കോഴിക്കോട്: പൊലീസ് അന്വേഷിച്ചെത്തിയ പോക്സോ കേസ് പ്രതി ചെറുവണ്ണൂർ ബി.സി റോഡിൽ നാറാണത്ത് വീട്ടിൽ ജിഷ്ണു റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കാത്ത് ക്രൈംബ്രാഞ്ച്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ലഭിച്ചശേഷമെ അന്തിമ പോസ്റ്റ് മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറൂ. വീഴ്ചയിൽ തലയ്ക്കും വാരിയെല്ലിനുമേറ്റ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ജിഷ്ണു വീണു കിടന്ന സ്ഥലത്തെ മതിലിന് മൂന്ന് മീറ്ററോളം ഉയരമുണ്ട്. വീഴ്ചയിൽ കല്ലിൽ ഇടിച്ചതാകാം തലയ്ക്കേറ്റ ഗുരുതര പരിക്കെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും സംശയകരമായ പരാമർശങ്ങൾ ഇല്ലെങ്കിൽ കേസ് അന്വേഷണം അവസാനിപ്പിക്കാനാണ് അസി.കമ്മിഷണർ അനിൽ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം. എന്നാൽ ജിഷ്ണുവിന്റെ പിതാവ് സുരേഷ്‌കുമാർ പൊലീസിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ്. പൊലീസോ അവരോടൊപ്പം വന്നവരോ മതിലിൽ ചേർത്ത് ഇടിച്ചതാവാം മരണകാരണമെന്നാണ് ആരോപണം.
ഏപ്രിൽ 26ന് രാത്രി 9 മണിയോടെയാണ് നല്ലളം പൊലീസ് സ്റ്റേഷനിൽ നിന്നാണെന്ന് പറഞ്ഞ് രണ്ട് പൊലീസുകാർ ജിഷ്ണുവിന്റെ വീട്ടിലെത്തിയത്. വയനാട്ടിലെ ഒരു പെൺകുട്ടിയുടെ പരാതിയിൽ കല്പറ്റ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് വീട്ടുകാരെ അറിയിച്ചു. ഈ സമയം ജിഷ്ണു വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് അമ്മയുടെ ഫോണിൽ പൊലീസ് ജിഷ്ണുവുമായി ബന്ധപ്പെട്ടപ്പോൾ ഉടൻ എത്താമെന്ന് അറിയിച്ചിരുന്നു. പൊലീസുകാർ വീട്ടിൽ നിന്ന് മടങ്ങി അരമണിക്കൂർ പിന്നിട്ടപ്പോഴാണ് വീടിന് സമീപം റോഡരികിൽ അവശനിലയിൽ കിടക്കുന്നതായി കണ്ടത്. അതുവഴി വന്ന ഓട്ടോ ഡ്രൈവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.