moskva

കീവ് : റഷ്യയുടെ കരിങ്കടൽ ഫ്ലീറ്റിലെ അഭിമാന മിസൈൽ വാഹിനി യുദ്ധക്കപ്പലായ മോസ്ക്‌വയെ തകർക്കാൻ യുക്രെയിന് യു.എസിന്റെ സഹായം ലഭിച്ചെന്ന് റിപ്പോർട്ട്. യുക്രെയിൻ സേനയുടെ അഭ്യർത്ഥന പ്രകാരം മോസ്ക്‌വയുടെ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങൾ നൽകിയാണ് യു.എസ് ഇന്റലിജൻസ് വൃത്തങ്ങൾ സഹായിച്ചതെന്നാണ് വിവരം.

എന്നാൽ, മോസ്ക്‌വയെ തകർക്കാനാണ് യുക്രെയിൻ സേന വിവരങ്ങൾ തേടിയതെന്ന വസ്തുത യു.എസിന് ധാരണയുണ്ടായിരുന്നില്ലെന്നും മോസ്‌ക്‌വയെ ആക്രമിക്കാനുള്ള യുക്രെയിന്റെ തീരുമാനത്തിലും യു.എസ് പങ്കാളിയായിരുന്നില്ലെന്നുമാണ് വിവരം. ഒഡേസയുടെ തെക്ക് കരിങ്കടലിൽ റഷ്യൻ യുദ്ധക്കപ്പൽ കണ്ടതോടെയാണ് യുക്രെയിൻ സേന യു.എസിനെ സമീപിച്ചത്. യുദ്ധക്കപ്പൽ മോസ്ക്‌വയാണെന്ന് സ്ഥിരീകരിച്ച യു.എസ് അതിന്റെ കൃത്യ സ്ഥാനമടക്കമുള്ള വിവരങ്ങൾ കൈമാറി. അതേ സമയം, റിപ്പോർട്ട് പെന്റഗൺ തള്ളി. മോസ്ക്‌വയെ സംബന്ധിച്ച നിർദ്ദിഷ്ട വിവരങ്ങൾ തങ്ങൾ യുക്രെയിന് കൈമാറിയിട്ടില്ലെന്ന് പെന്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു.

ഏപ്രിൽ 14നാണ് യുക്രെയിന്റെ നെപ്ട്യൂൺ മിസൈലുകൾ മോസ്‌ക്‌വയെ തകർത്ത് കടലിൽ മുക്കിയത്. മോസ്ക്‌വയിൽ ഗുരുതരമായ പൊട്ടിത്തെറിയുണ്ടായെന്നാണ് റഷ്യ ആദ്യം അറിയിച്ചിരുന്നത്. സ്ഫോടനത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായും 27 പേരെ കാണാനില്ലെന്നും 396 സൈനികരെ കപ്പലിൽ നിന്ന് ഒഴിപ്പിച്ചെന്നും റഷ്യ അടുത്തിടെ സമ്മതിച്ചെങ്കിലും സ്ഫോടന കാരണം റഷ്യ വ്യക്തമാക്കിയിട്ടില്ല.

യു.എസ് ഇന്റലിജൻസ് ഏജൻസികൽ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റഷ്യൻ ജനറൽമാരെ യുക്രെയിൻ വധിക്കുന്നതെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. എന്നാൽ, റഷ്യയുടെ മുതിർന്ന സൈനിക ജനറൽമാരെ കുറിച്ചുള്ള വിവരങ്ങൾ യുക്രെയിന് കൈമാറിയിട്ടില്ലെന്നാണ് യു.എസിന്റെ പ്രതികരണം.

 ക്രാമറ്റോർസ്കിലെ യുക്രെയിൻ ആയുധ സംഭരണശാല തകർത്തെന്ന് റഷ്യ

 കിഴക്കൻ ലുഹാൻസ്കിൽ യുക്രെയിന്റെ രണ്ട് യുദ്ധ വിമാനങ്ങൾ റഷ്യ വെടിവച്ചിട്ടു

 ലുഹാൻസ്കിൽ ഷെല്ലാക്രമണത്തിൽ രണ്ട് മരണം

 യുക്രെയിനിൽ ഇതുവരെ ആശുപത്രികളുൾപ്പെടെയുള്ള 400 ആരോഗ്യ സംവിധാനങ്ങൾ റഷ്യ തകർത്തെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി