
അമരാവതി: കൂട്ടമാനഭംഗം കരുതിക്കൂട്ടി ചെയ്യുന്നതല്ലെന്നും തികച്ചും യാദൃശ്ചികമാണെന്നുമുള്ള ആന്ധ്രാപ്രദേശ് ആഭ്യന്തരമന്ത്രി തനേടി വനിതയുടെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം. മേയ് ഒന്നിന് റിപ്പെല്ലെ റെയിൽവേ സ്റ്റേഷനിൽ ഗർഭിണിയായ 25കാരി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിലാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.
'അക്രമികൾ മദ്യപിച്ചിരുന്നു. മോഷണമായിരുന്നു അവരുടെ ഉദ്ദേശ്യം. അതിനിടെ അവർ ഭർത്താവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചതിനാലാണ് യുവതി മാനഭംഗത്തിനിരയായത്. അത് കരുതിക്കൂട്ടി ചെയ്തതല്ല. തികച്ചും യാദൃശ്ചികമാണ്.'-മന്ത്രി പറഞ്ഞു.
സംഭവസ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നില്ലെന്നത് വലിയ അപരാധമായി കാണേണ്ടതില്ല. റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ സി.സി ടി.വി ക്യാമറകൾ സ്ഥാപിക്കുമെന്നും അവർ പറഞ്ഞു.
മുമ്പ് വിശാഖപട്ടണത്ത് പെൺകുഞ്ഞ് ലൈംഗിക അതിക്രമത്തിന് ഇരയായപ്പോൾ കുട്ടികളുടെ സുരക്ഷ മാതാവാണ് ഉറപ്പാക്കേണ്ടതെന്ന തനേടി വനിതയുടെ പരാമർശവും വിവാദമായിരുന്നു.
മന്ത്രിയെ വിമർശിച്ച് പ്രതിപക്ഷ കക്ഷിയായ തെലുങ്കു ദേശം പാർട്ടി രംഗത്തെത്തി. മന്ത്രി രാജിവയ്ക്കണമെന്നാണ് ആവശ്യം.