
ചണ്ഡീഗഢ്: ഹരിയാനിലെ ടോൾപ്ളാസയിൽ നിന്ന് വൻതോതിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളുമായി നാല് ഖാലിസ്ഥാൻ ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. 1.3 ലക്ഷം രൂപയും പിടിച്ചെടുത്തു. പഞ്ചാബ് സ്വദേശികളായ ഗുർപീത്, ഭൂപീന്ദർ, അമൻദീപ്, പർമീന്ദർ എന്നിവരാണ് പിടിയിലായത്.
ഇന്നലെ പുലർച്ചെ നാലോടെ വെളുത്ത ടൊയോട്ട ഇന്നോവ എസ്.യു.വിയിൽ ഡൽഹിയിലേക്ക് പോകുന്നതിനിടെ കർണാലിലെ ബസ്താര ടോൾ പ്ലാസയിൽ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മഹാരാഷ്ട്രയിലെ നന്ദേഡിലേക്കും തെലങ്കാനയിലെ അദിലാബാദിലേക്കും സ്ഫോടകവസ്തുക്കളെത്തിക്കാനുള്ള യാത്രയിലായിരുന്നു ഇവർ. ഒരു നാടൻ പിസ്റ്റൾ, 31 ബുള്ളറ്റുകൾ, ഐ.ഇ.ഡി ഘടിപ്പിച്ച മൂന്ന് ഇരുമ്പ് കണ്ടെയ്‌നറുകൾ എന്നിവയും പിടിച്ചെടുത്തു.
പ്രധാന പ്രതിയായ ഗുർപ്രീത് ജയിലിൽ കഴിയവെ, പാക് സ്വദേശിയായ രാജ്ബീറുമായി സൗഹൃദത്തിലാകുകയും ഇന്ത്യയിലുടനീളം സ്‌ഫോടകവസ്തുക്കൾ വിതരണം ചെയ്യാൻ ധാരണയാകുകയുമായിരുന്നു. പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.