ജില്ലാ ഭരണത്തിന്റെ തിരക്കുകൾക്കിടയിലും കഥകളി അവതരിപ്പിച്ച് ശ്രദ്ധേയയായ വയനാട് കളക്ടർ എ.ഗീത സംസാരിക്കുന്നു

അരങ്ങിൽ കളക്ളർ എ. ഗീത
കഥകളി അവതരിപ്പിച്ച് ഒരു കളക്ടർ. ഇരുപത് വർഷമായി തേയ്മാനം സംഭവിച്ച വലതുകാൽ വച്ച് വയനാട് ജില്ലാ കളക്ടർ എ.ഗീത ദമയന്തിയായി നടത്തിയ അരങ്ങേറ്റം ആസ്വാദകർക്ക് പുതിയൊരു അനുഭവമായി. നളചരിതം ഒന്നാം ദിവസത്തെ ചെറിയൊരു ഏടാണ്, അതായത് പന്ത്രണ്ടുകാരിയായ ദമയന്തിയുടെ ഭാവമാണ് അമ്പതുകാരിയായ കളക്ടർ ചെയ്തത്.വയനാടിന്റെ ദേശീയോത്സവമായ വളളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു അത്.
''എനിക്കൊന്നും അറിയില്ല.ദമയന്തിയായി വേഷം കെട്ടി തൊട്ടടുത്ത വളളിയൂരമ്മയെ നടയിൽ ചെന്ന് തൊഴുത് സ്റ്റേജിൽ കയറിയതേ ഒാർമ്മയുള്ളൂ. ജില്ലാ കളക്ടറായതു കൊണ്ട് ജില്ലാ പൊലീസ് മേധാവി അടക്കം ജില്ലാ ഭരണകൂടത്തിലെ പ്രധാനപ്പെട്ടവരെല്ലാം മുന്നിലുണ്ടായിരുന്നു. അതൊന്നും ഗീത എന്ന കലാകാരിക്ക് കാണാൻ കഴിഞ്ഞില്ല. മനസിൽ ആ ദമയന്തി മാത്രം.ഒാഫീസ് ജോലിയിൽ നൂറിൽ നൂറ് ശതമാനവും കൃത്യത. ദമയന്തി വളളിയൂർക്കാവ് ക്ഷേത്ര മുറ്റത്ത് പുനർജനിക്കുകയായിരുന്നു. അവതരണത്തിന് ശേഷം നീണ്ടകരഘോഷം.തുടർന്ന് ആശാന്റെ കരം പിടിച്ച് വേഷത്തോടെ തന്നെ ദേവീസന്നിധിയിലേക്ക്.നന്ദി പറയാൻ.ദമയന്തിയായി അലിഞ്ഞതോടെ എല്ലാം മറന്നു.വലതുകാലിന്റെ കഠിനമായ വേദന പോലും.
കഥകളി പഠിക്കാൻ പ്രായം ഒരു പ്രശ്നമല്ല. അതിനോടുള്ള ഇഷ്ടം, പിന്നെ ആത്മാർത്ഥത അതുണ്ടായാൽ എല്ലാം ഭദ്രം. പിന്നെ പഠിപ്പിക്കുന്ന ഗുരുനാഥന്റെ കൈയിലാണ് എല്ലാം.ജില്ലാ കളക്ടർ എ. ഗീതയ്ക്ക് ലഭിച്ചതും അങ്ങനെയൊരു അനുഗ്രഹമായിരുന്നു. പതിന്നാല് ജില്ലാ കളക്ടർമാരിൽ ഏറേപ്പേരും കലാകാരികൾ.കളക്ടർമാരായ ദിവ്യയും ഹരിതയും ചെറുപ്പക്കാരികൾ.അവരുടെ കഴിവ് എത്ര വലുതാണ്.അതിമനോഹരമായി ആടുകയും പാടുകയും ചെയ്യുന്നു. പക്ഷേ,അവരൊക്കെ ചെറുപ്പക്കാരികൾ.എനിക്ക് പ്രായമായി. ഇൗ പ്രായത്തിൽ വയ്യാത്ത കാലും വച്ച് എനിക്ക് ഇത് ചെയ്യാമെങ്കിൽപ്പിന്നെ ആർക്കാണ് ചെയ്യാൻ പറ്റാത്തത്?ഗീത ചോദിക്കുന്നു.
