
മരിയുപോളിൽ റഷ്യ വെടിനിറുത്തൽ കരാർ ലംഘിച്ചു
മോസ്കോ: യുക്രെയിനിലെ റഷ്യൻ ആക്രമണം തുടരുന്നതിനിടെ ആണവായുധ പരിശീലനമാരംഭിച്ച് റഷ്യ. പടിഞ്ഞാറൻ നഗരമായ കലിനിൻഗ്രാഡിലാണ് റഷ്യ ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള മിസൈലുകൾ തൊടുത്ത് പരിശീലനം നടത്തുന്നത്. പോളണ്ടിനും ലിത്വാനിയയ്ക്കും ഇടയിലുള്ള ബാൾട്ടിക് സമുദ്രമേഖലയിലാണ് ആണവ ആയുധം വഹിക്കാൻ ശേഷിലുള്ള ഇസ്‌കാൻഡർ മൊബൈൽ ബാലിസ്റ്റിക് മിസൈൽ സംവിധാനത്തിന്റെ 'ഇലക്‌ട്രോണിക് ലോഞ്ച്' നടത്തിയത്. ഇതിൽ നൂറോളം സൈനി പങ്കെടുത്തെന്നും റിപ്പോർട്ടുണ്ട്. യു.എസ് ഉൾപ്പെടെയുള്ള നാറ്റോ അംഗരാജ്യങ്ങൾ യുക്രെയിന് ആയുധങ്ങൾ നല്കി സഹായിക്കുന്നതിനെതിരെ റഷ്യ രംഗത്തെത്തിയിരുന്നു. ഈ നടപടി അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ ആണവായുധം പോലും പ്രയോഗിക്കാൻ മടിക്കില്ലെന്നും റഷ്യ മുന്നറിയിപ്പ് നല്കിയതിന് പിന്നാലെയാണ് സൈന്യം ആണവ പരിശീലനം ആരംഭിച്ചത്. അതേ സമയം മരിയുപോളിൽ പ്രഖ്യാപിച്ച താത്ക്കാലിക വെടിനിറുത്തൽ റഷ്യ ലംഘിച്ചെന്നാരോപിച്ച് യുക്രെയിൻ. നൂറുകണക്കിന് സാധാരണക്കാരും യുക്രെയിൻ സൈനികരും കഴിയുന്ന മരിയുപോളിലെ സോവ്സ്റ്റാൾ ഉരുക്കു ഫാക്ടറിയിൽ റഷ്യൻ സൈന്യം കടന്നുവെന്ന് യുക്രെയിൻ സ്ഥിരീകരിച്ചു. റഷ്യൻ ആക്രമണം ഭയന്ന് ഫാക്ടറി സമുച്ചയത്തിൽ അഭയം തേടിയ ജനത്തെ ഒഴിപ്പിക്കാൻ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും അതു ലംഘിച്ച് റഷ്യ റോക്കറ്റാക്രമണം നടത്തുകയായിരുന്നു.
യു.എന്നിന്റെ നേതൃത്വത്തിൽ ഒഴിപ്പിക്കൽ നടപടികൾ തുടരുന്നതിനിടെയാണ് റഷ്യയുടെ അപ്രതീക്ഷിത നീക്കം.അതേ സമയം ഫാക്ടറിയിലുള്ള യുക്രെയിൻ സേനയുടെ ഭാഗത്തു നിന്ന് പ്രകോപനമുണ്ടായതോടെയാണ് റോക്കറ്റാക്രമണം നടത്തിയതെന്നാണ് റഷ്യയുടെ നിലപാട്. മരിയുപോളിൽ കുടുങ്ങി കിടക്കുന്നവരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ദീർഘകാല വെടി നിർത്തൽ ആവശ്യമാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയും അഭിപ്രായപ്പെട്ടു.
അതേ സമയം ഫെബ്രുവരി 24 മുതൽ യുക്രെയിനിൽ റഷ്യ നടത്തിയത് പ്രത്യേക സൈനിക നടപടി മാത്രമാണെന്ന റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ പ്രതികരണം ആശങ്കയോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്. രണ്ടാംലോക മഹായുദ്ധത്തിൽ ജർമനിക്കെതിരെ സോവിയറ്റ് യൂണിയൻ വിജയം നേടിയത് മേയ് ഒൻപതിനു റഷ്യ ചില 'നിർണായക' പ്രഖ്യാപനങ്ങൾ നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അതേ സമയം യുക്രെയിനിൽ ഇതുവരെ റഷ്യയുടെ 12 ഉന്നത സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത് റഷ്യയുടെ സൈനിക മുന്നേറ്റത്തിന് വൻ തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്.