
ഉത്തരം കണ്ടെത്താൻ കഴിയാത്ത സങ്കീർണതകളിൽ സ്വയം ഹോമിക്കപ്പെടുമ്പോൾ എല്ലാം വിധി നിശ്ചയമാണെന്നും തലയെഴുത്താണെന്നും
പറഞ്ഞ് ആശ്വസിക്കാൻ ശ്രമിക്കുന്ന സാധാരണ മനുഷ്യന്റെ ധർമ്മ സങ്കടങ്ങളുടെയും വിഹ്വലതകളുടെയും നടനാവിഷ്കാരമാണ്കല്യാണിയുടെ നൃത്തം
സമകാലിക നൃത്തത്തിന് പുതിയ ഭാവുകത്വം ചാർത്തി കല്യാണി ശാരദയുടെ നേതൃത്വത്തിൽ ' തലയെഴുത്ത് " എന്ന നൃത്താവിഷ്കാരം ഇന്ന് (മേയ് എട്ട്) ബംഗളൂരുവിൽ അരങ്ങത്തെത്തും. സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥരും സംസ്ഥാനത്തെ അഡീഷണൽ ചീഫ് സെക്രട്ടറിമാരും ദമ്പതികളുമായ ഡോ.വി. വേണുവിന്റേയും ശാരദ മുരളീധരന്റെയും മകളാണ് കല്യാണി.ഇഹവും പരവും തമ്മിലുള്ള പാരസ്പര്യത്തിന്റെ അനുഭവങ്ങളെയും ആലോചനകളെയും ഐതിഹ്യ സമാനമായ ഭാവങ്ങളെയും സമന്വയിപ്പിച്ച് രൂപം നൽകിയതാണ് കല്യാണിയുടെ നൃത്താവിഷ്കാരം. മനുഷ്യന്റെ ജീവിതാനുഭവങ്ങളും സ്വപ്നങ്ങളും സംത്രാസങ്ങളും അവന്റെ ഇച്ഛയ്ക്ക് വിധേയമായാണോ രൂപപ്പെടുന്നത്? അഥവാ, എല്ലാം ദൈവഹിതമോ, വിധി നിർണയിച്ചതോ ആണോ? സാധാരണ മനുഷ്യന്റെ യുക്തി വിചാരങ്ങൾക്കോ, ചിന്താസാദ്ധ്യതകൾക്കോ വഴങ്ങാത്ത ചോദ്യമാണിത്. മനുഷ്യന്റെ ജീവിതവും അവന്റെ പോരാട്ടങ്ങളും സ്വപ്നങ്ങളും സ്വപ്ന ഭംഗങ്ങളും ഒക്കെ രൂപപ്പെട്ട കാലംമുതൽ സാധാരണ മനുഷ്യനെ അലട്ടിക്കൊണ്ടിരിക്കുന്ന സമസ്യയാണിത്. ഉത്തരം കണ്ടെത്താൻ കഴിയാത്ത സങ്കീർണതകളിൽ സ്വയം ഹോമിക്കപ്പെടുമ്പോൾ എല്ലാം വിധി നിശ്ചയമാണെന്നും തലയെഴുത്താണെന്നും പറഞ്ഞ് ആശ്വസിക്കാൻ ശ്രമിക്കുന്ന സാധാരണ മനുഷ്യന്റെ ധർമ്മ സങ്കടങ്ങൾ മനുഷ്യജന്മത്തോളവും മാനവിക സംസ്കാരത്തോളവും പഴക്കമുള്ളതാണ്. ഇത് സാർവജനീനവും സാർവ ലൗകികവുമാണ്. ഇത്തരം ധർമ്മ സങ്കടങ്ങളുടെയും വിഹ്വലതകളുടെയും നടനാവിഷ്കാരമാണ് കല്യാണിയുടെ നൃത്തം. അച്ഛനും അമ്മയും ഐ.എ.എസ് ജീവിതത്തിന്റെ അധികാരപദവികളിൽ വിരാജിക്കുമ്പോഴും അതിനുപിന്നാലെ ഒാടി മുന്നേറാനോ, ഒാടിത്തളരാനോ അല്ല കല്യാണിയെന്ന പെൺകുട്ടി മോഹിച്ചത്. പതിനൊന്നുകാരിയുടെ മനസിലേക്കും ചിന്തയിലേക്കും ഒരുൾവിളിപോലെ നൃത്തച്ചുവടുകൾ മണികിലുക്കി എത്തുകയായിരുന്നു. ഭരതനാട്യത്തിൽ തുടങ്ങിയ നൃത്താഭ്യാസനം ഏറെ ക്ളേശകരമായിരുന്നു. പുലർച്ചെ വെള്ള കീറുന്നതിനുമുമ്പേതന്നെ ആരംഭിച്ച നൃത്താഭ്യാസത്തിന്റെ ചുവടുകൾ കൈപ്പിടിയിലൊതുക്കാൻ വല്ലാതെ പാടുപെട്ടു.അച്ഛനും അമ്മയും നൽകിയ പ്രോത്സാഹനം പോലും ഫലം കണ്ടില്ലെന്ന് ശാരദ മുരളീധരൻ പറയുന്നു. എന്നാലും ഉള്ളിൽ അണയാത്ത കനൽപോലെ കൊണ്ടുനടന്ന നൃത്തമോഹം കൈവിട്ടുകളയാൻ തയ്യാറായില്ല. കഠിനമായി പരിശ്രമിച്ചു. ചെറുതായൊന്നും ചുവടുപിഴച്ചാൽ, താളം അല്പമൊന്നു മാറിയാൽ അവൾ വല്ലാതെ വെപ്രാളപ്പെട്ടു.
