charummoodu

ആലപ്പുഴ: ചാരുംമൂട് കോൺഗ്രസ്-സിപിഐ സംഘർഷത്തിൽപെട്ട നാലുപേരെ പൊലീസ് പിടികൂടി. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ് രണ്ട് സിപിഐ പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തത്. രണ്ട് കോൺഗ്രസ് പ്രവർത്തകരെയും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. നൂറനാട് സ്വദേശി ശ്രീനാഥ്, ചാരുംമൂട് സ്വദേശി റഫീക്ക് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. നൂറനാട് കോൺഗ്രസ് ബ്ളോക്ക് ജനറൽ സെക്രട്ടറി ഷാ പാറയിൽ,ശൂരനാട് മണ്ഡലം യൂത്ത്കോൺഗ്രസ് സെക്രട്ടറി ഷമീം ഷാജി എന്നിവരാണ് പൊലീസ് കസ്‌‌റ്റഡിയിലുള‌ളത്.

അതേസമയം ചാരുംമൂടുണ്ടായത് പ്രവർത്തകരുടെ സ്വാഭാവിക പ്രതികരണമാണെന്ന് സിപിഐ നേതാക്കൾ പ്രതികരിച്ചു. പാർട്ടിയുടെ കൊടിമരം നശിപ്പിച്ചതിലുള‌ള സ്വാഭാവിക പ്രതികരണമാണത്. കോൺഗ്രസ് ഓഫീസിന് മുന്നിൽ സിപിഐ പ്രവർത്തകർ ആദ്യം കൊടി നാട്ടുകയും പിന്നാലെ കൊടിമരം നാട്ടുകയും ചെയ്‌തതാണ് പ്രദേശത്ത് ഇരുപാർട്ടി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടാകാൻ കാരണം.

സിപിഐ പ്രവർത്തകർ സംഘടിച്ചെത്തി കോൺഗ്രസ് ഓഫീസ് തല്ലിത്തകർത്തതിനെ തുടർന്ന് ചാരുംമൂടിന് സമീപത്തെ അഞ്ച് പഞ്ചായത്തുകളിൽ വ്യാഴാഴ്‌ച ഹ‌ർത്താൽ പ്രഖ്യാപിച്ചിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് ഇരു പാർട്ടി പ്രവർത്തകരും തമ്മിലടിച്ചത്. വിഷയത്തിൽ പൊലീസ് ഇടപെടാത്തതിൽ കോൺഗ്രസ് സംഭവദിവസം തന്നെ ശക്തമായി പ്രതിഷേധിച്ചിരുന്നു.