arun-kumar

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയെച്ചൊല്ലി ആശയക്കുഴപ്പങ്ങളൊന്നുമില്ലെന്ന് അരുൺകുമാർ പ്രതികരിച്ചു. ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കു വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും നിയമസഭയിൽ എൽ ഡി എഫ് സെഞ്ചുറി തികയ്ക്കുമെന്നും അരുൺകുമാർ വ്യക്തമാക്കി. സ്ഥാനാർത്ഥിയായേക്കുമെന്ന് അഭ്യൂഹങ്ങളെകുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ അരുൺകുമാർ അതെല്ലാം ഇടതുനേതാക്കന്മാർ വിശദീകരിച്ചു കഴിഞ്ഞ കാര്യങ്ങളാണെന്ന് പറ‌ഞ്ഞു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആദ്യം ഇടതുപക്ഷ സ്ഥാനാർത്ഥിയായി അരുൺകുമാറിന്റെ പേരായിരുന്നു ഉയർന്നു വന്നത്. അരുൺകുമാറിന് വോട്ടുതേടിക്കൊണ്ടുള്ള ചുവരെഴുത്ത് വരെ അണികൾ ആരംഭിച്ചിരുന്നു. എന്നാൽ പിന്നീട് പാർട്ടി നേതാക്കന്മാർ തന്നെ ഈ വാർത്ത തിരുത്തുകയായിരുന്നു. തുടർന്ന് ഇന്ന് വൈകുന്നേരത്തോടെ ഹൃദ്രോഗ വിദഗ്‌ദ്ധനായ ജോ ജോസഫിനെ ഇടതുപക്ഷ സ്ഥാനാർത്ഥിയാക്കി കൊണ്ടുള്ള അറിയിപ്പ് എത്തി.

എൽഡിഎഫിന്റെ സ്ഥാനാർത്ഥി മികച്ച ഡോക്ടറും മികച്ച പൊതുപ്രവർത്തകനും മികച്ച എഴുത്തുകാരനുമാണെന്നും സ്ഥാനാർത്ഥിക്ക് വേണ്ടി ആവേശോജ്ജ്വലമായ പ്രവർത്തനങ്ങളുമായി തങ്ങൾ മുന്നോട്ട് പോകുമെന്നും അരുൺകുമാർ പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ട്രോളുകളെ ഭയക്കുന്നില്ലെന്നും അതിനെ രാഷ്ട്രീയമായി മാത്രമാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് വൈകിട്ട് നടന്ന് വാർത്താസമ്മേളനത്തിലാണ് എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്‌രോഗ വിദഗദ്ധനായ വാഴക്കാല സ്വദേശി ഡോ. ജോ ജോസഫിനെ ഇടതുപക്ഷം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തങ്ങളുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത്. മുത്തുപോലത്തെ സ്ഥാനാർത്ഥിയെന്നാണ് അദ്ദേഹത്തെ ഇ പി ജയരാജൻ വിശേഷിപ്പിച്ചത്. സി പി എമ്മിന്റെ സ്ഥാനാർത്ഥിയായിട്ടായിരിക്കും അദ്ദേഹം മത്സരിക്കുക.

തൃക്കാക്കരയിൽ ഇടത് മുന്നണി വൻ വിജയം നേടുമെന്ന പ്രതീക്ഷ ഇപി ജയരാജൻ പങ്കുവച്ചു. കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടിയാണ് ഇടത് മുന്നണി ജനങ്ങളെ സമീപിക്കുന്നതെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കാലതാമസം ഉണ്ടായത് നടപടി പൂർത്തിയാകാത്തതിനാലാണെന്നും ഇപി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.