
തൃശൂർക്കാരുടെ രക്തത്തിലലിഞ്ഞു ചേർന്നിരിക്കുന്ന വികാരമാണ്, പൊക്കിൾക്കൊടി ബന്ധമാണ് തൃശൂർപൂരം. ലോകത്തിലെവിടെയായാലും പൂരമെന്നു കേൾക്കുമ്പോഴോ, പൂരത്തോടു ബന്ധപ്പെട്ടതെന്തെങ്കിലും കാണുമ്പോഴോ അവർക്ക് കടുത്ത ഗൃഹാതുരത്വം അനുഭവപ്പെടും, നാട്ടിലേക്കോടിയെത്തണമെന്നാവും,ഏതെങ്കിലുമൊരു വിധത്തിൽ പൂരത്തിന്റെ ഭാഗമാകാൻ കൊതിക്കും. തന്റെ അഭാവത്തിൽ കഴിഞ്ഞു പോകുന്ന പൂരക്കാലങ്ങളോരോന്നും അവരുടെ വേദനയാണ്.ഒരാൾഏതു തരക്കാരനോ /കാരിയോ ആകട്ടെ; പൂരത്തിന് ആ താല്പര്യത്തെ തൃപ്തിപ്പെടുത്താനുള്ളതൊക്കെയുമുണ്ട്. കാഴ്ചകളിൽ ഭ്രമിക്കുന്നവർക്ക് അങ്ങനെ- തിളയ്ക്കുന്ന വെയിലിൽ വെട്ടിത്തിളങ്ങുന്ന സ്വർണാഭയുള്ള നെറ്റിപ്പട്ടങ്ങൾ,അവയേന്തിയ അനേകം ഗജവീരന്മാർ , അവരുടെ പ്രൗഢഗംഭീരമായ നിൽപ്പ്, നടപ്പ് ,ആലവട്ടം,വെഞ്ചാമരം ,പന്തലുകൾ, അവയിലെ വൈവിദ്ധ്യം,ദീപാലങ്കാരങ്ങൾ , ദശലക്ഷം ആളുകൾ ... നിങ്ങളൊരു കേൾവിക്കാരനാണോ? എത്രയെത്ര വാദ്യ, താളോപകരണങ്ങൾ, താളങ്ങൾ, താളവട്ടങ്ങൾ, താളഭേദങ്ങൾ , എത്ര സങ്കലനങ്ങൾ, മുറുക്കങ്ങൾ, പെരുക്കങ്ങൾ ,വിശ്രാന്തികൾ അവയുടെ മാസ്മരിക സ്വാധീനത്തിൽ അന്തരീക്ഷത്തിലേക്കുയരുന്ന അനേകമനേകം കൈവിരലുകളിൽ അകമ്പടി വായനകൾ, ദേശത്തിന്റെ പലഭാഗങ്ങളിൽ നിന്നും അന്നേ ദിവസംമാത്രം ഒത്തുകൂടുന്നവരായ അസംഖ്യം ഉപകരണസംഗീതജ്ഞരുടെ ഒന്നിച്ചുള്ള , പിഴവുപറ്റാത്ത, ശക്തമായ, ഭദ്രമായ അടിത്തറയിൽ പണിത വാദ്യതാളതരംഗങ്ങളുടെ മനോഹരമായ, ത്രസിപ്പിക്കുന്ന സിംഫണി. പാണ്ടിയെന്നോ പഞ്ചാരിയെന്നോ പേരിട്ടുവിളിക്കാനുള്ള അറിവില്ലാത്തവരുടെ പോലും ഹൃദയതാളത്തെ ഉത്സാഹഭരിതമാക്കുന്ന വേലിയേറ്റങ്ങൾ, ഇറക്കങ്ങൾ ... നിങ്ങളിലെ നിരീക്ഷകനുമുണ്ട് , ആവോളം വിരുന്ന് : എത്രയെത്ര മുഖങ്ങൾ, ഭാവങ്ങൾ , ഭാവഭേദങ്ങൾ , വികാരങ്ങൾ, ഒറ്റക്ക് വരുന്നവർ, കൂട്ടുകാർക്കൊപ്പം, കുടുംബത്തോടൊപ്പം പൂരമാസ്വദിക്കുന്നവർ, അവരുടെ സന്തോഷങ്ങൾ, കരുതലുകൾ , ചേർത്തുപിടിക്കലുകൾ, ആദ്യമായി ആനയെ അടുത്തു കാണുന്ന കുഞ്ഞിന്റെ കണ്ണിലെ അത്ഭുതം , തിളക്കം ; തളർത്തുന്ന വെയിലിനോടുള്ള പരിഭവം, ആൾക്കൂട്ടത്തിലെങ്കിലും പൂരമോടികളിലൊന്നും മനസുകൊണ്ടോ ശരീരംകൊണ്ടോ പങ്കെടുക്കാൻ കഴിയാത്ത ചില വിഷാദികൾ, ദുഃഖിതർ, ഏകാകികൾ ; വഴിവാണിഭക്കാർ , കൈനോട്ടക്കാർ , തെരുവുസർക്കസുകാർ, സംഭാരം, കടല, കപ്പലണ്ടി, ഐസ് വില്പനക്കാർ ...
.....................................................................
