തിരുവനന്തുപുരം: പ്രഥമ കേരളാ ഗെയിംസിൽ തിരുവനന്തപുരത്തിന്റെ ആറാട്ട്. അഞ്ച് ദിവസത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ 16 സ്വർണവും 4 വെള്ളിയും 5 വെങ്കലവും ഉൾപ്പെടെ 25 മെഡലുകളുമായി ഒന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം എതിരാളികളേക്കാൾ ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്തിന്റെ സമ്പാദ്യം 5 വീതം സ്വർണവും വെങ്കലവും ഉൾപ്പെടെ 10 മെഡലുകളാണ്. 3 സ്വർണവും 4 വെള്ളിയും 5 വെങ്കലവും ഉൾപ്പെടെ 12 മെഡലുകളുള്ള എറണാകുളമാണ് മൂന്നാം സ്ഥാനത്ത്. എറാണാകുളത്തേക്കാൾ ആകെ മെഡലുകൾ കുറവാണെങ്കിലും കൂടുതൽ സ്വർണം നേടിയതിനാലാണ് മലപ്പുറം രണ്ടാം സ്ഥാനത്തെത്തിയത്.
ബോക്സിംഗിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാർ
കേരള ഗെയിംസിലെ ബോക്സിംഗ് പുരുഷ, വനിതാ വിഭാഗങ്ങളിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻമാരായി. പുരുഷ വിഭാഗത്തിൽ 42 പോയിന്റും വനിതാ വിഭാഗത്തിൽ 40 പോയിന്റുമാണ് തിരുവനന്തപുരം നേടിയത്. പുരുഷൻമാരുടെ വിഭാഗത്തിൽ 29 പോയിന്റോടെ വയനാടും വനിതാ വിഭാഗത്തിൽ 20 പോയിന്റോടെ കൊല്ലവും റണ്ണറപ്പായി.
ഖോ ഖോയിൽ തിരുവനന്തപുരവും മലപ്പുറവും
കേരള ഗെയിംസിലെ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന ഖോ ഖോ മത്സരങ്ങളിൽ മലപ്പുറം പുരുഷ വിഭാഗത്തിലും തിരുവനന്തപുരം വനിതാ വിഭാഗത്തിലും ചാമ്പ്യന്മാരായി. പുരുഷ ഫൈനലിൽ തിരുവനന്തപുരത്തെ 13 - 12 എന്ന സ്കോറിനാണ് മലപ്പുറം പരാജയപ്പെടുത്തിയത്. മലപ്പുറത്തിന്റെ അതുൽ വേണുവാണ് കളിയിലെ മികച്ച താരം. കോഴിക്കോട്, പാലക്കാട് ടീമുകൾ വെങ്കല മെഡൽ പങ്കിട്ടു. മലപ്പുറത്തിന്റെ ടീമിൽ മത്സരിച്ച എസ്.കെ. സിർബിൻ, എസ്. സിവിൻ, കെ.പി. അരുൺ എന്നിവരും തിരുവനന്തപുരം ടീമിലെ എം. മഹേഷും ഇന്ത്യൻ താരങ്ങളാണ്.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന വനിതാ വിഭാഗം ഫൈനലിൽ തിരുവനന്തപുരം ജില്ല 10 - 09 എന്ന മാർജിനിൽ പാലക്കാടിനെയാണ് പരാജയപ്പെടുത്തിയത്. മലപ്പുറം, കണ്ണൂർ ടീമുകൾക്കാണ് വെങ്കലം. തിരുവനന്തപുരം ജില്ലയുടെ പ്രീത കളിയിലെ മികച്ച താരമായി.
വനിതാ ഹോക്കി
 ഫൈനൽ
വനിതാ ഹോക്കി ഫൈനലിൽ എറണാകുളവും പത്തനംതിട്ടയും ഇന്ന് ഏറ്റുമുട്ടും. കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2.30നാണ് ഫൈനൽ.
അത്ലറ്റിക്സ്,
 ഷൂട്ടിംഗ്  നാളെ തുടങ്ങും
കേരള ഗെയിംസിലെ അത്ലറ്റിക്സ്, ഷൂട്ടിംഗ് മത്സരങ്ങൾ നാളെ തുടങ്ങും. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് അത്ലറ്റിക്സ് മത്സരങ്ങൾ. ഷൂട്ടിംഗ് മത്സരങ്ങൾ വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ രാവിലെ 8ന് ആരംഭിക്കും. രാവിലെ 6.30ന് പുരുഷന്മാരുടെ 10,000 മീറ്റർ ഫൈനലോടെയാണ് അത്ലറ്റിക്സ് മത്സരങ്ങൾ തുടങ്ങുക. തുടർന്ന് വനിതകളുടെ 10,000 മീറ്റർ ഫൈനൽ നടക്കും..