
ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന സസ്‌പെൻസിനൊടുവിൽ വ്യാഴാഴ്‌ച തൃക്കാക്കരയിലെ ഇടത്പക്ഷ സ്ഥാനാർത്ഥിയായി ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ. ജോ ജോസഫിനെ ഇടത് മുന്നണി നിശ്ചയിച്ചു. മുത്തുപോലത്തെ സ്ഥാനാർത്ഥിയാണ് ജോ ജോസഫെന്നാണ് മുന്നണി കൺവീനർ ഇ.പി ജയരാജൻ അഭിപ്രായപ്പെട്ടത്. ഡോക്‌ടർ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാകുന്നതിൽ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ.
തനിക്ക് മുന്നിലിരിക്കുന്നവരോട് ഹൃദയം കൊണ്ടാണ് ജോ ജോസഫ് എന്നും സംസാരിച്ചിട്ടുളളത്. ഇടത്പക്ഷം മുന്നോട്ടുവയ്‌ക്കുന്ന മനുഷ്യപക്ഷ പ്രവർത്തനങ്ങൾക്ക് 100ന്റെ പകിട്ട് നൽകാൻ ഡോക്‌ടർ നിയമസഭയിലെത്തുന്നതിലൂടെ കഴിയുമെന്നാണ് കെ.കെ ശൈലജ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ അഭിപ്രായപ്പെട്ടത്. തന്റെ ജനതയോട് ഹൃദയം കൊണ്ട് സംവദിക്കാൻ ജോ ജോസഫിന് കഴിയുമെന്നും കെ.കെ ശൈലജ പറഞ്ഞു.
കെ.കെ ശൈലജയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:
ഡോ. ജോ ജോസഫ് തൃക്കാക്കര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാവുന്നുവെന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ആതുര സുശ്രൂഷാ രംഗത്തെ മാനുഷിക മുഖങ്ങളിലൊന്നാണ് ഡോ. ജോ ജോസഫ്. തനിക്ക് മുന്നിലിരിക്കുന്നവരോട് ഹൃദയംകൊണ്ടാണ് ജോ ജോസഫ് എന്നും സംസാരിച്ചിട്ടുള്ളത്. മനുഷ്യപക്ഷം ചേർന്നുള്ള വികസന കാഴ്ചപ്പാടുകൾ മുന്നോട്ടുവയ്ക്കുന്ന ഇടതുപക്ഷത്തോടൊപ്പം ജോ ജോസഫിനെ പോലൊരു ഡോക്ടർ നിയമസഭയിലെത്തുന്നത് മനുഷ്യപക്ഷ വികസന പ്രവർത്തനങ്ങൾക്ക് 100 ന്റെ പകിട്ട് നൽകും.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയർത്തിപ്പിടിക്കുന്ന മനുഷ്യ സ്‌നേഹത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ആശയങ്ങൾ കൂടുതൽ തെളിമയോടെ തൃക്കാക്കരയിലെ ജനങ്ങളിലേക്കെത്തിക്കാൻ ജോ ജോസഫിനെപോലെ സാധാരണക്കാരന്റെ ഹൃദയമിടിപ്പ് തൊട്ടറിഞ്ഞ ആതുര സുശ്രൂഷകന് കഴിയും. ജോ ജോസഫിലെ മനുഷ്യ സ്‌നേഹിയെ നമ്മൾ കണ്ടത് 2020 ജൂലൈ 21 ന് എറണാകുളം ലിസി ആശുപത്രിയിൽ നടന്ന ഹൃദയമാറ്റ ശാസ്ത്രക്രിയയിലൂടെയാണ്. തിരുവനന്തപുരത്ത് നിന്നും ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷയും കൈയ്യിലേന്തി മിടിക്കുന്ന ഹൃദയവുമായി ഡോ. ജോ ജോസഫ് എറണാകുളം ലിസി ആശുപത്രിയിലേക്ക് പുറപ്പെട്ടു.
മൂന്ന് മണിക്കൂർ 11 മിനുട്ട് കൊണ്ട് ആ ഹൃദയം ലിസി ആശുപത്രിയിലെ സണ്ണി തോമസിന്റെ ശരീരത്തിൽ മിടിച്ചു. ഇതുൾപ്പെടെ അനേകം ഹൃദയ ശാസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ആതുര സുശ്രൂഷകനാണ് ജോ ജോസഫ്.
കേരളത്തിലെ അറിയപ്പെടുന്ന ഹൃദ്രോഗ വിദഗ്ധരിൽ ഒരാളായ ജോ ജോസഫ് സാമൂഹ്യപ്രവർത്തകൻ, എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും തന്റേതായ മുദ്ര പതിപ്പിച്ച വ്യക്തിയാണ്. ഹൃദ്രോഗ, ഹൃദയാരോഗ്യ പരിപാലന രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഹാർട്ട് കെയർ ഫൗണ്ടേഷന്റെ എക്സിക്യുട്ടീവ് ട്രസ്റ്റിയായ ജോ പ്രളയകാലത്തും കോവിഡ് മഹാമാരിയുടെ ഘട്ടത്തിലും ശ്രദ്ധേയമായ സേവനപ്രവർത്തനങ്ങൾ കാഴ്ചവച്ചു. മറ്റു നിരവധി സംഘടനകളിലും അദ്ദേഹം ഭാരവാഹിത്വം വഹിക്കുന്നുണ്ട്.
തന്റെ അറിവും കഴിവും സന്നദ്ധതയും മനുഷ്യപക്ഷത്തോട് ചേർന്ന് നിന്ന് നടപ്പിലാക്കുന്നതിനും അവന്റെ വേദനകളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുന്നതിനുമുള്ള സന്നദ്ധതയാണ് ജോ ജോസഫിനെ വ്യത്യസ്തനാക്കുന്നത്. തൃക്കാക്കരയിലെ ജനങ്ങളുടെ ശബ്ദമാവാൻ ജോ ജോസഫിനെ യോഗ്യനാക്കുന്നതും ഇതുതന്നെ.
ഇടതുപക്ഷത്തിന്റെ മനുഷ്യപക്ഷ രാഷ്ട്രീയം ജനകീയവും സമഗ്രവുമായ വികസന നയങ്ങൾ ഇവയെല്ലാം 100 ശതമാനം തനിമയോടെ തൃക്കാക്കരയിലെ ജനങ്ങൾക്ക് നൽകാൻ അദ്ദേഹത്തിന് കഴിയും തന്റെ ജനതയോട് ഹൃദയംകൊണ്ട് സംവദിക്കാൻ ജോ ജോസഫിന് കഴിയും അദ്ദേഹത്തിന് എല്ലാ വിജയാശംസകളും.