
കൊവിഡ് മുടക്കിയ പൂരത്തിന്റെ പെരുമ ഇത്തവണ തിരിച്ചെത്തിയിരിക്കുകയാണ്. തിരുവമ്പാടിയിലും പാറമേക്കാവിലും എട്ട് ഘടക ക്ഷേത്രങ്ങളിലും ഇന്നലെ പൂരം കൊടിയേറി. പൂരത്തിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായ പൂരക്കെട്ട് ഇത്തവണ നയിക്കുന്നത് ഷീനയെന്ന നാൽപ്പത്തിയൊന്നുകാരിയാണ്. തൃശൂരിന്റെ വെടിക്കെട്ട് പെരുമയിൽ ആദ്യമായാണ് ഒരു വനിത കമ്പക്കെട്ടിന് നേതൃത്വം വഹിക്കുന്നത്.
കുണ്ടന്നൂർ പത്തലങ്ങാട്ട് സുരേഷിന്റെ ഭാര്യയായ ഷീന 21 കൊല്ലമായി ഭർത്താവിനൊപ്പം കരിമരുന്നു പണിയിൽ സജീവമാണ്. വെടിക്കെട്ട് രംഗത്ത് ഇതിന് മുമ്പും വനിതാ ലൈസൻസികൾ ഉണ്ടായിട്ടുണ്ടെങ്കിലും തൃശൂർ പൂരം വെടിക്കെട്ടിന് നേതൃത്വം നൽകാൻ അവസരം ലഭിച്ചിട്ടില്ല. കഴിഞ്ഞ ഒരു മാസമായി പൂരം വെടിക്കെട്ടിനുള്ള ഒരുക്കത്തിലാണ് ഷീനയും സഹപ്രവർത്തകരും. ഇരുപതോളം പണിക്കാർ ഒപ്പമുണ്ട്. പൂരനഗരി ശബ്‌ദവർണാഘോഷങ്ങളിൽ അലിയുമ്പോൾ അതിൽ തന്റെ സ്വന്തം കയ്യൊപ്പുമുണ്ടാകുമെന്ന് ഷീന പറയുന്നു. തന്റെ സ്വന്തം മാസ്റ്റർ പീസ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷീന.
സുരേഷിന്റെ കുടുംബം പാരമ്പര്യമായി വെടിക്കെട്ടു പണിക്കാരാണ്. അങ്ങനെയാണ് വിവാഹിതയായി മുള്ളൂർക്കരയിൽ നിന്നും കുണ്ടന്നൂരിലെത്തിയ ഷീന വെടിക്കെട്ടു നിർമ്മാണത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. ഇപ്പോൾ വെടിക്കെട്ട് നിർമ്മാണം തനിക്ക് മനപാഠമാണെന്നും ഷീന പറഞ്ഞു.
മേയ് 10നാണ് തൃശൂർ പൂരം. എട്ടിന് സാമ്പിൾ വെടിക്കെട്ടും ചമയപ്രദർശനവും. 11ന് പുലർച്ചെ വെടിക്കെട്ടിനുശേഷം ഉച്ചയോടെ പൂരം വിടചൊല്ലിപ്പിരിയും.