സ്കൂൾ പഠനകാലത്ത് സുരഭിയുമായി ചേർന്ന് തയ്യാറാക്കിയ പ്രോജക്ടിന്റെ ഭാഗമായി ആസ്ട്രേലിയൻ ഭൂഖണ്ഡത്തിലെ ഗോത്ര വർഗങ്ങളുടെ ഐതിഹ്യങ്ങളിൽ നിന്ന് പുതിയൊരു നൃത്തരൂപം പരുവപ്പെടുത്തി. പിന്നീട് ഡൽഹിയിലെ കോളേജ് പഠനകാലത്ത് നൃത്തം തപസ്യയാക്കിമാറ്റി. മദ്ധ്യപ്രദേശിലെ വനപ്രദേശങ്ങളിലും ഡൽഹിയിലെ ചേരികളിലും അത് അവതരിപ്പിച്ചു. നൃത്തത്തിൽ ഇനിയും എന്തോ ഒക്കെ ചെയ്യാനുണ്ട് എന്ന തോന്നലിൽനിന്ന് ആട്ടക്കളരിയിൽ ചേർന്നു. ശില്പശാലകളും പുതിയ പരീക്ഷണങ്ങളുമൊക്കെയായി ഏറെ സഞ്ചരിച്ചു. നൃത്തച്ചുവടുകൾക്ക് പുതിയ രൂപവും ഭാവവും നൽകി. വികാരവിചാരങ്ങളുടെ അലകടൽ ആർത്തിരമ്പുമ്പോഴും ശാന്തയായിരിക്കാനും പെട്ടെന്ന് തന്നെ ആർത്തുല്ലസിച്ച് പാറിപ്പറക്കുന്ന കുഞ്ഞുകുരുവിയെപ്പോലെയാകാനും കഴിയുന്ന വേഷപ്പകർച്ചകളുടെ രാജകുമാരിയാണ് കല്യാണി എന്നാണ് അമ്മ ശാരദാമുരളീധരന്റെ അഭിപ്രായം. മലയാളിയുടെ നൃത്തപ്പെരുമയ്ക്ക് പുതിയ ഭാവുകത്വം സമ്മാനിച്ചുകൊണ്ടാണ് കല്യാണിയുടെ നൃത്തവേദി ഇന്ന് വൈകിട്ട് 6.45 ന് ബംഗളൂരുവിലെ ഇന്റർനാഷണൽ സെന്ററിൽ ഉണരുന്നത്.

സർഗാത്മകതയാൽ അനുഗൃഹീത
കല്യാണി പരിഹസിക്കുമെങ്കിലും ഞങ്ങൾ പറയുന്നത് അവൾ ജന്മനാ ഒരു ലീഡറാണെന്നാണ്. സർഗാത്മകതകൊണ്ട് അനുഗൃഹീതയാണ് അവൾ. പ്രതിസന്ധികളിലോ തകർച്ചകളിലോ അവൾ ഹതാശയാവില്ല. മനോധർമ്മത്തിന്റെ ആശാട്ടിയാണവൾ. സ്വതന്ത്രയുമാണ്. അവളുടെ ജീവിതവുമായി ബന്ധപ്പെട്ട തത്വവിചാരങ്ങൾക്കുചുറ്റും നടക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഒരു വാക്കോ, നോട്ടമോ, ചിന്തയോ അസ്ഥാനത്തായാൽ അവൾക്ക് ഞങ്ങളെ അക്ഷരാർത്ഥത്തിൽ അസ്തപ്രജ്ഞരാക്കാൻകഴിയും. ഒരുനിമിഷം അവൾ ആർത്തുല്ലസിച്ച് പാറിപ്പറക്കുന്ന കുഞ്ഞുക്കുരുവിയെപ്പോലെയാണ്. അടുത്ത നിമിഷം ചിന്താമഗ്നയായി ഇരിക്കാനും കഴിയും. ചിലപ്പോൾ തമാശകൾ പൊട്ടിക്കുന്നത് അവിശ്വസനീയമായി തോന്നും. ചില സമയങ്ങളിൽ എല്ലാം തുറന്നടിച്ച് പറയും. തൊട്ടടുത്ത നിമിഷം ഏറ്റവും ആഴത്തിലുള്ള വികാര വിചാരങ്ങൾ അമ്മയിൽ നിന്നുപോലും മറച്ചുവയ്ക്കാൻ കഴിയും. ശരിക്കും വേഷപ്പകർച്ചയുടെ മാസ്റ്റർ തന്നെയാണ്. ഗൂഢാത്മകവഴികളിലൂടെയാണ് അവൾ ലോകവുമായി സംവദിക്കുന്നത്."-ശാരദ മുരളീധരൻ പറയുന്നു.ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ എം.എ നേടിയ കല്യാണി ഇപ്പോൾ ബംഗളൂരുവിലാണ് താമസം.ഓൺലൈനിൽ ഡാൻസ് ക്ലാസുകൾ എടുക്കുന്നുണ്ട്.മക്കളെ അവരുടെ അഭിരുചിക്കനുസരിച്ച് വിടുകയെന്നതാണ് വേണുവിന്റെയും ശാരദയുടെയും കാഴ്ചപ്പാട്. കാർട്ടൂണിസ്റ്റും ചിത്രകാരനുമായ ഒരു മകൻ കൂടി ഈ ദമ്പതികൾക്കുണ്ട്.