ഒന്നര ദിവസം നീണ്ടുനിൽക്കുന്ന പൂരാനുഭവങ്ങൾ എഴുതുക എളുപ്പമല്ല.അച്ഛനായിരുന്നുഎനിക്ക് പൂരത്തെ പരിചയപ്പെടുത്തിത്തന്നത് . കുട്ടിക്കാലത്ത് അച്ഛനോടൊപ്പമുള്ള പൂരത്തിനുള്ള പോക്ക് അത്ര ഇഷ്ടത്തോടെയൊന്നുമായിരുന്നില്ല എന്നതായിരുന്നു സത്യം. ഏകദേശം മൂന്നു കിലോമീറ്ററുണ്ട് പൂരപ്പറമ്പിലേക്ക്. പൂരദിവസം വാഹനങ്ങൾക്ക് അതിനു സമീപത്തേക്ക് പ്രവേശനമില്ല. അതിനാൽ ചൂടിലും വെയിലിലും അങ്ങോട്ടുമിങ്ങോട്ടും നടക്കുക തന്നെ. ദാഹിക്കും, വിശക്കും. ഒരു രക്ഷയുമില്ല. ഒന്നും വാങ്ങിത്തരില്ല. ചോദിയ്ക്കാൻ ഭയവും. ഓരോ തവണ അച്ഛൻ കാണിച്ചു തന്നത് പൂരത്തിന്റെ ഓരോ വശങ്ങളായിരുന്നു.ചിലപ്പോൾ മഠത്തിൽ വരവ്, മറ്റൊരിക്കൽ ഇലഞ്ഞിത്തറമേളം, പാറമേക്കാവ് ദേവിയുടെ പുറപ്പാട് , ചെറുപൂരങ്ങൾ , ഒന്നോ രണ്ടോ തവണ മാത്രം കുടമാറ്റവും. വലിയ തിരക്കിൽ ആരുമല്ലാതെ, പലരിൽ ഒരാൾ മാത്രമായി നിൽക്കുമ്പോൾ തോന്നുന്ന ഒരു ലാഘവമുണ്ട്. നാമെത്ര നിസാരരാണെന്ന തിരിച്ചറിവുണ്ടാക്കും അത്. സ്ത്രീകൾ, പെൺകുട്ടികൾ പൂരത്തിന് പോകുന്നത് അപകടമാണ്, പ്രോത്സാഹിപ്പിക്കേണ്ടതില്ലാത്തകാര്യമാണ് എന്നൊക്കെ ഇക്കാലത്തും കരുതുന്നവരുണ്ട് . അപ്പോഴാണ് അങ്ങനെയുള്ള ഒരു ചിന്തയുടെ, ഭയത്തിന്റെ തരിമ്പുപോലും മനസിലേക്കിടാതെ അച്ഛനെന്നെ കൊണ്ടുപോയിട്ടുള്ളത് എന്നത് ഏറെ അഭിമാനമുണ്ടാക്കുന്നുണ്ട്.അങ്ങനെ പൂരത്തോടുള്ള ആഭിമുഖ്യവും താല്പര്യവും ഞാനറിയാതെ എന്നിൽ വളർന്നു.പൂരം നാൾ എപ്പോഴെങ്കിലും ഒന്ന് പോയി വന്നില്ലെങ്കിൽ ഇരിക്കപ്പൊറുതിയില്ലെന്നായി.അത് അടുത്ത തലമുറയിലേക്കും സ്വാഭാവികമായി പകർന്നു കിട്ടി.എന്റെ രണ്ടു മക്കൾക്കും അത്യാവശ്യം പൂരപ്രാന്തുണ്ട്. തികഞ്ഞ ആസ്വാദകരാണ്. പൂരത്തിനു അവർക്കു വീട്ടിലിരിക്കാനാവില്ല. ആദ്യാവസാനക്കാർ. രാവിലെ ഇറങ്ങിയാൽ വെടിക്കെട്ടും കഴിഞ്ഞു തിരിച്ചു വന്ന് തളർന്നു കിടന്നുറങ്ങുന്ന സുഖവും കൂടി ചേർന്നതാണ് അവരുടെ പൂരം.( ഞാനിതുവരെ വെടിക്കെട്ടിന് പോയിട്ടില്ല. ഉറക്കമിളക്കലും ശബ്ദവും ഒന്നും എന്നാലേ താങ്ക മുടിയാത്) ഇപ്പോൾ മൂത്തയാൾ യു. കെ യിലാണ് ." കുറച്ചു ലീവ് ഉണ്ടായിരുന്നെങ്കിൽ പൂരത്തിന് എങ്ങനെയെങ്കിലും വന്നേനെ" എന്നവൻ നെടുവീർപ്പിടുന്നു.കൊവിഡ് കാരണം രണ്ടു വർഷമായി ഉണ്ടാകാത്ത പൂരം ഇതാ വീണ്ടും. പല പല ആശങ്കകൾക്കും ഇച്ഛാഭംഗങ്ങൾക്കുമിടയിൽനിന്ന് ഉത്സാഹത്തിന്റെയും പ്രതീക്ഷയുടെയും നാമ്പുകൾ തലപൊക്കുന്നു.ടൗണിലും പരിസരത്തും തിരക്കേറുന്നു. ജനം തമ്മിൽത്തമ്മിൽ പറയുന്നു, 'ഇനിയെല്ലാം പൂരം കഴിഞ്ഞ് ."
( കവയിത്രിയാണ് ലേഖിക)