
എറണാകുളം നഗരഹൃദയത്തിലെ കടവന്ത്രയുടെയും ഇടപ്പള്ളിയുടെയും പാലാരിവട്ടത്തിന്റെയും ഭാഗങ്ങൾ മുതൽ കൊച്ചിയുടെ സിലിക്കൺ വാലിയായ ഇൻഫോപാർക്ക് വരെ നീണ്ടുകിടക്കുന്നു തൃക്കാക്കര മണ്ഡലം. തൃക്കാക്കരയ്ക്ക് ആ പേര് സിദ്ധിച്ച പ്രസിദ്ധമായ തൃക്കാക്കര ക്ഷേത്രമാകട്ടെ തൊട്ടടുത്ത കളമശേരി മണ്ഡലത്തിലുമാണ്.
എന്നാൽ നിയമസഭയിൽ തൃക്കാക്കരയെന്ന പേരെത്തിയത് 2011ലായിരുന്നു. പിന്നെ മൂന്ന് തിരഞ്ഞെടുപ്പങ്കത്തിലും കോൺഗ്രസിന്റെ കുത്തക. പി.ടി.തോമസ് എന്ന കേരളത്തിന്റെ പി.ടി ക്രൈസ്തവസഭയുടെ എതിർപ്പുകളെ മറികടന്ന് 2016ൽ മണ്ഡലം സ്വന്തമാക്കിയത് കോൺഗ്രസിന്റെ ഈ അപ്രമാദിത്വം കൊണ്ടായിരുന്നു. പി.ടി മണ്ഡലത്തിന്റെ ഹൃദയപക്ഷമായത് ക്ഷണനേരത്തിലായിരുന്നു. ചെറുതും വലുതുമായ പ്രശ്നങ്ങളിൽ ഇടപെട്ട് സ്വന്തം കാര്യം പോലെ പാർട്ടിഭേദമെന്യേ നാട്ടുകാരുടെ ഒപ്പം നിന്നു. പറഞ്ഞതിനും അഞ്ച് മിനിറ്റ് മുൻപേ എത്തുന്ന പി.ടിയുടെ രീതിയും അനന്യമായ രാഷ്ട്രീയശൈലിയും മെട്രോനഗരിയ്ക്ക് പുതുമയായിരുന്നു.
പി.ടിയുടെ അപ്രതീക്ഷിത വിയോഗവും പത്നി ഉമതോമസിന്റെ രംഗപ്രവേശവും ഇടതുസ്ഥാനാർത്ഥി നിർണയത്തിലെ അനിശ്ചിതത്വവും നാടകീയതയും ആം ആദ്മിയും ട്വന്റി20 സഖ്യവുമൊക്കെ തൃക്കാക്കരയെ ദേശീയശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ്.
രാഷ്ട്രീയത്തിനപ്പുറം കെ റെയിലിന്റെ ഹിതപരിശോധന കൂടിയാകുമെന്നതാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പ്രത്യേകത.
കൊച്ചി കോർപ്പറേഷനിലെ 19 വാർഡുകളും തൃക്കാക്കര നഗരസഭയിലെ 43 വാർഡുകളും ഉൾപ്പെടുന്നതാണ് തൃക്കാക്കര നിയമസഭാ മണ്ഡലം. സാമുദായികമായി നോക്കിയാൽ 45 ശതമാനത്തോളം ഹൈന്ദവരാണ്. പക്ഷേ 37 ശതമാനം വരുന്ന ക്രൈസ്തവരും 18 ശതമാനം മുസ്ളീങ്ങളുമാണ് യു.ഡി.എഫിന്റെ കരുത്ത്. റോമൻ, ലത്തീൻ സമുദായങ്ങൾക്ക് ഏതാണ്ട് തുല്യശക്തിയുമുണ്ട്. അതിനാൽത്തന്നെ സഭകളുടെ വാക്കിന് ഇരുമുന്നണികളും ചെവിയോർക്കുകയും ചെയ്യും.
2011ൽ നിലവിൽ വന്ന മണ്ഡലത്തിൽ പിന്നിട്ട മൂന്ന് തിരഞ്ഞെടുപ്പിലും യു.ഡി.എഫി (കോൺഗ്രസ്) നായിരുന്നു ആധിപത്യം. 2011 ലെ കന്നിയങ്കത്തിൽ കോൺഗ്രസ് (ഐ)ലെ ബെന്നി ബഹനാൻ ഇടതുമുന്നണിയുടെ എം.ഇ. ഹസൈനാരെ 22,406 വോട്ടിന് തോൽപ്പിച്ച് തൃക്കാക്കര കോൺഗ്രസിനൊപ്പമെന്ന് പ്രഖ്യാപിച്ചു. 2016 ൽ മണ്ഡലം ഏറ്റെടുത്ത പി.ടി. തോമസ്, ഇടതുസ്വതന്ത്രനായിരുന്ന ഡോ. സെബാസ്റ്റ്യൻ പോളിനെ 11,996 ന് പരാജയപ്പെടുത്തി വിജയം ആവർത്തിച്ചു. ബി.ജെ.പി, ബി.ഡി.ജെ.എസ് സഖ്യത്തിന്റെ കന്നിയങ്കത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി എസ്. സജി 21,247 വോട്ടുമായി തൃക്കാക്കരയുടെ രാഷ്ട്രീയ മണ്ഡലത്തിൽ സാമീപ്യമറിയിച്ച തിരഞ്ഞെടുപ്പുകൂടിയായിരുന്നു 2016 ലേത്. 2011 ൽ 5,935 വോട്ടായിരുന്നു ബി.ജെ.പി യുടെ വിഹിതം.