സഹപ്രവർത്തകരുടെ പിന്തുണയാണ് കഥകളി അവതരിപ്പിക്കാൻ ഏറ്റവും സഹായകമായത്. കഥകളി പഠിച്ച ഡെപ്യൂട്ടി പ്ളാനിംഗ് ഒാഫീസർ സുഭദ്ര നായർ, രതി സുധീർ, ദീപ, ബിന്ദു, അപർണ എന്നിങ്ങനെ ആറ് പേർ ഒത്തുകൂടി. കളക്ടറേറ്റിലെ ജോലി കഴിഞ്ഞ് രാത്രി എട്ടരയ്ക്ക് ശേഷം തിരുവാതിരയും മറ്റും പരിശീലിക്കാൻതുടങ്ങി.ജില്ലാ കളക്ടർ എ.ഗീതയ്ക്ക് ചെറുപ്പം മുതലേ ഡാൻസ് അറിയാം. രാത്രി പന്ത്രണ്ട് മണിവരെ ഡാൻസ് പ്രാക്ടീസ്. അപ്പോഴാണ് വളളിയൂർക്കാവ് ഉത്സവം വന്നെത്തിയത്.കോട്ടക്കൽ ഉണ്ണി ആശാനെ വച്ച് കഥകളി പഠിച്ചാലോ എന്ന ചിന്ത സുഭദ്ര നായരായിരുന്നു ജില്ലാ കളക്ടറെ അറിയിച്ചത്.വിവരം കേട്ടയുടൻ തന്നെ ഉണ്ണി ആശാൻ ഒാടിയെത്തി.കളക്ടറേറ്റിൽ വച്ച് തന്നെ ദക്ഷിണയും നൽകി. പിന്നെ ആശാൻ വന്നത് രണ്ടേ രണ്ട് തവണ മാത്രം.പദം പോലും ഒാൺലൈനിൽ പറഞ്ഞ് കൊടുത്തു.എന്നും രാത്രിയാണ് പരിശീലനം.പട്ടയമേളയുടെ തിരക്കിനിടയിലായിരുന്നു ഇതൊക്കെ.അതും ചുരുക്കം ദിവസങ്ങളിൽ.
എല്ലാത്തിനും വളളിയൂരമ്മയോടും പിന്നെ സ്വന്തം അമ്മ അമ്മിണിയോടും കടപ്പെട്ട ജീവിതം.ഇൗ കസേരവരെ എത്തിയതിന് പിന്നിൽ അമ്മയുടെ ശിക്ഷണമുണ്ട്.എനിക്കും സഹോദരി പ്രീതിക്കും അമ്മയാണ് വഴികാട്ടി.

ഭർത്താവ് എസ്.ജയകുമാറും എ. ഗീതയും
എ. ഗീതയ്ക്ക് ഒന്നര വയസുളളപ്പോൾ പൊലീസ് ഉദ്യോഗസ്ഥനായ അച്ഛൻ സുകുമാരൻ നായർ ഒരു അപകടത്തിൽ മരിച്ചു . അഞ്ച് വയസുളളപ്പോൾ അമ്മ അമ്മിണി രണ്ടാമതൊരു വിവാഹം കഴിച്ചു ശാസ്തമംഗലത്ത് സ്വന്തമായി ഉണ്ടായ വീട് ഒഴിവാക്കി ,തിരുവനന്തപുരത്ത് നിന്ന് നേരെ ചെന്നൈയിലേക്ക്.രാമകൃഷ്ണമിഷന്റെ കീഴിലുളള സ്ഥാപനത്തിലായിരുന്നു വിദ്യാഭ്യാസം.പഠിത്തത്തോടൊപ്പം പാഠ്യേതരവിഷയങ്ങളിലും അമ്മ വിട്ടുവീഴ്ചക്കില്ലായിരുന്നു. ഇരുപത് വയസുവരെ ഡാൻസ് പഠിച്ചു.നന്നായി വീണയും വായിക്കും.ഇടയ്ക്ക് വളർത്തച്ഛന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ഹൈദരാബാദിലേക്ക്.വീണ്ടും ചെന്നൈയിലേക്ക് തന്നെ തിരിച്ചെത്തി. വളർത്തച്ഛന്റെ ചെറിയ ശമ്പളത്തിലായിരുന്നു പഠനവും കലയും എല്ലാം.