
പ്രതിരോധ ആണവ സഹകരണം മുഖ്യ ചർച്ചാ വിഷയം
പാരീസ്: ത്രിദിന യൂറോപ്യൻ സന്ദർശനത്തിന്റെ ഭാഗമായി പാരീസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ് വിജയത്തിൽ മാക്രോണിനെ അഭിനന്ദിച്ച മോദി ഇന്ത്യ സന്ദർശിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു.
പിന്നാലെ, മാക്രോണുമായുള്ള കൂടിക്കാഴ്ചയിൽ വളരെയധികം സന്തോഷമുണ്ടെന്നും ഉഭയകക്ഷി ബന്ധവും ആഗോള പ്രശ്നങ്ങളും ചർച്ച ചെയ്തെന്നും മോദി ട്വീറ്റ് ചെയ്തു. ഇംഗ്ലീഷിലും ഫ്രഞ്ചിലുമായിരുന്നു ട്വീറ്റ്. ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലിസി പാലസിലായിരുന്നു കൂടിക്കാഴ്ച.
യുക്രെയിനിലെ നിലവിലെ സാഹചര്യത്തിൽ ഇരു രാജ്യങ്ങളും കടുത്ത ആശങ്ക പ്രകടിപ്പിച്ചു. യുക്രെയിനിൽ എത്രയും പെട്ടെന്ന് വെടിനിറുത്തൽ പ്രഖ്യാപിക്കണമെന്നും ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്നും സംയുക്ത പ്രസ്താവനയിൽ ഇരുനേതാക്കളും ആവശ്യപ്പെട്ടു.
പ്രതിരോധം, ആണവ സഹകരണം ഉൾപ്പെടെ പ്രധാന ഉഭയകക്ഷി മേഖലകളിലെ സാഹചര്യം, യൂറോപ്പിലെയും ഇന്തോ - പസഫിക്കിലെയും നിലവിലെ സംഭവവികാസങ്ങൾ, യുക്രെയിൻ അടക്കമുള്ള പ്രാദേശിക, ആഗോള വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തതായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര അറിയിച്ചു. മാക്രോണിന്റെ ഭരണത്തുടർച്ച ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താൻ സഹായിക്കും. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉറച്ച ബന്ധം പോലെ ഇരു നേതാക്കളും നല്ല സുഹൃത്തുക്കളാണെന്നും ക്വാത്ര പറഞ്ഞു.
മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മോദി ഇന്ത്യയിൽ മടങ്ങിയെത്തി. ഇരു രാജ്യങ്ങളിലേയും പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചക്കിടെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻയെവ്സ് ലെ ഡ്രിയാനുമായും കൂടിക്കാഴ്ച നടത്തി.