
ചേലക്കരയുടെ രാധേട്ടൻ മന്ത്രിയായെങ്കിലും നാട്ടിലെത്തിയാൽ ഇപ്പോഴും തിരക്കിലാണ്. മന്ത്രിയായതോടെ ഉണ്ണാനും ഉറങ്ങാനും വരെ സമയമില്ല. തോന്നൂർക്കരയിലെ വീട്ടിലെത്തുന്ന ദിവസം ഉറക്കമുണരും മുമ്പേ നാട്ടുകാർ വരാന്തയിലുണ്ടാകും. അവരുടെ കാര്യങ്ങൾ കേട്ട് പരിഹാരം നിർദ്ദേശിച്ച് കഴിയുമ്പോഴേക്കും പ്രഭാത കൃത്യത്തിന് വരെ സമയമുണ്ടാകില്ല.
എല്ലാം ധൃതിയിൽ ചെയ്ത ശേഷം പല പരിപാടികളിലും പങ്കടുക്കണം. ഔദ്യോഗിക കാര്യങ്ങൾ നടത്തണം. എന്നാൽ നാട്ടിലെത്തിയാൽ ഈ തിരക്കിനിടയിലും മണ്ണിൽ പണിയെടുക്കാനുള്ള മോഹം രാധേട്ടന് പിന്നാലെയുണ്ടാകും. പുതു മഴ പെയ്ത് മണ്ണ് നനഞ്ഞപ്പോഴേ മന്ത്രിയുടെ വേഷത്തിൽ നിന്ന് കർഷകൻ തലപൊക്കി തുടങ്ങി.
പിന്നെ കൂട്ടുകാരുമൊത്ത് ചേലക്കരയിലെ ക്യാമ്പ് ഓഫീസിന് സമീപത്തെ പറമ്പ് പാട്ടത്തിനെടുത്ത് കൈക്കോട്ടുമായി കൃഷിനിലം ഒരുക്കാനിറങ്ങി. കപ്പ, ചേന, കാച്ചിൽ എന്നിവയാണ് ഉടൻ കൃഷിയിറക്കുന്നത്. കൊവിഡ് അടച്ചിടൽ കാലത്തും സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത് കപ്പക്കൃഷി ചെയ്തിരുന്നു. ലോക്ഡൗൺ പോലുള്ള പ്രതികൂല സാഹചര്യം അന്നത്തെ കൃഷി നഷ്ടത്തിലാക്കി. വെള്ളു കപ്പയായും വാട്ടക്കപ്പയായും വിൽക്കാൻ നോക്കിയിട്ടും നഷ്ടമായിരുന്നു.
കാർഷിക സ്‌നേഹവും അദ്ധ്വാനത്തിന്റെ മഹത്വവും സിരകളിൽ അലിഞ്ഞുചേർന്ന രാധാകൃഷ്ണൻ ഇത്തവണയും കിട്ടിയ സമയം നോക്കി കൈക്കോട്ടുമായി കൃഷിക്കിറങ്ങി. 'പുതുമഴയിൽ മണ്ണ് നനഞ്ഞു, ഇനി കൃഷിയുടെ നാളുകൾ' കൂട്ടുകാരോടൊപ്പം ചേലക്കരയിൽ. എന്ന് അറിയിച്ച് ഇക്കാര്യം സമൂഹമാദ്ധ്യമത്തിലും പങ്കുവച്ചു.