മലയാളികൾക്ക് ഏറെ സുപരിചിതനായ ഹിറ്റ് മേക്കറാണ് സത്യൻ അന്തിക്കാട്. ജയറാമും മീരാ ജാസ്‌മിനും ഒന്നിച്ച മകൾ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയത്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചുള്ള വിശേഷങ്ങൾ തുറന്നുപറയുകയാണ് അദ്ദേഹം. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് സത്യൻ അന്തിക്കാടിന്റെ പ്രതികരണം.

ആളുകൾക്ക് തന്റെ ചിത്രങ്ങൾ മടുക്കുന്നില്ലെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. താൻ വിഷയങ്ങൾ ആവർത്തിക്കുന്നില്ല എന്നതാണ് ഇതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

സാധാരണയായി ഒരു വിഷയമാണ് തന്റെ സിനിമകളിൽ ആദ്യം ഉണ്ടാകാറുള്ളതെന്നും എന്നാൽ ജീവിതത്തിൽ നടനു വേണ്ടി സിനിമ ചെയ്‌തത് ഒരിക്കൽ മാത്രമാണെന്നും സത്യൻ അന്തിക്കാട് പറ‌ഞ്ഞു.1989 ൽ പുറത്തിറങ്ങിയ അർത്ഥം എന്ന ചിത്രമായിരുന്നു അത്. തന്റെ രീതി മാറ്റിയത് മമ്മൂട്ടിക്ക് വേണ്ടിയായിരുന്നുവെന്ന് അദ്ദേഹം പങ്കുവച്ചു.

'മമ്മൂട്ടിയ്ക്ക് വേണ്ടിയാണ് താൻ അർത്ഥം ചെയ്‌തത്. കിന്നാരത്തിലും ഗാന്ധി നഗർ സെക്കന്റ് സ്‌ട്രീറ്റിലും ഗസ്റ്റ് റോളിൽ എത്തിയിരുന്നുവെങ്കിലും ശ്രീധരന്റെ ഒന്നാം തിരുമുറിവിലാണ് മമ്മൂട്ടി തന്റെ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി നന്നായി ചെയ്‌തുവെങ്കിലും തന്റെ മറ്റ് ചിത്രങ്ങളെപ്പോലെ ശ്രീധരന്റെ ഒന്നാം തിരുമുറിവ് സൂപ്പർഹിറ്റായില്ല' - സത്യൻ അന്തിക്കാട് പറഞ്ഞു.

നിങ്ങൾ നാടോടിക്കാറ്റും വരവേൽപ്പുമൊക്കെ എടുക്കുന്നുണ്ട്. മോഹൻലാലിനെ വച്ച് ധാരാളം ഹിറ്റുകൾ നിങ്ങൾ ചെയ്യുന്നുണ്ടെന്നും തനിക്കും ഒരുപാട് സൂപ്പർ ഹിറ്റുകൾ വേറെയുണ്ടെന്നും പിന്നീട് ഒരിക്കൽ കണ്ടപ്പോൾ മമ്മൂട്ടി പറഞ്ഞുവെന്ന് സത്യൻ അന്തിക്കാട് ചൂണ്ടിക്കാട്ടി.

മമ്മൂട്ടിയെന്ന നടനെ വച്ച് ഹിറ്റുണ്ടാക്കാൻ സാധിക്കാത്തത് തന്റെ കുറ്റം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുടെ ഈ വാക്കുകൾ തന്റെ ഉള്ളിൽ കൊണ്ടു. മമ്മൂട്ടിയെ വച്ച് ഹിറ്റുണ്ടാക്കണമെന്ന് ഇതോടെ തീരുമാനിച്ചു. ഇക്കാര്യം വേണു നാഗവള്ളിയോട് പറഞ്ഞു.

മമ്മൂട്ടിയെ ആളുകൾക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ ഒരു കഥാപാത്രത്തെ ഉണ്ടാക്കണമെന്നാണ് വേണുവിനോട് പറഞ്ഞത്. വിചാരിച്ചത് പോലെ വന്നതോടെ സിനിമ ഹിറ്റായെന്നും മമ്മൂട്ടിയുടെ മുന്നിൽ മാനം കാത്തുവെന്നും സത്യൻ അന്തിക്കാട് ചൂണ്ടിക്കാട്ടി. മമ്മൂട്ടി വളരെ സെൻസിറ്റിവാണെന്നും അദ്ദേഹത്തെ കരയിക്കാൻ എളുപ്പമാണെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേ‌ത്തു.

അഭിമുഖത്തിന്റെ പൂർണരൂപം കാണാം...

mammootty-sathyan-