ddd

തിരുവനന്തപുരം:പരിമിതികളെ അതിജീവിക്കാൻ പുതിയ പ്രതീക്ഷകളുടെ ചിറകിലേറി 100 ഭിന്നശേഷിക്കുട്ടികൾ ഡിഫറന്റ് ആർട്ട് സെന്ററിന്റെ പടികടന്നെത്തി.സ്‌കൂൾ പ്രവേശനോത്സവത്തിന്റെ കെട്ടും മട്ടുമായാണ് സെന്ററിന്റെ രണ്ടാമത്തെ ബാച്ചിലേക്ക് പുതിയ കുട്ടികളെ സ്വീകരിച്ചത്.മന്ത്രി ഡോ.ആർ.ബിന്ദു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.സംവിധായകനും മാജിക് അക്കാഡമി രക്ഷാധികാരിയുമായ അടൂർ ഗോപാലകൃഷ്ണൻ, സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ്കുമാർ, കിൻഫ്ര ഫിലിം ആന്റ് വീഡിയോ പാർക്ക് ചെയർമാൻ ജോർജ്കുട്ടി അഗസ്റ്റി, വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ ജയഡാളി, പിന്നണിഗായിക മഞ്ജരി, നെസ്റ്റ് ഡയറക്ടർ യൂനസ്, മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് എന്നിവർ കുട്ടികളെ സ്വീകരിച്ചു.


പ്രവേശനോത്സവത്തിന് ഇരട്ടിമധുരവുമായി മഞ്ജരിപ്പാട്ട്

താമരക്കുരുവിക്ക് തട്ടമിട്.. തങ്കക്കിനാവിന്റെ കമ്മലിട്... ഭിന്നശേഷിക്കുട്ടികളുടെ ഇടയിലേക്കിറങ്ങി മഞ്ജരി പാടി.പാട്ടിന്റെ ചടുലതയിൽ പരിമിതികൾ മറന്ന് ഭിന്നശേഷിക്കുട്ടികൾ പാടിയും ആടിയും ഒപ്പം ചേർന്നു.പുതിയ പ്രവേശനം നേടിയ 100 കുട്ടികളുൾപ്പെടെയുള്ള നിറഞ്ഞ സദസിനെയാണ് സെന്ററിലെ സംഗീത വേദിയായ ബീഥോവൻ ബംഗ്ലാവിലെ വിസിറ്റിംഗ് പ്രൊഫസർ കൂടിയായ ഗായിക മഞ്ജരി തന്റെ ആലാപന മികവുകൊണ്ട് കൈയിലെടുത്തത്. പ്രസംഗത്തെക്കാൾ സദസിനെ ഇളക്കിമറിക്കാൻ കഴിയുന്നത് കലയ്ക്കാണെന്ന് മഞ്ജരി തെളിയിച്ചുവെന്ന് മന്ത്രി ഡോ.ആർ. ബിന്ദു അഭിപ്രായപ്പെട്ടു.