
ന്യൂഡൽഹി: വിദ്യാർത്ഥികളിലെ സമ്മർദ്ദവും വിഷാദവും ഫലപ്രദമായി പരിഹരിച്ച് അവരെ സമൂഹത്തിന്റെ മുൻനിരയിലെത്തിക്കാനുള്ള യു.ജി.സി പദ്ധതിയിൽ ക്രിയാത്മകമായ നിർദ്ദേശങ്ങൾ. കോളേജുകളിലും സർവകലാശാലകളിലും മാനസികാരോഗ്യ കൗൺസിലർമാരെ ഉൾപ്പെടുത്തി വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പരമാവധി കൊഴിഞ്ഞുപോക്ക് തടയുക എന്ന ലക്ഷ്യമാണ് ഈ തീരുമാനത്തിന് പിന്നിൽ. കൊവിഡ് കാലത്തുൾപ്പെടെ വിദ്യാർത്ഥികൾ ഏറെ മാനസികസമ്മർദ്ദത്തിലാണെന്ന് വിവിധ പഠനങ്ങൾ കണ്ടെത്തിയിരുന്നു.
പദ്ധതിയിൽ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമ്മർദ്ദവും വൈകാരിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് പരിശീലനം ലഭിച്ച സ്റ്റുഡന്റ്സ് സർവീസസ് സെന്റർ (എസ്.എസ്.സി) ഉണ്ടായിരിക്കും. പ്രത്യേകിച്ച് ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നും വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ എന്നിവർക്ക് പിന്തുണ നൽകും. വനിതകൾ, ഭിന്നശേഷിവിഭാഗം, എൽ.ജി.ബി.ടി, പെട്ടെന്ന് സമ്മർദ്ദത്തിലാകുന്ന പിന്നാക്കമുള്ള ദുർബലരായ വിദ്യാർത്ഥികൾ എന്നിവരെ പദ്ധതിയിൽ പ്രത്യേകം പരിഗണിക്കും. ശാരീരികക്ഷമത, കായികം, ആരോഗ്യം, ക്ഷേമം, മനഃശാസ്ത്രപരവും വൈകാരികവുമായ ക്ഷേമം എന്നിങ്ങനെയുള്ള തലങ്ങളിൽ കൂടുതൽ ഇടപെടലുകൾ പദ്ധതി ഉറപ്പാക്കും.
വിദ്യാർത്ഥികൾക്കിടയിൽ ശാരീരിക ക്ഷമതയും കായിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കാനും പോസിറ്റീവ് മനോഭാവം വളർത്തുന്നതിനുമാണ് ഈ മാർഗനിർദേശങ്ങളെന്ന് യു.ജി.സി ചെയർപേഴ്സൺ എം. ജഗദേഷ് കുമാർ പറഞ്ഞു. വിദ്യാർത്ഥികളുടെ മാനസിക ക്ഷേമം ശക്തിപ്പെടുത്തി മികച്ച പൗരൻമാരാക്കാനാണ് പദ്ധതി കൊണ്ടു വരുന്നത്.
യുജിസി മാർഗനിർദ്ദേശം
എം.ഫിൽ പി.എച്ച്ഡി വൈവാ
പരീക്ഷകൾ ഓൺലൈനാക്കും
ന്യൂഡൽഹി: എം.ഫിൽ, പി.എച്ച്ഡി വൈവാ പരീക്ഷകൾ ഓൺലൈൻ വഴി നടത്താൻ യു.ജി.സി തീരുമാനം. ഗൂഗിൾ, സ്കൈപ്പ് എന്നിവ ഉപയോഗിച്ച് ഓഫ്ലൈനിലോ വീഡിയോ കോൺഫറൻസിംഗിലൂടെയോ വൈവാ പരീക്ഷ നടത്താമെന്നാണ് വൈസ് ചാൻസലർമാർക്കും കോളജ് പ്രിൻസിപ്പൽമാർക്കും അയച്ച കത്തിൽ യു.ജി.സിയുടെ നിർദ്ദേശം. പരീക്ഷാ നടത്തിപ്പിന് വിശ്വസനീയവും സൗകര്യപ്രദവുമായ മറ്റു സാങ്കേതിക വിദ്യകളും ഉപയോഗിക്കാം.
എം.ഫിൽ, പി.എച്ച്.ഡി ബിരുദങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട 2016 ലെ യു.ജി.സി റെഗുലേഷൻസിലെ വ്യവസ്ഥകൾ അനുസരിച്ചാകണം വൈവാ പരീക്ഷ. വീഡിയോ കോൺഫറൻസിംഗിലൂടെ പരീക്ഷ നടത്തുമ്പോൾ, ഗവേഷണ ഉപദേശക സമിതി അംഗങ്ങൾ, വകുപ്പിലെ ഫാക്കൽറ്റി അംഗങ്ങൾ, ഗവേഷണ പണ്ഡിതന്മാർ, മറ്റ് വിദഗ്ധർ, ഗവേഷകർ എന്നിവർക്ക് പങ്കെടുക്കാനുള്ള സാങ്കേതിക കാര്യങ്ങൾ ഒരുക്കണമെന്നും മാർഗനിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. സൂപ്പർവൈസർമാർ, വിദഗ്ധർ, പരീക്ഷാനടത്തിപ്പുകാർ എന്നിവർക്കും ഈ നിർദ്ദേശങ്ങൾ ബാധകമാണ്.