
ലോകം മുഴുവൻ തിമിർത്തു പെയ്തു തോർന്ന ഒരു മഹാമാരിക്കുശേഷം മേയ് 10ന് വ്യാഴാഴ്ച ഭൂമുഖത്തെ ഏറ്റവും നയനാനന്ദമായ കാഴ്ചയുടെ വിസ്മയം തൃശൂർ പൂരം വീണ്ടും അരങ്ങേറുകയാണ്. രണ്ടുവർഷത്തിനുശേഷം...
ജാതിയും മതവും ദേശവും ഭാഷയും വ്യത്യാസമില്ലാതെ ആളുകൾ തമ്മിൽ വലിപ്പചെറുപ്പമില്ലാതെ കുട്ടിയെന്നോ മുതിർന്നവരെന്നോ വിദേശിയെന്നോ സ്വദേശിയെന്നോയില്ലാതെ ലോകം മുഴുവനുമുള്ള എല്ലാ മനുഷ്യരും പങ്കെടുത്ത് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മനസിനെ പങ്കിടുന്ന ഏറ്റവും വലിയ ആഘോഷമാണ് തൃശൂർ പൂരം. തൃശൂർ പൂരം അക്ഷരാർത്ഥത്തിൽ പങ്കിടലാണ്. പങ്കിടൽ എന്ന വാക്കിനെ ഈ ഓൺലൈൻ കാലത്ത് ഷെയറിംഗ് എന്ന പേരിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന നമ്മളോട് അഭിമാനത്തോടെ ഞാൻ പറയട്ടെ, ഏറ്റവും വലിയ പങ്കിടലാണ് തൃശൂർ പൂരം.
മഠത്തിൽ നിന്നുള്ള വരവും ഇലഞ്ഞിത്തറമേളവും ക്ളാസിക്കൽ കലകളാണ്. ക്ളാസിക്കൽ കലകളിൽ തന്നെ ഏറ്റവും മുകളിൽ നിൽക്കുന്ന താളവാദ്യങ്ങളുടെ മഹാ സിംഫണിയാണ് ഇലഞ്ഞിത്തറമേളം. കേൾവികേട്ട ദേവവാദ്യമാണ് പഞ്ചവാദ്യം. ഈ രണ്ടു നാദ വിസ്മയങ്ങളും മലയാളിയെ സംബന്ധിച്ച് അവരുടെ ഹൃദയതാളമായി മാറുകയാണ്. തൃശൂരിൽ പൂരത്തിനു വന്നു കൊട്ടിക്കയറുന്നത് പുകൾപെറ്റ കലാകാരന്മാരാണ്. അവരെ അണിനിരത്തി പൂരത്തിന്റെ ക്ളാസിക്കൽ കലകൾ അവതരിപ്പിക്കുമ്പോൾ നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ നമ്മുടെ മുൻഗാമികൾ പറഞ്ഞ വാക്കാണ്, തൃശൂർ പൂരം ക്ളാസാണ്. അതായത്, ക്ളാസിക്കൽ കലകളുടെ സംഗമസ്ഥാനമാണ്. പുതിയ കാലത്ത് തൃശൂർ പൂരത്തെപ്പറ്റി പറയുന്നത് തൃശൂർ പൂരം കളറാണ്, എന്നാൽ നമക്ക് ഇതങ്ങ്ട് കളറാക്കിയാലോ. സംഗതി കളറാണട്ടോ എന്നു മലയാളി പറയാൻ ശീലിച്ചത് തൃശൂർ പൂരം കണ്ടിട്ടാണ്. പൂരത്തിന്റെ കുടമാറ്റം കണ്ടിട്ടാണ്.
വെടിക്കെട്ടിനുമുണ്ട് അതിന്റേതായ താളം.ആന ആണ് ഏറ്റവും ആകർഷകമായ തൃശൂർ പൂരത്തിന്റെ സവിശേഷത. ആനച്ചുവട്ടിലിരിക്കുന്നവരെ ആരും ശ്രദ്ധിക്കാറില്ല. മേളം, പഞ്ചവാദ്യം, ആന, കുടകൾ, വെടിക്കെട്ട് ഇതിന്റെയെല്ലാം സമൃദ്ധിയുണ്ട്. വടക്കുംനാഥ സന്നിധിയുടെ ചുറ്റുമുള്ള അറുപത്തിനാലു ഏക്കറിൽ നടക്കുന്ന വിസ്മയമാണ് തൃശൂർ പൂരം. നാഥനായ സാക്ഷാൽ വടക്കുംനാഥന്റെ സന്നിധിയിൽ നടക്കുന്ന പൂരം. എല്ലാത്തിനുമപ്പുറം സ്നേഹത്തിന്റെ സന്ദേശമാണ്. പൂരത്തിന്റെ മേളത്തിൽ പങ്കെടുക്കുന്നവരും വെടിക്കെട്ട് നടത്തുന്നവരും ആനപ്പുറത്തു കയറുന്നവരും പന്തം പിടിക്കുന്നവരും കുടകൾ പിടിക്കുന്നവരും കോലവും ആലവട്ടവും വെഞ്ചാമരവും വീശുന്നവരും എല്ലാവരും പൂരത്തിന്റെ ആരാധകരാണ്. ഒപ്പം ആസ്വാദകരുമാണ്. മുപ്പത്തിആറു മണിക്കൂർ നീണ്ടുനിൽക്കുന്ന പൂരം എന്റെ മനസിൽ ആദ്യമായി കുടിയേറുന്നത് അഞ്ചാം വയസിലാണ്. അന്നു മുതൽ ഞാൻ കാണാൻ തുടങ്ങിയ പൂരത്തിന് അഞ്ചര പതിറ്റാണ്ടിന്റെ നീളമുണ്ട്. 'കയ്യിൽ മുറുക്കി പിടിക്കണം ട്ടാ... " എന്നു പറഞ്ഞ് അച്ഛന്റെ കയ്യിൽ പിടിച്ചുകൊണ്ടു കാണാൻ തുടങ്ങിയതാണ് തൃശൂർ പൂരം. ഓരോ വർഷം കഴിയും തോറും പൂരം അതിന്റെ മികവും മേന്മയും പൊലിമയും അന്തസും തറവാടിത്തവും കൂടുതൽ കൂടുതൽ ഉയർത്തിപ്പിടിച്ചോണ്ട് പൂരം നമ്മളിലേക്ക് എത്തുന്നു.
തൃശൂർ പൂരം മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ അവർണനീയമാണ്. അതു അനുഭൂതിയാണ്. പൂരത്തിൽ അലിഞ്ഞു ചേരലാണ്. അതാണ് എന്റെ പൂരം. നിങ്ങളുടെയും പൂരം. നമ്മുടെ പൂരം. ചുരുക്കിപ്പറഞ്ഞാൽ മ്മ്ടെ പൂരം.