dddd

കൊളംബോ: ശ്രീലങ്കയിൽ സർക്കാരിനെതിരായ ജനകീയ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരിക്കെ, പാർലമെന്റിലെ ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പിൽ ഭരണകക്ഷി സ്ഥാനാർത്ഥി ജയിച്ചത് രാജപക്സ സർക്കാരിന് ആശ്വാസമായി. ജനകീയ പ്രക്ഷോഭം ആരംഭിച്ച ശേഷം പാർലമെന്റിൽ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് കൂടിയായതിനാൽ ഭരണ പക്ഷത്തിനും പ്രതിപക്ഷത്തിനും ഒരു പോലെ നിർണായകമായിരുന്നു ഇന്നലത്തെ വിജയം. ഇന്നലെ നടന്ന രഹസ്യ വോട്ടെടുപ്പിൽ ​ രാജിവച്ച ഡെപ്യൂട്ടി സ്പീക്കറും ഭരണകക്ഷിയായ എസ്.എൽ.പി.പി പിന്തുണ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയുമായ രഞ്ജിത് സിയലപിതിയ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രധാന പ്രതിപക്ഷ പാർട്ടിയായ എസ്.ജെ.ബിയുടെ സ്ഥാനാർത്ഥിയായ ഇംതിയാസ് ബകീർ മർക്കാരെയാണ്, സിയലപിതിയ പരാജയപ്പെടുത്തിയത്. സിയലപിതിയ 146 വോട്ട് നേടിയപ്പോൾ ഇംതിയാസിന് 65 വോട്ടുകൾ മാത്രമേ നേടാനായുള്ളു. രാജപക്സ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് വിജയിപ്പിക്കാമെന്നുള്ള പ്രതിപക്ഷ പാർട്ടികളുടെ കണക്കു കൂട്ടലുകൾക്കേറ്റ തിരിച്ചടിയായാണ് സിയലപിതിയയുടെ ഭൂരിപക്ഷമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ രാജപക്സ സർക്കാരിന്റെ ഭാഗമായിരുന്ന എസ്.എൽ.ഇ.പി നേതാവായ സിയലപിതിയ സ്വന്തം പാർട്ടി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് സ്വതന്ത്രമായി നിൽക്കാൻ തീരുമാനിച്ചതോടെയാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്ത് നിന്ന് രാജി വച്ചത്. എന്നാൽ എസ്.എൽ.ഇ.പി സർക്കാരിൽ നിന്ന് രാജി വച്ചിട്ടും ഭരണകക്ഷിയായ എസ്.എൽ.പി.പി, സിയലപിതിയയെ പിന്തുണയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിലൂടെ സർക്കാരിന് ഭൂരിഭക്ഷമുണ്ടെന്നും ഇതിന് പകരമായി ഇടഞ്ഞു നിൽക്കുന്ന എസ്.എൽ.ഇ.പി അവശ്വാസ പ്രമേയ വോട്ടെടുപ്പിൽ തങ്ങൾക്കനുകൂലമായി വോട്ട് ചെയ്യുമെന്നുമാണ് രാജപക്സ സർക്കാരിന്റെ കണക്കു കൂട്ടൽ.

ഒരു മാസത്തെ ശമ്പളം നല്കുമെന്ന് ഡി.എം.കെ എം.പിമാർ

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയെ സഹായിക്കാനായി തങ്ങളുടെ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്ത് ഡി.എം.കെ എം.പിമാർ. തങ്ങളുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. ശ്രീലങ്കയിലെ ജനങ്ങളെ സഹായിക്കാനായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആരംഭിച്ച ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ജനങ്ങളോട് അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് തീരുമാനം. ശ്രീലങ്കയിലെ ജനങ്ങളെ സഹായിക്കാനുള്ള സംസ്ഥാനത്തിന്റെ അഭ്യർത്ഥന അംഗീകരിച്ചതിന് സ്റ്റാലാൻ കേന്ദ്ര സർക്കാരിനോട് നന്ദി പറഞ്ഞു.