ksrtc

തിരുവനന്തപുരം: ഇക്കഴിഞ്ഞ വിഷുവിനും ഈസ്റ്ററിനും കെ എസ് ആർ ടി സി മാനേജ്മെന്റ് ജീവനക്കാരെ പട്ടിണിക്കിട്ടെന്നും ഈ മാസവും ശമ്പളം ലഭിക്കാൻ സാദ്ധ്യതയില്ലെന്ന് മനസിലായതോടെയാണ് സമരത്തിനിറങ്ങുന്നതെന്നും പ്രതിപക്ഷ തൊഴിലാളി സംഘടനകൾ വ്യക്തമാക്കി. ശമ്പളം നൽകാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ആത്മാർത്ഥമായ ശ്രമമില്ലെന്നും ഗതികേട് കൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്ന് യാത്രക്കാർ മനസിലാക്കണമെന്നും സമരം ചെയ്യുന്ന ജീവനക്കാർ പറഞ്ഞു .

ഇന്ന് നടന്ന ചർച്ചയിൽ ഈ മാസം പത്തിന് ശമ്പളം നൽകുമെന്ന് കെ എസ് ആർ ടി സി എം ഡി ബിജു പ്രഭാകർ ഉറപ്പുനൽകിയിരുന്നു. എന്നാൽ മാനേജ്മെന്റിന് ഈ വാക്ക് പാലിക്കാൻ സാധിക്കുമെന്ന് ഉറപ്പില്ലാത്തതിനാലാണ് സമരത്തിനിറങ്ങുന്നതെന്ന് സമരക്കാർ പറഞ്ഞു.

സർക്കാർ സഹായമായി കിട്ടിയ 30 കോടിക്ക് പുറമേ 45 കോടി ബാങ്ക് ഓവർ ഡ്രാഫ്റ്റെടുത്താണ് കഴിഞ്ഞ മാസം ശമ്പളം വിതരണം ചെയ്തത്. ഈ ബാദ്ധ്യത തീർക്കാതെ ഇനി ഓവർഡ്രാഫ്റ്റ് എടുക്കാൻ സാധിക്കില്ല. അതിനാൽ തന്നെ സർക്കാർ അനുവദിച്ച 30 കോടി രൂപ കെ എസ് ആർ ടി സിയുടെ അക്കൗണ്ടിൽ എത്തിയാൽ പോലും ശമ്പള വിതരണം വൈകുമെന്നത് ഉറപ്പാണ്. പൊതു മേഖല സ്ഥാപനങ്ങളുടെ ശമ്പള ബാദ്ധ്യത സ്വയം വഹിക്കണമെന്നാണ് സർക്കാർ നിലപാട്. എന്നാൽ കെ എസ് ആർ ടി സിയെ സേവന മേഖലയായി പരിഗണിക്കുന്നതിനാലാണ് സ‌ർക്കാർ സഹായം നൽകുന്നത്.