
ഇനി കളി മാറും. വാട്ട്സാപ്പിൽ ഏറ്റവും പേർ കാത്തിരുന്നതും ഇതുവരെ വന്നതിൽ വച്ച് ഏറ്റവും വിപ്ലവകരവുമായ രണ്ട് മാറ്റങ്ങൾ പുറത്ത് വരുന്നു. അതിൽ ഒന്ന് ഇന്നലെ മുതൽ തന്നെ ഉപയോക്താക്കൾക്ക് ലഭിച്ച് തുടങ്ങി. ഇക്കാര്യം വാട്ട്സാപ്പിന്റെ മാതൃ കമ്പനിയായ മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ് തന്നെ ഫേസ്ബുക്കിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു. ഇത് കൂടാതെ ഒരു ഫീച്ചർ കൂടി അധികം താമസിയാതെ വാട്ട്സാപ്പ് അവതരിപ്പിക്കും.
മെസേജ് റിയാക്ഷൻസ്
സന്ദേശങ്ങൾക്ക് തിരിച്ച് സന്ദേശം അയക്കാതെ തന്നെ ഇമോജി ഉപയോഗിച്ച് പ്രതികരിക്കാൻ അനുവദിക്കുന്ന റിയാക്ഷൻസ് എന്ന ഫീച്ചറാണ് ഇതിൽ ആദ്യത്തേത്. ഒരു മെസേജിൽ ടാപ്പ് ചെയ്യുമ്പോൾ അതിനോട് പ്രതികരിക്കാനായി ഇമോജികളുടെ ഒരു ബോക്സ് പ്രത്യക്ഷപ്പെടും. അവയിൽ നിന്ന് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. നിലവിൽ ലൈക്ക്, ലവ്, ചിരി, ആശ്ചര്യം, സങ്കടം, നന്ദി എന്നീ ആറ് റിയാക്ഷനുകളാണ് ലഭിക്കുക. ഈ ഫീച്ചറാണ് ഇന്നലെ മുതൽ ഉപയോക്താകാകൾക്ക് ലഭിച്ചുതുടങ്ങിയത്.

കൈമാറ്റം ചെയ്യുന്ന ഫയലുകളുടെ പരിധി ഇനി രണ്ട് ജിബി
ഇത് കൂടാതെയുള്ള രണ്ട് വലിയ മാറ്റങ്ങളാണ് ഇനി ഉപയോക്താക്കൾക്ക് ലഭിക്കുക. ഫോട്ടോ, വീഡിയോ എന്നിവയുൾപ്പടെയുള്ള ഫയലുകൾ കൈമാറ്റം ചെയ്യുന്നതിനുള്ള ലിമിറ്റ് 100 എംബിയിൽ നിന്ന് രണ്ട് ജിബി ആയി വാട്ട്സാപ്പ് ഉയർത്തിയിട്ടുണ്ട്. ഇത് വിപ്ലവകരമായ ഒരു മാറ്റം തന്നെയാണ്. ഫയലുകൾ സാധാരണ പോലെ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡും ആയിരിക്കും. ഇതിനോടൊപ്പം ഒരു ചെറിയ ഫീച്ചർ കൂടി വരുന്നുണ്ട്. വാട്ട്സാപ്പിൽ ഒരു ഫയൽ ഡൗൺലോഡ് ചെയ്യുകയോ അപ്‌ലോഡ് ചെയ്യുകയോ ചെയ്യുമ്പോൾ അത് തീരാൻ എത്ര സമയമെടുക്കുമെന്നും സ്ക്രീനിൽ കാണിക്കും. നമ്മുടെ ഇന്റർനെറ്റിന്റെ സ്പീഡിന് അനുസരിച്ചാണ് പ്രക്രിയ പൂർത്തിയാവാൻ വേണ്ട സമയം ദൃശ്യമാവുക.

നിലവിൽ 100 എംബിയ്ക്ക് പുറത്തുള്ള ഫയലുകൾ ഷെയർ ചെയ്യാൻ പലരും ഉപയോഗിക്കുന്നത് ടെലിഗ്രാമിനെയാണ്. ഇനി അതിന്റെ ആവശ്യം വരില്ല. എന്നിരുന്നാലും ടെലിഗ്രാമിനെ ഈ ഫീച്ചർ കാര്യമായി ബാധിക്കില്ല. കാരണം വാട്സാപ്പിൽ ഒരു ഫയൽ കൈമാറ്റം ചെയ്യണമെങ്കിൽ ആ ഫയൽ അയക്കുന്ന ആൾ അത് ഡൗൺലോഡ് ചെയ്യണമെന്ന് നിർബന്ധമുണ്ട്. എന്നാൽ ടെലിഗ്രാമിൽ ആ നിബന്ധനയില്ല. ഫയൽ ഡൗൺലോഡ് ചെയ്തില്ലെങ്കിലും അത് ആർക്ക് വേണമെങ്കിലും കൈമാറാം.
ഗ്രൂപ്പിൽ ഇനി 512 അംഗങ്ങൾ
ഏറ്റവും ഒടുവിലത്തെ ഫീച്ചർ വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം സംബന്ധിച്ചതാണ്. നിലവിൽ 256 അംഗങ്ങളെ മാത്രമേ ഒരു ഗ്രൂപ്പിൽ ചേർക്കാൻ സാധിക്കുകയുള്ളു. ഇത് ഇപ്പോൾ 512 ആയി ഉയർത്തിയിട്ടുണ്ട്. ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയത് പലർക്കും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്ന കാര്യമാണ്. പലരും ഇതിൽ കൂടുതൽ അംഗങ്ങളെ ചേർക്കേണ്ട സമയത്ത് ഒന്നിലധികം ഗ്രൂപ്പ് തുടങ്ങുകയാണ് പതിവ്. ഒരു സുപ്രധാന തീരുമാനം കൈക്കൊള്ളേണ്ട സമയത്ത് ഒന്നിലധികം ഗ്രൂപ്പുകൾ കൈകാര്യം ചെയ്ത് കൊണ്ടുപോകേണ്ട അവസ്ഥ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. പുതിയ ഫീച്ചർ ഈ പ്രതിസന്ധിക്ക് വലിയൊരു പരിഹാരമാണ്. ഈ ഫീച്ചർ അധികം താമസിയാതെ തന്നെ പുറത്തിറക്കുമെന്നാണ് വാട്സാപ്പ് അറിയിച്ചിരിക്കുന്നത്. വലിയ കാലതാമസമില്ലാതെ തന്നെ ഇത് ഉപയോക്താക്കൾക്ക് ലഭിക്കുമെന്ന് തന്നെയാണ് ടെക്ക് ലോകത്തെ വിദഗ്ദ്ധരും വിലയിരുത്തുന്നത്.
