
പാലക്കാട്: പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ വധക്കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്ത ആർ.എസ്.എസ് ജില്ലാ സഹകാര്യവാഹക് കൊട്ടേക്കാട് എസ് സുചിത്രൻ (32), ജില്ലാ കാര്യകാര്യ ദർശി പള്ളത്തേരി ജി. ഗിരീഷ് (41), മണ്ഡല കാര്യവാഹക് ജിനീഷ് എന്ന കണ്ണൻ (24) എന്നിവരാണ് അറസ്റ്റിലായത്.
ഗൂഢാലോചന, സഹായം, കുറ്റകൃത്യം ഒളിപ്പിയ്ക്കൽ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. ഇന്ന് മൂന്നു പേരെ കൂടി പിടികൂടിയതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി
ആര്‍എസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്നാണ് പ്രതികളുടെ മൊഴി. സുബൈറിനെ കൊലപ്പെടുത്താൻ സഞ്ജിത് മരിച്ച് 11 ദിവസത്തിനകം ആസൂത്രണം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. സഞ്ജിത്തിന്‍റെ സുഹൃത്തായ രമേശാണ് കൊലയാളി സംഘത്തെ ഏകോപിപ്പിച്ചതെന്നും രണ്ട് വട്ടം കൊലപാതക ശ്രമം പരാജയപ്പെട്ടെന്നും എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞിരുന്നു.
സുബൈറിന്റെ ശരീരത്തിൽ 50ൽ അധികം വെട്ടുകളാണ് ഉണ്ടായിരുന്നത്. കഴുത്തിനും കൈക്കും കാലിനും ഏറ്റ ആഴത്തിലുള്ള മുറിവുകളിൽ നിന്നും രക്തം വാർന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്.
അതേസമയം സഞ്ജിത്ത് വധക്കേസിലെ മുഖ്യസൂത്രധാരനായ പോപ്പുലർ ഫ്രേണ്ട് നേതാവ് ബാവ മാസ്റ്ററെ പൊലീസ് ഇന്ന് അറസ്റ്റു ചെയ്തിരുന്നു. ആലത്തൂർ ഗവ. എൽ പി സ്കൂൾ അദ്ധ്യാപകനും പോപ്പുലര്‍ ഫ്രണ്ട് ആലത്തൂർ ഡിവിഷണൽ പ്രസിഡന്റുമായ ബാവ മാസ്റ്ററാണ് അറസ്റ്റിലായത്. സഞ്‌ജിതിനെ കൊല്ലാൻ ഗൂഢാലോചന നടന്നത് ബാവയുടെ നേതൃത്വത്തിലാണ്.