
ശരീരഭാരം കുറച്ച് ആരോഗ്യം നിലനിർത്താനായാണ് പലരും ജിമ്മുകളിൽ പോകുന്നതും കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നതും. ശരീരത്തിലെ മസിലുകളെയും സന്ധികളെയും ദിനംപ്രതി പുഷ്ടിപ്പെടുത്തി മാംസപേശികളെ ബലപ്പെടുത്തുകയും അതിലൂടെ ആകാരഭംഗി നിലനിർത്താനുമുള്ള എളുപ്പമാർഗമാണ് വെയിറ്റ് ട്രെയിനിംഗ്. ദിവസേനയുള്ള വ്യായാമത്തിൽ വെയിറ്റ് ട്രെയിനിംഗ് ഉൾപ്പെടുത്തുന്നത് ശരീരഘടന നിലനിർത്തുന്നതിന് സഹായിക്കുമെന്ന് സെലിബ്രിറ്റി ട്രെയിനറായ ശിവോഹം അടുത്തിടെ തന്റെ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

വെയിറ്റ് ട്രെയിനിംഗ് ചെയ്യുന്നതിലൂടെ ശരീരത്തിൽ പേശികൾ ബലപ്പെടുന്നു. ഇതിലൂടെ നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസം വർദ്ധിക്കുകയും ഇത് ദിവസം മുഴുവൻ നിങ്ങളുടെ ശരീരത്തിൽ നിന്നും കൊഴുപ്പ് അലിയിച്ച് കളയുന്നതിനും സഹായിക്കുന്നു. വെയിറ്റ് ട്രെയിനിംഗിനായി മിക്കവാറുമുള്ള എല്ലാ ജിമ്മുകളിലും ഉപയോഗിച്ചുവരുന്ന രണ്ട് വസ്തുക്കളാണ് ഡംബെല്ലുകളും കെറ്റിൽബെല്ലുകളും. എന്നാൽ അവ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനനുസരിച്ചാണ് നിങ്ങളുടെ ശരീരത്തിൽ മാറ്റം കണ്ടുതുടങ്ങുക.
കെറ്റിൽബെല്ലും ഡംബെല്ലും ഭാരമുള്ല വസ്തുക്കളാണെങ്കിലും രണ്ടും കാണാൻ വ്യത്യസ്തമാണ്. ഡംബെല്ലിൽ ഹാന്റിലിന്റെ രണ്ട് ഭാഗത്തും തുല്യമായാണ് ഭാരം. എന്നാൽ കെറ്റിൽബെല്ലിൽ ഹാന്റിലിന്റെ താഴെയാണ്. ഇവ രണ്ടും ഉപയോഗിച്ചുകൊണ്ട് വിവിധ തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യാൻ സാധിക്കും.
ധാരാളം വ്യായാമങ്ങൾ ചെയ്യുന്നവരാണെങ്കിൽ കെറ്റിൽബെല്ലിനെക്കാൾ ഡംബെൽ ഉപയോഗിക്കുന്നതാണ് എളുപ്പം. അവ കൂടുതൽ സമയം കൈയിൽ വയ്ക്കുന്നതുകൊണ്ട് വേദനയോ മറ്റ് പ്രശ്നങ്ങളോ ഉണ്ടാകില്ല. ഡംബെൽ ബെഞ്ച് പ്രസ്, ഡംബെൽസ് പുഷ് പ്രസ്, ഡംബെൽ സ്ക്വാട്ടുകൾ തുടങ്ങി നിരവധി വ്യായാമങ്ങൾ ഡംബെൽ ഉപയോഗിച്ച് ചെയ്യാം.

സ്വിംഗ്, സ്നാച്ച് തുടങ്ങിയ വ്യായാമങ്ങൾ ചെയ്യുമ്പോൾ കെറ്റിൽബെൽ ഉപയോഗിക്കുന്നത് ശരീരത്തിന് കൂടുതൽ ബലം നൽകുന്നതിനും തോളിന് കൂടുതൽ വഴക്കം നൽകുന്നതിനും ഇത് സഹായിക്കും. കെറ്റിൽബെൽ സ്വിംഗ്, കെറ്റിൽബെൽ ലുങ്കുകൾ, കെറ്റിൽബെൽ സ്ക്വാട്ടുകൾ എന്നിവയും ഫലപ്രദമായ വ്യായാമങ്ങളാണ്.
ഡംബെല്ലുകൾക്കും കെറ്റിൽബെല്ലുകൾക്കും അതിന്റേതായ വ്യായാമങ്ങൾ പറയുന്നുണ്ടെങ്കിലും നിങ്ങൾക്ക് ഏതാണോ കൂടുതൽ സൗകര്യപ്രദമായി തോന്നുന്നത് എന്നതനുസരിച്ച് മാറ്റി ഉപയോഗിക്കുന്നതിലും തെറ്റില്ല.