2021 ൽ രണ്ടാം പിണറായി സർക്കാരിന്റെ കാഹളധ്വനിയുമായി കേരളമാകെ ഇടതുതരംഗം ആഞ്ഞുവീശിയിട്ടും എൽ.ഡി.എഫിലെ ഡോ.ജെ. ജേക്കബിനെ 14,329 വോട്ടിന് പിന്തള്ളി പി.ടി.തോമസ് മണ്ഡലം നിലനിറുത്തി. മണ്ഡലം പിടിച്ചെടുക്കുക എന്നതിനുപരി ഒന്നാംപിണറായി സർക്കാരിന്റെ കണ്ണിലെ കരടായിരുന്ന പി.ടിയെ എങ്ങനെയും തളയ്ക്കുകയെന്ന ലക്ഷ്യവും 2021 ൽ ഇടതുമുന്നണിക്കുണ്ടായിരുന്നു. എന്നിട്ടും തൃക്കാക്കരയുടെ കാറ്റ് ഇടതുപക്ഷത്തിന് അനുകൂലമായില്ല. 2015ലെ ദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലൂടെ രംഗത്തുവന്ന ട്വന്റി20യുടെ സാമീപ്യവും എൻ.ഡി.എയുടെ മുന്നേറ്റവും ഫലത്തിൽ 2021 ൽ പി.ടി. തോമസിന് കടുത്ത വെല്ലുവിളിയായിരുന്നെങ്കിലും മണ്ഡലത്തിന്റെ മനസ് ഇളക്കാനായില്ല. 2020 ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ വോട്ട് വിഹിതത്തിൽ യു.ഡി.എഫ് മേൽക്കൈ നിലനിറുത്തി. യു.ഡി.എഫ് 45,643, എൽ.ഡി.എഫ് 43,406, എൻ.ഡി.എ 11,413 വോട്ട് എന്നതായിരുന്നു മുന്നണികളുടെ വോട്ടുവിഹിതം.
കേരളമാകെ കെ റെയിൽ വിവാദം ആളിക്കത്തുന്നതിനിടെ സിൽവർലൈൻ കടന്നുപോകുന്ന, എറണാകുളം സ്റ്റേഷൻ സ്ഥാപിക്കുന്ന മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് എന്നനിലയിലും രണ്ടാം പിണറായി സർക്കാരിന്റെ ജനഹിതപരിശോധനയെന്ന നിലയിലും തൃക്കാക്കരയുടെ മനസറിയാൻ കേരളത്തിന് ആകാംക്ഷയുണ്ട്. നിയമസഭയിലെ ആൾബലം 99 ൽ നിന്ന് 100 ലെത്തിക്കാനുള്ള സുവർണാവസരമായിട്ടാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മന്ത്രിമാരും എം.എൽ.എ മാരും കേന്ദ്ര സംസ്ഥാന നേതാക്കളും തൃക്കാക്കര കേന്ദ്രീകരിച്ച് ശക്തമായ പ്രവർത്തനം കാഴ്ചവയ്ക്കുമെന്നും ഉറപ്പാണ്. എറണാകുളത്തെ പ്രമുഖസ്വകാര്യ ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയ വിദഗ്ദ്ധൻ ഡോ. ജോ ജോസഫാണ് ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി.
അതേസമയം, ഉറച്ചകോട്ടയെന്ന ആത്മവിശ്വാസത്തിനപ്പറും മണ്ഡലത്തിലെ ജനങ്ങൾക്ക് പി.ടി.തോമസിനോടുള്ള ആത്മബന്ധം മുതലെടുത്ത് വിജയം ഉറപ്പിക്കാനാണ് യു.ഡി.എഫിന്റെ നീക്കം. അതിന്റെ ഭാഗമായാണ് പി.ടി. തോമസിന്റെ ഭാര്യയും വിദ്യാർത്ഥി രാഷ്ട്രീയം മുതൽ കോൺഗ്രസ് സഹയാത്രികയുമായ ഉമ തോമസിനെ രംഗത്തിറക്കിയത്. സാധാരണ യു.ഡി.എഫ് കീഴ്വഴക്കമനുസരിച്ച് ഏറ്റവും സങ്കീർണമാകുന്നത് സ്ഥാനാർത്ഥിനിർണയമാണ്. എന്നാൽ ഇത്തവണ റെക്കോഡ് വേഗത്തിൽ, വിവാദങ്ങളൊന്നുമില്ലാതെ ഉമ തോമസിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാനായത് കോൺഗ്രസിന്റെ പ്രത്യേകിച്ച് യു.ഡി.എഫിന്റെ ആദ്യവിജയമായാണ് അണികൾ വിലയിരുത്തുന്നത്. ഉമയോട് പൊരുതാൻ പൊതുസമ്മതനെ തേടി ഇടതുമുന്നണിയുടെ പരക്കംപാച്ചിലായിരുന്നു തൃക്കാക്കരയുടെ അങ്കത്തട്ടിൽ ആദ്യം തെളിഞ്ഞ ചിത്രം.
കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന പ്രൊഫ. കെ.വി. തോമസിന്റെ രാഷ്ട്രീയ നിലപാട് എന്താകുമെന്നുകൂടി ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്. 2020 ൽ 10.18 ശതമാനം വോട്ടുനേടിയ ട്വിന്റി 20 ക്കൊപ്പം ആംആദ്മി കൈകോർത്ത് അങ്കത്തിനിറങ്ങുന്നതും എൻ.ഡി.എ യുടെ ബലപരീക്ഷണവും കൂടിയാകുമ്പോൾ തൃക്കാക്കരയിൽ ചതുഷ്‌കോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്.