വാടക വീട്ടിലായിരുന്നു താമസം.പിന്നെ ഒരു വീട് പണിതു.കടം കയറിയപ്പോൾ അതും വിൽക്കേണ്ടി വന്നു.ഫുഡ് കോർപ്പറേഷനിൽ നിന്ന് അസി. മാനേജരായിട്ടാണ് വളർത്തച്ഛൻ വിരമിച്ചത്.കഷ്ടപ്പെട്ട് തന്നെയായിരുന്നു ജീവിതം.ഇതിനിടയിലാണ് ഇൗ നേട്ടങ്ങളെല്ലാം ഗീത കരസ്ഥമാക്കിയത്.എൽ.എൽ.ബിക്ക് ഗോൾഡ് മെഡൽ ജേതാവായിരുന്നു.ഇപ്പോൾ തിരുവനന്തപുരം വെളളനാട് വി.എച്ച്. എസ്.എസിലെ പ്രിൻസിപ്പലായ സഹോദരി പ്രീതയും റാങ്ക് ഹോൾഡറാണ്.തന്നെപ്പോലെ മിടുക്കിയാണ് സഹോദരിയും.1988ൽ ക്ളാർക്കായാണ് സർവീസിൽ കയറിയത്.ജില്ലാ കളക്ടർ എന്ന പദവിയിലേക്ക് എത്തുന്നതിന് മുമ്പ് അഞ്ച് തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്. ഇൗ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അത് സ്വന്തമായി കഴിവ് ഉപയോഗിച്ച് മാത്രമാണെന്ന് കളക്ടർ എ.ഗീത പറയുന്നു .ദമയന്തിയുടെ ഒന്നാം ദിവസം പൂർണ്ണമായി ചെയ്യണമെന്നുണ്ട്.അതേ പോലെ ഒരു പുരുഷ വേഷവും കെട്ടണം.ശ്രീകൃഷ്ണനായി വരണമെന്നും മനസിലുണ്ട്.
ഭർത്താവ് റിട്ട.ലാ സെക്രട്ടറിയായ തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശി എസ്.ജയകുമാറും ബംഗളൂരുവിൽ ഐ.ടി.ഉദ്യോഗസ്ഥനായ മകൻ വിശ്വനാഥനും സഹോദരി പ്രീതയും കുടുംബവും എല്ലാം വലിയ പ്രോത്സാഹനമാണ് നൽകുന്നത്. സമ്മർദ്ദങ്ങൾ മറികടക്കാനുളള മരുന്നാണ് നൃത്തവും പാട്ടുമെല്ലാം.വയനാട് ജില്ലയിൽ ജോലി ചെയ്യുന്ന സ്ത്രീകളിൽ ഭൂരിപക്ഷവും വിവിധ ജില്ലകളിൽ നിന്നുളളവരാണ്.പലരും വന്ന് പല സങ്കടങ്ങളും പറയും.വനിതാ സെൽ ഇൻസ്പെക്ടർ മുതൽ ജില്ലാ മെഡിക്കൽ ഒാഫീസർവരെയുളളവരെ ഉൾപ്പെടുത്തി വയനാട് ഗേൾസ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്.വയനാട് സബ് കളക്ടർ ശ്രീലക്ഷ്മി നല്ലൊരു കർണാടക് സംഗീതജ്ഞകൂടിയാണ്.കഥകളി വേഷം കെട്ടിയപ്പോൾ നിഴൽ പോലെ അവർ കൂടെ ഉണ്ടായിരുന്നു.
ജില്ലാകളക്ടറുടെ ഫോൺ നമ്പർ: 9447204666
ലേഖകന്റെ ഫോൺ നമ്പർ: 9447204774