
ഒ എൻ ജി സിയിൽ ജോലി വാഗ്ദ്ധാനം ചെയ്ത് നിരവധി പേരിൽ നിന്നും പണം തട്ടിയ യുവാവിനെ വിവാഹം ഉറപ്പിച്ച പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റ് ചെയ്തു. ആസാം പോലീസിൽ ജോലി ചെയ്യുന്ന ജുൻമോനി രാഭയാണ് സാമ്പത്തിക കുറ്റത്തിന് റാണ പോഗാഗിനെ അറസ്റ്റ് ചെയ്തത്. ഇവർ തമ്മിലുള്ള വിവാഹം നവംബറിൽ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. കോടികളുടെ തട്ടിപ്പാണ് ഇയാൾ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പൊതുമേഖല സ്ഥാപനമായ ഒ എൻ ജി സിയിൽ പി ആർ ഒയായി ജോലി നോക്കുകയാണെന്ന് പറഞ്ഞാണ് ജുൻമോനി രാഭയെ റാണ പോഗാഗ് പരിചയപ്പെട്ടത്. പരസ്പരം ഇഷ്ടമായതോടെ താമസിയാതെ ഇവർ വിവാഹിതരാവാൻ തീരുമാനിക്കുകയും കഴിഞ്ഞ ഒക്ടോബറിൽ വിവാഹ നിശ്ചയം നടത്തുകയുമായിരുന്നു. എന്നാൽ തൊഴിൽ തട്ടിപ്പ് നടത്തിയെന്ന് കാട്ടി റാണ പോഗാഗിനെതിരെ ചില പരാതികൾ ജുൻമോനിക്ക് ലഭിച്ചതാണ് വഴിത്തിരിവായത്. തന്ത്രപൂർവം യുവാവിന്റെ ബാഗ് പരിശോധിച്ച ഉദ്യോഗസ്ഥയ്ക്ക് നിരവധി വ്യാജ സീലുകളും രേഖകളും കണ്ടെത്താനായി. തുടർന്ന് എഫ് ഐ ആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പരാതിയുമായി തന്നെ കാണാനെത്തിയവരോട് നന്ദിപറയുകയാണ് പൊലീസ് ഉദ്യോഗസ്ഥ ഇപ്പോൾ.
ഇതിന് മുൻപും ജുൻമോണി രാഭ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ബിഹ്പുരിയ എംഎൽഎ അമിയ കുമാർ ഭുയാനുമായുള്ള സംഭാഷണമായിരുന്നു ഇത്. ബിജെപി അനുഭാവികളുടെ ആവശ്യം നിരാകരിച്ചതിനെ തുടർന്നായിരുന്നു എം എൽ എയുമായി ജുൻമോണി രാഭയ്ക്ക് ഇടയേണ്ടി വന്നത്. 2022 ജനുവരിയിൽ ജുൻമോണി മജുലി ദ്വീപിൽ ജോലി ചെയ്ത സമയത്തായിരുന്നു സംഭവം. ബ്രഹ്മപുത്രയിൽ ഒറ്റ എഞ്ചിൻ ഘടിപ്പിച്ച ബോട്ടുകൾ നിരോധിച്ച നടപടിയാണ് തർക്കത്തിന് കാരണമാക്കിയത്. പൊലീസ് ബോട്ട് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് ബി ജെ പി പ്രവർത്തകർ ജുൻമോണി രാഭയുമായി തർക്കമുണ്ടായത്.