
എറണാകുളം: കൊടി പിടിക്കുന്നത് മാത്രമല്ല രാഷ്ട്രീയമെന്നും ജീവിതത്തിൽ ഉടനീളം ഇടതുപക്ഷക്കാരനായിരുന്ന താൻ ചെറുപ്പത്തിൽ പിതാവിനൊപ്പം പാർട്ടിക്കു വേണ്ടി ചുവരെഴുത്ത് നടത്തിയിട്ടുണ്ടെന്ന് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ്. ഇന്ന് രാവിലെയാണ് താനും ഇക്കാര്യം അറിയുന്നതെന്നും ഒരു ഇടതുസഹയാത്രികനെന്ന നിലയിൽ ഇടതുപക്ഷവുമായി ചേർന്നു നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഈ സ്ഥാനാർത്ഥിത്വം എന്ന് കരുതുന്നതായി ജോ ജോസഫ് വ്യക്തമാക്കി.
അതേസമയം ജോ ജോസഫിന്റെ സ്ഥാനാർത്ഥിത്വം സഭയുടെ ഇടപെടലിനെ തുടർന്ന് ലഭിച്ചതാണെന്ന ആരോപണങ്ങൾ വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു. സാമുദായിക സംഘടനകൾ ഏതെങ്കിലും തന്റെ സ്ഥാനാർത്ഥിത്വത്തിനായി ഇടപെട്ടതായി അറിയില്ലെന്നും താൻ പഠിച്ചതും ജോലി ചെയ്യുന്നതും സഭയുടെ സ്ഥാപനങ്ങളിലാണെങ്കിലും താൻ സഭയുടെ നോമിനിയാണെന്ന് അതുകൊണ്ട് കരുതാനാവില്ലെന്നും ജോ ജോസഫ് പറഞ്ഞു. തന്റെ സ്ഥാനാർത്ഥിത്വത്തിനായി സഭ ഇടപെട്ടിട്ടില്ല എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എക്കാലവും ഇടതുപക്ഷമായി നിൽക്കുകയും അവരുടെ പരിപാടികളിൽ സജീവമായി പ്രവർത്തിച്ചയാളാണ് താൻ. കഴിഞ്ഞ തൃക്കാക്കര തിരഞ്ഞെടുപ്പിലും പ്രചാരണത്തിനായി പോകുകയും യോഗങ്ങളിൽ പ്രസംഗിക്കുകയും ചെയ്തിരുന്നു. ഇടതു സ്ഥാനാർത്ഥിയാവാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. എല്ലാ മനുഷ്യരുടേയും ആകുലതകളെ അറിയുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം - ജോ ജോസഫ് പറഞ്ഞു.