
കട്ടപ്പന : വാഴവരയിൽ ഏലത്തോട്ടത്തിൽ ഒരാഴ്ച്ചയോളം അന്തിയുറങ്ങിയ പെൺകുട്ടികളെയും മാതാവിനെയും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. വാഴവര സ്വദേശിനിയായ വീട്ടമ്മയാണ് ഏഴു വയസ്സിൽ താഴെയുള്ള മൂന്ന് പെൺകുട്ടികളുമായി കുടുംബ പ്രശ്നത്തെ തുടർന്ന് വീടുവിട്ടിറങ്ങി അടുത്തുള്ള ഏലത്തോട്ടത്തിൽ അഭയം പ്രാപിച്ചത്.
സാരി കൊണ്ടു മറച്ച് കുട്ടികളെ അതിനുള്ളിൽ ഇരുത്തിയ ശേഷം മാതാവ് കൂലിപ്പണിക്ക് പോകും. ഇങ്ങനെ ഒരാഴ്ച്ചയായി ഏലത്തോട്ടത്തിലാണ് കഴിഞ്ഞത്. കഴിഞ്ഞ രാത്രിയിൽ കുട്ടികളുടെ കരച്ചിൽ കേട്ട് അടുത്തുള്ളവർ തോട്ടത്തിൽ തിരച്ചിൽ നടത്തിയപ്പോഴാണ് നാലുപേരെയും കാണാനിടയായത്. ഉടനെ തന്നെ വാർഡ് കൗൺസിലറെ വിവരം അറിയിക്കുകയും തുടർന്ന് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുകയുമായിരുന്നു.
മൂന്ന് കുട്ടികളെയും മാതാവിനെയും സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റിയതായി ചൈൽഡ് ലൈൻ അറിയിച്ചു. നാട്ടുകാരുടെയും നഗരസഭയുടെയും സഹായത്തോടെ ഇവർക്ക് വീട് നിർമ്മിച്ചു കൊടുക്കുവാനും തീരുമാനിച്ചിട്ടുണ്ട്. പെൺകുട്ടികളുടെ സൗജന്യ പഠനത്തിനായുള്ള സൗകര്യവും ചൈൽഡ്ലൈൻ ഏർപ്പെടുത്തി നൽകും. ചൈൽഡ്‌ലൈൻ സെന്റർ കോ-ഓർഡിനേറ്റർ പ്രിന്റോ മാത്യു, ഓഫീസർ ജെസ്സി ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് സുരക്ഷ ഒരുക്കിയത്.