്പനയിലൂടെ (ഐ.പി.ഒ) എൽ.ഐ.സി വിറ്റഴിക്കുന്ന മുഴുവൻ ഓഹരികൾക്കും ആദ്യ രണ്ടുദിവസത്തിനകം തന്നെ അപേക്ഷകരെത്തി. മേയ് 4 മുതൽ 9 വരെയാണ് വില്പന.
പോളിസി ഉടമകൾക്കായി വകയിരുത്തിയ ഓഹരികളിൽ 3.01 മടങ്ങും ജീവനക്കാരിൽ നിന്ന് 2.13 മടങ്ങും അധിക അപേക്ഷകൾ ലഭിച്ചു. റീട്ടെയിൽ നിക്ഷേപകർക്കുള്ള ഓഹരികളിൽ 90 ശതമാനത്തിനും അപേക്ഷകളുണ്ടായി. യോഗ്യരായ നിക്ഷേപകർക്കുള്ള ഓഹരികളിൽ 40 ശതമാനത്തിനും സ്ഥാപനേതര നിക്ഷേപകരുടെ ഓഹരികളിൽ 45 ശതമാനത്തിനും അപേക്ഷകൾ ലഭിച്ചു.
902-949 രൂപ നിരക്കിൽ 3.5 ശതമാനം ഓഹരികളാണ് കേന്ദ്രം വിറ്റഴിക്കുന്നത്. 21,000 കോടി രൂപ സമാഹരിക്കാമെന്നാണ് പ്രതീക്ഷ.