gokulam-kerala

ഭൂവനേശ്വർ: ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗിൽ ജയം തുടർന്ന് ഗോകുലം കേരള. എൽ ഷദായിയുടെ ഹാട്രിക്കിന്റെ കരുത്തിലായിരുന്നു ഗോകുലം ജയം സ്വന്തമാക്കിയത്. ഇന്നലെ നടന്ന മത്സരത്തിൽ എആർഎ എഫ് സിയെ ഗോകുലം എതിരില്ലാത്ത എട്ട് ഗോളുകൾക്കാണ് ഗോകുലം കേരള പരാജയപ്പെടുത്തിയത്.

അനായാസ ജയം പ്രതീക്ഷിച്ചായിരുന്നു ഗോകുലം ഇറങ്ങിയതെങ്കിലും മികച്ച പ്രതിരോധമാണ് എആർഎ എഫ്.സി പുറത്തെടുത്തത്. എങ്കിലും അഞ്ചാം മിനിട്ടിൽ മനീഷയിലൂടെ ഗോകുലം ആദ്യ ഗോൾ നേടി. ലീഡ് ഉയർത്താനായി ഗോകുലം മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും എആർഎ പ്രതിരോധം കടുപ്പിച്ചു. 31-ാം മിനിട്ടിൽ ഗ്രേസ് ഗോകുലത്തിന്റെ രണ്ടാം ഗോൾ നേടി. ആദ്യ പകുതിയിൽ രണ്ട് ഗോൾ ലീഡിൽ കളം വിട്ട ഗോകുലം രണ്ടാം പകുതിയിൽ കടുത്ത ആക്രമണം അഴിച്ചുവിട്ടു.

49-ാം മിനിട്ടിൽ സൗമ്യ ഗോകുലത്തിന്റെ മൂന്നാം ഗോൾ നേടി. 66ാം മിനിട്ടിൽ വിൻ ഗോകുലത്തിന്റെ ലീഡ് ഉയർത്തി. 67ാം മിനിട്ടിൽ വിന്നിന് പകരം എൽ ഷദായി കളത്തിലെത്തിയതോടെ മത്സരം കൂടുതൽ വേഗത്തിലായി. 71,78, 93 മിനിട്ടുകളിൽ ഗോളുകൾ നേടിയ ഗോകുലത്തിന്റെ വിദേശ താരം എആർഎയുടെ പ്രതിരോധത്തെ താറുമാറാക്കി. എൽ ഷദായിയാണ് കളിയിലെ താരം. 83-ാം മിനുട്ടിൽ പകരക്കാരിയായി എത്തിയ ജ്യോതിയും ഗോകുലത്തിന്റെ സ്കോർ ബോർഡിന് ഒരു ഗോൾ സംഭാവന നൽകി. ആറു മത്സരത്തിൽ നിന്ന് 18 പോയിന്റുമായി ഗോകുലം കേരളയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്.