
ലണ്ടൻ : ഓരോ രാജ്യങ്ങളിലേയും മാദ്ധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം എത്രത്തോളമുണ്ടെന്ന് വിലയിരുത്തി തയ്യാറാക്കുന്ന പട്ടികയിൽ നോർവെ ഒന്നാമതെത്തി.180 രാജ്യങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്തി റിപ്പോർട്ടേഴ്സ് ബിയോണ്ട് ബോർഡേഴ്സാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതേ സമയം മുൻപ് പട്ടികയിൽ 142 ാം സ്ഥാനത്തായിരുന്ന ഇന്ത്യ 8 പോയിന്റുകൾ താഴ്ന്ന് 150ാം സ്ഥാനത്തെത്തി. ഇന്ത്യയിലെ 70 ശതമാനത്തോളം മാദ്ധ്യമങ്ങളേയും സർക്കാരിനോട് അടുപ്പമുള്ള കോർപ്പറേറ്റുകളാണ് നിയന്ത്രിക്കുന്നതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.സൂചികയിൽ ഡെൻമാർക്ക്, സ്വീഡൻ എസ്റ്റോണിയ, ഫിൻലൻഡ് എന്നിവയാണ് നോർവെയ്ക്ക് പിന്നിൽ 5 വരെയുള്ള സ്ഥാനങ്ങളിലെത്തിയത്. വാർത്തകൾ അറിയാനുള്ള ജനങ്ങളുടെ സാഹചര്യം, നിഷ്പക്ഷമായി വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള മാദ്ധ്യമ പ്രവർത്തകരുടെ സ്വാതന്ത്ര്യം, മാദ്ധ്യമ പ്രവർത്തകർക്കു നേരെയുള്ള അതിക്രമങ്ങൾ, മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള സർക്കാർ ഇടപെടലുകൾ എന്നീ സാഹചര്യങ്ങളും റിപ്പോർട്ടേഴ്സ് ബിയോണ്ട് ബോർഡേഴ്സ് പരിഗണിച്ചു. ഇന്ത്യയുടെ അയൽരാജ്യങ്ങളായ
ബംഗ്ലാദേശ്(162), പാകിസ്ഥാൻ (157), മ്യാൻമർ(176) , ശ്രീലങ്ക(146),
ചൈന (175 ) എന്നിവയുടെ സ്ഥാനവും താഴ്ന്നിട്ടുണ്ട്. അതേ സമയം പട്ടികയിൽ കഴിഞ്ഞ തവണ 106ാം സ്ഥാനത്തായിരുന്ന നേപ്പാൾ 30 പോയിന്റുകൾ മുകളിലേക്ക് പോയി 76 ാം സ്ഥാനത്തെത്തി. പട്ടികയിൽ ഏറ്റവും അവസാന സ്ഥാനം ഉത്തരകൊറിയയ്ക്കാണ്. ഇറാനും പട്ടികയിൽ ഏറെ പിന്നിലാണ്.