photo

ഹയർസെക്കൻഡറി ഒന്നാംവർഷ മോഡൽ പരീക്ഷ ജൂൺ രണ്ടിനും, പൊതുപരീക്ഷ ജൂൺ 13 നും, തുടങ്ങാനിരിക്കെ നാലുദിവസത്തെ എൻ.എസ്. എസ് ക്യാമ്പ് നടത്തുമെന്ന ഗവൺമെന്റ് തീരുമാനം ഞങ്ങൾ വിദ്യാർത്ഥികൾക്ക് വലിയ മാനസികാഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ധാരാളം പാഠഭാഗങ്ങൾ പഠിപ്പിക്കാൻ ബാക്കിയുണ്ട്. നാലുദിവസം സ്‌കൂളിൽ തങ്ങിയുള്ള ക്യാമ്പാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. അപ്പോൾ ഈ നാല് ദിവസത്തെ ഓൺലൈൻ ക്ലാസുകൾ നഷ്ടപ്പെടും. പരീക്ഷ അടുത്തിരിക്കുന്ന ഈ സമയത്ത് കുട്ടികളിൽ മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കാനേ ഇത്തരം നടപടികൾ ഉപകരിക്കുകയുള്ളൂ. ആയതിനാൽ പരീക്ഷ കഴിഞ്ഞതിനു ശേഷം ക്യാമ്പ് നടത്താൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

അമിത്‌ജ്യോതി. യു. പി
പ്ലസ് വൺ വിദ്യാർത്ഥിനി
ഗവൺമെന്റ് മോഡൽ

ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ
പട്ടം തിരുവനന്തപുരം

ക്ഷീരകർഷകർ ജീവിക്കേണ്ടേ?

കഠിനമായ ജീവിതപ്രയാസങ്ങളിലൂടെയാണ് സംസ്ഥാനത്തെ ക്ഷീരകർഷകർ കടന്നുപോകുന്നത്. കാലിത്തീറ്ര വില ഭീമമായി വർദ്ധിച്ചിരിക്കുകയാണ്. കന്നുകാലികളെ പരിപാലിക്കാൻ വൻതുക മുടക്കേണ്ടി വരുന്ന കർഷകനെ സഹായിക്കാൻ പാൽ വില വർദ്ധിപ്പിക്കേണ്ടതല്ലേ. കുറഞ്ഞ വിലയിൽ കാലിത്തീറ്റ ലഭ്യമാക്കാനും ഒരു നടപടിയും സ്വീകരിക്കുന്നില്ല. ക​ർ​ഷ​ക​ന് ​ത്രി​ത​ല​പ​ഞ്ചാ​യ​ത്ത് ​നല്‌കുന്ന സ​ബ്സി​ഡി​ വെറും 40,000​ ​മാത്രമാണ്. ഈ തുക ഒ​രു​ല​ക്ഷ​മായി വർദ്ധിപ്പിക്കാതെ പിടിച്ചുനിൽക്കാനാവില്ല. ഇന്ധനവില വർദ്ധനയാണ് കാലിത്തീറ്റയുടെ വിലവർദ്ധനയ്‌ക്ക് ഒരു പ്രധാന കാരണമായി നിർമ്മാതാക്കൾ പറയുന്നത്. ഈ സാഹചര്യത്തിൽ കാലിത്തീറ്റയ്‌ക്ക് സബ്സിഡി ഏർപ്പെടുത്തിയേ മതിയാകൂ. കുതിച്ചുയരുന്ന വിലക്കയറ്റത്തിൽ കാലികളെ പരിപാലിക്കാൻ നെട്ടോട്ടമോടുന്ന ഇവരോടുള്ള സർക്കാരിന്റെ അവഗണന ഇനിയെങ്കിലും അവസാനിപ്പിക്കണം. മിൽമയും വില ചാർട്ട് പരിഹരിച്ച് കർഷകരെ ഈ രംഗത്ത് നിലനിറുത്താനുള്ള മനസ് കാണിക്കണം.

മോഹനചന്ദ്രൻ

നെടുവത്തൂർ

ഭക്ഷ്യപരിശോധന

പ്രഹസനം

കേരളം ഭക്ഷ്യവിഷബാധ ഭീഷണിയിലാണ്. ഭക്ഷണസാധനങ്ങൾ കേടാകുന്നതിന് അന്തരീക്ഷത്തിൽ ചൂട് വർദ്ധിച്ചതുൾപ്പടെ പല കാരണങ്ങൾ പറയുന്നുണ്ടെങ്കിലും യാഥാർത്ഥ്യം വളരെ അകലെയാണ്. പല ഹോട്ടലുകളും പഴകിയ ഭക്ഷണസാധനങ്ങൾ വില്ക്കുന്നുണ്ട്. ജനത്തെ വഞ്ചിക്കുന്ന ഈ ഏർപ്പാടിന് സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും മൗനമായ പിന്തുണയുണ്ടെന്നതാണ് ഞെട്ടിക്കുന്ന യാഥാർത്ഥ്യം. ഒരു പാവപ്പെട്ട പെൺകുഞ്ഞിന്റെ ജീവനെടുക്കുന്ന തലത്തിലേക്ക് ഭക്ഷ്യവിഷബാധയുടെ ഗൗരവം വർദ്ധിച്ചപ്പോഴാണ് നാടാകെ പരിശോധന പടർന്നത്. ഈ പരിശോധനാ പ്രഹസനം എത്ര ദിവസത്തേക്കാണെന്ന് കൂടി അധികൃതർ വ്യക്തമാക്കണം.

സംസ്ഥാനത്ത് ആയിരക്കണക്കിന് ഹോട്ടലുകൾ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതായി വിവരമുണ്ട്. ലൈസൻസുള്ളവ പോലും അത്യന്തം വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിക്കുമ്പോൾ ലൈസൻസില്ലാത്തവയുടെ കാര്യം പറയേണ്ടതില്ലല്ലോ.
കാ​സ​ർ​കോ​ട്ട് വിഷബാധയുണ്ടാക്കിയ സ്ഥാപനത്തിന് ​ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​ലൈ​സ​ൻ​സി​ല്ലെ​ന്ന് ​ഇ​പ്പോ​ഴാ​ണ് ​ക​ണ്ടെ​ത്തി​യ​ത്.​ ​ ലാബുകളുടെയും ഉദ്യോഗസ്ഥരുടെയും എണ്ണം വർദ്ധിപ്പിച്ചും പരിശോധന കർശനമാക്കിയും ജനത്തോടുള്ള മിനിമം പ്രതിബദ്ധത നിറവേറ്റാൻ ഇനിയെങ്കിലും സർക്കാർ തയാറാകണം.

പ്രവീണ കെ.ആർ

ചെങ്ങന്നൂർ