sidra

ലഹോർ: പാകിസ്ഥാനിൽ വീണ്ടും ദുരഭിമാനകൊല. ന‌ർത്തകിയും മോഡലുമായ സിദ്ര‌യാണ് കൊല്ലപ്പെട്ടത്. ബന്ധുക്കൾ എതിർത്തിട്ടും മോഡലിംഗും നൃത്തവും ആയി മുന്നോട്ട് പോകാനുള്ള 21കാരിയായ സിദ്ര‌യുടെ തീരുമാനത്തിൽ എതിരഭിപ്രായമുണ്ടായിരുന്ന സഹോദരൻ ഹംസയാണ് സിദ്രയെ വെടിവച്ച് കൊന്നത്. പാകിസ്ഥാനിലെ പഞ്ചാബിലാണ് സംഭവം. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വർഷങ്ങളായി സിദ്ര നൃത്തരംഗത്തും മോഡലിംഗ് രംഗത്തും സജീവമാണെന്ന് പൊലീസ് പറഞ്ഞു. പാകിസ്ഥാനിലെ ഒരു പ്രമുഖ വസ്ത്രസ്ഥാപനത്തിന്റെ പരസ്യങ്ങളിൽ അഭിനയിച്ചിരുന്ന സിദ്ര ചില തിയേറ്ററുകളിൽ നൃത്ത പരിപാടികളും അവതരിപ്പിച്ചിരുന്നു. എന്നാൽ സിദ്ര‌യുടെ കുടുംബാംഗങ്ങൾക്ക് ഇതിനോട് താത്പര്യം ഇല്ലായിരുന്നു.

പെരുന്നാളിന് അവധിക്ക് നാട്ടിലെത്തിയ സിദ്ര‌യുമായി ഇന്നലെ മാതാപിതാക്കളും സഹോദരനും ഇതേച്ചൊല്ലി വഴക്കിട്ടിരുന്നെന്ന് പൊലീസ് അറിയിച്ചു. കുടുംബത്തിന് മാനഹാനിയുണ്ടാക്കുന്നെന്ന് ആരോപിച്ച് ഹംസ സിദ്ര‌യെ ദേഹാപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്ന സിദ്രയെ അന്ന് രാത്രി ഹംസ വെടിവച്ചുകൊല്ലുകയായിരുന്നു.

പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ചെയ്തതാണെന്ന് ഹംസ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സിദ്ര‌യുടെ ഒരു ഡാൻസ് വീഡിയോ ഒരു ബന്ധു അയച്ചുകൊടുത്തത് കണ്ടതിന് ശേഷമാണ് ഹംസ സഹോദരിയെ വകവരുത്തിയത്. സംഭവസ്ഥലത്ത് വച്ച് തന്നെ സിദ്ര മരണമടഞ്ഞു. പാകിസ്ഥാനിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ദുരഭിമാന കൊലപാതകമാണിത്. കഴിഞ്ഞ ഫെബ്രുവരിയിൽ പത്തൊമ്പതുകാരിയായ നർത്തകി അയിഷയെ മുൻ ഭർത്താവ് വെടിവച്ചു കൊന്നിരുന്നു. നിരവധി തവണ എതിർത്തിട്ടും നൃത്തവുമായി മുന്നോട്ട് പോകാനുള്ള അയിഷയുടെ തീരുമാനത്തെതുടർന്നായിരുന്നു കൊലപാതകം.